ദേശീയ പാത വികസനത്തിന് തറക്കല്ലിടുേമ്പാൾ കീഴാറ്റൂരിൽ വയൽക്കിളികളുടെ പ്രതിഷേധം
text_fieldsകണ്ണൂർ: ഏറെക്കാലത്തെ തിളച്ചുമറിഞ്ഞ സമരച്ചൂടിനുശേഷം കീഴാറ്റൂർ കുറച്ചുകാലങ്ങളായി ശാന്തമായിരുന്നു. ദേശീയ പാത വികസനത്തിന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിയും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും തറക്കല്ലിടുേമ്പാൾ ശാന്തത കൈവെടിഞ്ഞ് വയൽക്കിളികളുടെ പ്രതിഷേധം ഉണർന്നു. കേന്ദ്രമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിച്ചായിരുന്നു അവരുടെ പ്രതിഷേധം. വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിെൻറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സ്ഥലം എം.എൽ.എയുടെ അഭ്യർഥന പ്രകാരം ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാൻ കീഴാറ്റൂർ വായനശാലയിലും സംവിധാനം ഏർപ്പെടുത്തിയിരുന്നു.
കണ്ണൂർ ജില്ലയിലെ കീഴാറ്റൂർ എന്ന സ്ഥലത്ത് നെൽവയൽ നികത്തി ബൈപാസ് പാത നിർമിക്കുന്നതിനെതിരെയായിരുന്നു നാട്ടുകാരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധ സമരമാണ് കീഴാറ്റൂർ സമരം അല്ലെങ്കിൽ വയൽക്കിളി സമരം എന്നറിയപ്പെട്ടത്. തളിപ്പറമ്പിലൂടെ കടന്നുപോകുന്ന നിലവിലുള്ള ദേശീയപാത 45 മീറ്ററാക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടവും, എതിർപ്പും ഒഴിവാക്കാനാണ് കുപ്പം- കീഴാറ്റൂർ -കൂവോട് -കുറ്റിക്കോൽ ബൈപാസ് ഉണ്ടാക്കാൻ നിർദ്ദേശമുയർന്നത്. ഈ നിർദ്ദേശപ്രകാരം പാത നിർമിക്കുമ്പോൾ ഏതാണ്ട് നൂറോളം വീടുകൾ പൊളിക്കേണ്ടി വരുമെന്നായതോടെ പ്രതിഷേധം കനത്തു. കീഴാറ്റൂരിലൂടെ അലൈൻമെൻറ് നിർമിക്കാൻ ബദൽ നിർദ്ദേശം വന്നു. ഇപ്രകാരം നടപ്പിലാക്കിയാൽ മുപ്പതോളം വീടുകൾ മാത്രമേ പൊളിക്കേണ്ടി വരൂ എന്നതായിരുന്നു അനുകൂലഘടകം.
വീടുകൾ നഷ്ടപ്പെടുന്നതിലുപരി ഒരു ഗ്രാമത്തിെൻറ ആവാസ വ്യവസ്ഥയെ തന്നെ നശിപ്പിച്ചേക്കാമെന്ന രീതിയിലുള്ള ദേശീയപാത നിർമാണത്തിനെതിരെ ഗ്രാമീണവാസികൾ തന്നെ രംഗത്തെത്തി. രാഷ്ട്രീയത്തിനുപരിയായി തുടങ്ങിയ സമരത്തെ പിന്നീട് സംസ്ഥാന സർക്കാറിനെതിരെ തിരിച്ചു വിടാനായിരുന്നു യു.ഡി.എഫും ബി.ജെ.പിയും ശ്രമിച്ചത്. ഇതോടെയാണ് സമരത്തിെൻറ സ്വഭാവും മാറിയത്.
സി.പി.എം ഗ്രാമമായ കീഴാറ്റൂരിൽ ആദ്യം സമരരംഗത്തിറങ്ങിയത് സി.പി.എം പ്രവർത്തകൾ ഉൾപ്പെടെയായിരുന്നു. എന്നാൽ വികസനത്തിനു എതിരു നിൽക്കരുതെന്നും, ദേശീയപാത അലൈൻമെൻറ് ഒഴിവാക്കാനാവില്ലെന്നും സി.പി.എം നേതൃത്വം നിലപാട് വ്യക്തമാക്കിയതോടെ ഒരു വിഭാഗം സമരത്തിൽ നിന്ന് മാറിനിന്നു. മറ്റൊരു വിമത വിഭാഗം അവിടെ ഉടലെടുത്തു. സമരത്തെ അനുകൂലിക്കുന്നവരും, സമരത്തെ എതിർക്കുന്നവരും എന്ന രണ്ടു ഗ്രൂപ്പുണ്ടായി.സമരരംഗത്തേക്ക് ബി.ജെ.പിയും, കോൺഗ്രസും മറ്റ് സംഘടനകളും വന്നതോടെ സി.പി.എം കൂടുതൽ പ്രതിരോധത്തിലൂന്നിയാണ് മുന്നോട്ടു പോയത്.
