കീഴാറ്റൂർ: തെറ്റ് ഏറ്റുപറഞ്ഞ് സമരം ശക്തമാക്കാൻ വയൽക്കിളികൾ
text_fieldsതളിപ്പറമ്പ്: പറ്റിപ്പോയ തെറ്റ് തിരുത്തി സമരം ശക്തമാക്കാനൊരുങ്ങി വയൽക്കിളികൾ. കഴിഞ്ഞദിവസം കീഴാറ്റൂരിൽനിന്ന് കണ്ണൂരിലേക്ക് ബി.ജെ.പി സംഘടിപ്പിച്ച മാർച്ചിെൻറ ഉദ്ഘാടനചടങ്ങിൽ വയൽക്കിളി നേതാക്കൾ പങ്കെടുത്തത് സമര സഹായസമിതിയുടെയും മറ്റ് അനുകൂലസംഘടനകളുടെയും രൂക്ഷവിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് വയൽക്കിളിനേതാവ് ഫേസ്ബുക് പോസ്റ്റിൽ, വയൽക്കിളി സമരത്തെ ആരും ഹൈജാക്ക് ചെയ്തിട്ടില്ലെന്നും രാഷ്ട്രീയോദ്ദേശ്യത്തോടെ സംഘടിപ്പിച്ച പ്രേത്യക പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നും കുറിച്ചിട്ടുണ്ട്.
മറ്റൊരു സമരത്തിലേക്ക് ഇനി കയറിപ്പോകില്ലെന്നും തങ്ങളുടെ സമരത്തിൽ ആര് വന്നാലും സ്വീകരിക്കുമെന്നും സുരേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. ലോങ്മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ ആവശ്യമായിവന്നാൽ സംഘടിപ്പിക്കുമെന്നും എന്നാൽ, ഇപ്പോൾ വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്നും ലഭിക്കുന്ന സൂചനയനുസരിച്ച് വയലിലൂടെയുള്ള പാത പണിയൽ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും സുരേഷ് കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം നടന്ന ഐക്യദാർഢ്യ സമിതി യോഗത്തിൽ വയൽക്കിളികൾക്കുള്ള പിന്തുണ പിൻവലിക്കാമെന്ന നിർദേശം ഉയർന്നിരുന്നു. പിൻവലിച്ചാൽ ബി.ജെ.പി സമരം പൂർണമായും കൈയടക്കുമെന്നതിനാൽ പിന്തുണ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഐക്യദാർഢ്യ സമിതിയും പ്രക്ഷോഭം ശക്തമാക്കാനുള്ള തീരുമാനത്തിലാണ്. സി.പി.എമ്മിെൻറ നേതൃത്വത്തിൽ ആരംഭിച്ച കീഴാറ്റൂർ വിശദീകരണയാത്ര അവസാനിച്ചാൽ 10ന് വൈകീട്ട് അഞ്ചിന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ പൊതുയോഗം സംഘടിപ്പിച്ച് ആരോപണങ്ങൾക്ക് മറുപടിപറയാനും ഭാവിപരിപാടി പ്രഖ്യാപിക്കാനുമാണ് തീരുമാനം.
അതിനിടയിൽ, ബി.ജെ.പി കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന സൂചനപ്രകാരം തളിപ്പറമ്പ് ബൈപാസ് പദ്ധതിക്ക് ഒരാഴ്ചക്കകം സ്റ്റോപ് മെമ്മോ പുറപ്പെടുവിക്കുമെന്നാണ് അറിയുന്നത്. പ്രത്യക്ഷമായി കീഴാറ്റൂർസമരം ഏറ്റെടുത്തിരിക്കെ, ബൈപാസ് അതുവഴിവന്നാൽ പാർട്ടിക്ക് ക്ഷീണമുണ്ടാകുമെന്ന തിരിച്ചറിവിലാണ് ബി.ജെ.പി നേതൃത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.