കീഴാറ്റൂരിൽ എലവേറ്റഡ് ഹൈവേ; ചെലവ് കൂടുമെന്നതിനാൽ കേന്ദ്രം അംഗീകരിക്കുന്നില്ല -പിണറായി
text_fieldsകണ്ണൂർ: കീഴാറ്റൂർ വയൽ നികത്തിയുള്ള ബൈപാസിന് ബദലായി എലവേറ്റഡ് ഹൈവേയുടെ സാധ്യത തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കിലോമീറ്ററിന് 142 കോടി ചെലവുവരുന്ന എലവേറ്റഡ് ഹൈവേ കേന്ദ്രമന്ത്രാലയവും ദേശീയപാത അതോറിറ്റിയും അംഗീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. മമ്പറം പുതിയ പാലത്തിെൻറ പ്രവൃത്തി ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഏറ്റവും കൂടുതൽ പണം നൽകി ഭൂമി ഏറ്റെടുക്കുന്ന സംസ്ഥാനമാണ് കേരളം. മറ്റുചില സംസ്ഥാനങ്ങളിൽ ദേശീയപാതക്ക് ഒരു കിലോമീറ്റർ സ്ഥലം ഏറ്റെടുക്കാൻ 65 ലക്ഷം രൂപ മാത്രം ചെലവ് വരുമ്പോൾ കേരളത്തിൽ അത് ആറുകോടിയാണ്. ഇക്കാര്യത്തിൽ കേന്ദ്രമന്ത്രിയുമായി ചെറിയ തർക്കം നിലനിൽക്കുന്നുണ്ട്. ഭൂമിയുടെ ലഭ്യത കുറഞ്ഞ കേരളത്തിൽ നഷ്ടപരിഹാരത്തുക കുറക്കാൻ സാധ്യമല്ലെന്ന നിലപാടിലാണ് കേരളം. ചെലവ് കൂടിയതിനാൽ എലവേറ്റഡ് ഹൈവേ കേന്ദ്രം അംഗീകരിക്കുന്നില്ല. നാടിെൻറ പൊതുനന്മ മുൻനിർത്തി പശ്ചാത്തലവികസനം സാധ്യമാക്കുന്നതിൽ സംസ്ഥാന സർക്കാറിന് വാശിയുണ്ട്.
ദേശീയപാത സ്ഥലമേറ്റെടുപ്പിൽ സംസ്ഥാനസർക്കാറിന് എന്തിനാണ് ഇത്ര വാശിയെന്നാണ് ചിലർ ചോദിക്കുന്നത്. നാടിെൻറ ഭാവിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സർക്കാറല്ലാതെ പിന്നെ ആരാണ് വാശി കാണിക്കേണ്ടത്? കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ വരുംതലമുറക്ക് നാട് കൈമാറുകയെന്നത് സർക്കാറിെൻറ ഉത്തരവാദിത്തമാണ്. പശ്ചാത്തലസൗകര്യ വികസനത്തിെൻറ കാര്യത്തിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും ഒറ്റക്കെട്ടാണ്.
ഇതുമായി ബന്ധപ്പെട്ട് മുൻ സർക്കാറിെൻറ കാലത്ത് നടന്ന സർവകക്ഷിയോഗത്തിൽ ദേശീയപാത വികസനം 45 മീറ്ററിൽ വേണമെന്ന കാര്യത്തിൽ മുഖ്യധാരാ പാർട്ടികളെല്ലാം ഒറ്റക്കെട്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ചില എതിർപ്പുകൾ ഉയർന്നുവന്നപ്പോൾ ദേശീയപാത വികസനം തൽക്കാലം മാറ്റിവെക്കുകയെന്ന സമീപനമാണ് കഴിഞ്ഞ സർക്കാർ സ്വീകരിച്ചത്. നേരത്തേ പൂർത്തിയാക്കാമായിരുന്ന ദേശീയപാത വികസനം വൈകാൻ ഇത് ഇടവരുത്തി.
പശ്ചാത്തലസൗകര്യ വികസനത്തെ പ്രധാന രാഷ്ട്രീയപാർട്ടികളാരും എതിർക്കുന്നില്ല. എതിർക്കുന്നവർക്ക് അവരുടേതായ താൽപര്യങ്ങളുണ്ട്. ചിലരുടെ എതിർപ്പുണ്ടെന്നു കരുതി മാത്രം വികസനപദ്ധതികൾ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി നഷ്ടപ്പെടുന്നവർക്ക് വിഷമമുണ്ടാവുക സ്വാഭാവികമാണ്. എന്നാൽ, പൊതുനന്മ മുൻനിർത്തി അത് വിട്ടുനൽകാനാണ് ജനങ്ങൾ തയാറാവേണ്ടത്. നല്ല പുനരധിവാസ പാക്കേജും നഷ്ടപരിഹാരത്തുകയും നൽകി അവരെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.