ദേശീയപാതാ വികസനമെന്ന രീതിയിൽ ഒരു ഗ്രാമത്തിെൻറ ആവാസവ്യവസ്ഥയെ കല്ലും മണ്ണും ഇട്ട് മൂടി നശിപ്പിക്കുന്നത് ജനദ്രേോഹമായ നടപടിയാണെന്നാണ് ഇതിനെക്കുറിച്ച് പഠനം നടത്തിയ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭിപ്രായപ്പെട്ടത്. നിലവിലുള്ള ദേശീയപാത ഇരുവശത്തും വീതി കൂട്ടുകയും നഗരഭാഗത്ത് ചിറവത്ത് മുതൽ തൃച്ചംബരം വരെ ഒരു മേൽപ്പാലം സ്ഥാപിക്കുകയും ചെയ്താൽ പ്രശ്നം ഏറ്റവും കുറഞ്ഞ സാമൂഹിക-പാരിസ്ഥിതിക പ്രത്യാഘാതത്തോടെ പരിഹരിക്കാനാകുമെന്നും പരിഷത്ത് വ്യക്തമാക്കി. സി.പി.എമ്മിനെ പ്രതിക്കൂട്ടിൽ നിർത്തി സമരം ആളിക്കത്തുന്നതിനിടയിലാണ് നിശ്ചിത അലൈൻമെൻറിൽ ഒരു മാറ്റവും വരുത്താതെ കേന്ദ്ര റോഡ് ഗതാഗത‐ ഹൈവേ മന്ത്രാലയം തളിപ്പറമ്പ് ബൈപാസ് സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത‌്. ഇതോടെ തെളിഞ്ഞത് ബി.ജെ.പിയുടെ ഇരട്ടത്താപ്പായിരുന്നു. പ്രാഥമിക വിജ്ഞാപന പ്രകാരം സർവേ നടത്തി കല്ലിട്ട അലൈൻമെൻറിനെതിരെ ധാരാളം പരാതികളും ആക്ഷേപങ്ങളും ലഭിച്ചെന്നും എന്നാൽ പരിഗണിക്കാൻ നിർവഹമില്ലെന്നുമാണ് ജൂലൈ 13ന് പുറപ്പെടുവിച്ച ഉത്തരവിൽ മന്ത്രാലയം വ്യക്തമാക്കുന്നത്. കൂട്ടത്തിൽ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറും മിസോറം ഗവർണറുമായ കുമ്മനം രാജശേഖരെൻറ പരാതിയനുസരിച്ച് കേന്ദ്ര വനം‐ പരിസ്ഥിതി വകുപ്പ‌് തയാറാക്കിയ പഠന റിപ്പോർട്ടും തള്ളി. അതുകൂടിയായതോടെ നന്ദിഗ്രാമിൽ നിന്ന് ബി.ജെ.പി കൊണ്ടു വന്ന് കീഴാറ്റൂർവയലിൽ നിഷേപിച്ച മണ്ണിനും ഫലമില്ലാതായി.
ദേശീയപാത 66(മുമ്പ് 17) നാലുവരിയായി വികസിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം പാക്കേജിൽ വരുന്നതാണ് കണ്ണൂർ ജില്ല അതിർത്തിയായ കാലിക്കടവ് (കിലോമീറ്റർ 104.00) മുതൽ മുഴപ്പിലങ്ങാട് (കിലോമീറ്റർ 170.600) വരെയുള്ള ഭാഗം. സ്ഥലമെടുപ്പിനായി 2011 മുതൽ പലതവണ പ്രാഥമികവിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും എവിടെയും എത്തിയിരുന്നില്ല. 2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽവന്ന് അടിസ്ഥാനവികസനകാര്യങ്ങളിൽ കർക്കശനിലപാട് സ്വീകരിച്ചതോടെയാണ് നടപടികൾക്ക് ഗതിവേഗം കൈവന്നത്. 2016 ജൂലൈ 17ന് വീണ്ടും പ്രാഥമികവിജ്ഞാപനം പുറപ്പെടുവിച്ചു. തിരക്കേറിയ തളിപ്പറമ്പ് പട്ടണത്തിലെ കെട്ടിടങ്ങളും സ്ഥാപനങ്ങളും ഇടിച്ചുനിരത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് പട്ടണമൊഴിവാക്കി ബൈപാസ് നിർമിക്കാൻ ധാരണയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.