കെൽട്രോൺ, സിഡ്കോ ഉപകരാറുകൾ വൻ നഷ്ടം വരുത്തിയതായി സി.എ.ജി
text_fieldsതിരുവനന്തപുരം: ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ഉപകരാർ ഏൽപിക്കുക വഴി പൊതുമേഖല സ്ഥാപനങ്ങളായ കെൽട്രോണിനും സിഡ്കോക്കും വൻ സാമ്പത്തിക നഷ്ടമുണ്ടായതായി സി.എ.ജി റിപ്പോർട്ട്. 10 ലക്ഷത്തിന് മുകളിലുള്ള മുഴുവൻ ഇടപാടുകൾക്കും തുറന്ന ദർഘാസുകൾ ക്ഷണിച്ചശേഷമേ കരാർ നൽകാവൂവെന്ന ചട്ടം ലംഘിച്ചു.
2014ൽ എസ്.എസ്.എയുടെ പാഠപുസ്തകങ്ങൾ അച്ചടിക്കുന്ന കരാർ സിഡ്കോ നടപടിക്രമമെല്ലാം മറികടന്ന് സംയുക്ത സംരംഭത്തിന് ഉപകരാർ നൽകിയെന്ന് പ്രിൻസിപ്പൽ അക്കൗണ്ടൻറ് ജനറൽ അമർ പട്നായിക് വാർത്തസമ്മേളനത്തിൽ പറഞ്ഞു. വനംവകുപ്പിനുവേണ്ടി 15ഉം 12ഉം ആറും ഇരിപ്പിടങ്ങളുള്ള സ്പീഡ് ബോട്ടുകളുടെ കരാർ നൽകുന്നതിലും സിഡ്കോ മാനദണ്ഡങ്ങൾ പാലിച്ചില്ല. മത്സരാധിഷ്ഠിത ടെൻഡറൊന്നുമില്ലാതെ വിവിധ കാലയളവിൽ ഉപകരാർ നൽകിയതുവഴി കോടികളുടെ നഷ്ടമാണുണ്ടായത്. നാമനിർദേശത്തിെൻറ അടിസ്ഥാനത്തിൽ ഉപകരാർ നൽകുന്നത് അവസാനിപ്പിച്ചാൽ നഷ്ടമൊഴിവാക്കാമെന്നാണ് സി.എ.ജിയുടെ ശിപാർശ.
സംസ്ഥാനത്ത് 50 പൊതുമേഖല സ്ഥാപനങ്ങൾ 395.55 കോടിയുടെ ലാഭമുണ്ടാക്കിയതായും 56 സ്ഥാപനങ്ങൾ 1019.33 കോടിയുടെ നഷ്ടമുണ്ടാക്കിയതായും റിപ്പോർട്ടിലുണ്ട്. 2014–15 കാലയളവിൽ ഏറ്റവും ലാഭമുണ്ടാക്കിയത് ബിവറേജസ് കോർപറേഷൻ ലിമിറ്റഡാണ്. 151.06 കോടിയാണ് ബിവറേജസിെൻറ ലാഭം. പതിവുപോലെ കെ.എസ്.ആർ.ടി.സിയാണ് നഷ്ടമുണ്ടാക്കിയ പൊതുമേഖല കമ്പനികളിൽ മുന്നിൽ. 2013–14ൽ 583.90 കോടിയുടെ നഷ്ടമാണ് കെ.എസ്.ആർ.ടി.സി വരുത്തിവെച്ചത്.
സിവിൽ സെെപ്ലസ് കോർപറേഷൻ 89.11 കോടി, കശുവണ്ടി വികസന കോർപറേഷൻ 88.77 കോടി എന്നിവയാണ് നഷ്ടമുണ്ടാക്കിയവയിൽ തൊട്ടുപിന്നിൽ. 2011–12 മുതൽ 2015–16 വരെയുള്ള കാലയളവിൽ കെ.എസ്.ആർ.ടി.സി 3578 പുതിയ ബസുകൾ ഇറക്കേണ്ടിയിടത്ത് 1845 എണ്ണമാണ് നിരത്തിലിറക്കിയത്. നിശ്ചിത കാലയളവിൽ ബസുകൾ കണ്ടം ചെയ്യുകയും പകരം പുതിയത് ഇറക്കുകയുമെന്ന നിബന്ധന പാലിക്കാത്തതാണ് ഇതിന് കാരണം.
ബസ് നിർമാണത്തിൽ കാലതാമസം വരുത്തിയതുവഴി വൻ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചത്. ടൂറിസം വകുപ്പിൽ വ്യവസ്ഥകൾ പാലിക്കാെത അന്തർദേശീയ ഫെയർ–ബിസിനസ് മീറ്റുകൾ നടത്തിയത് നഷ്ടമുണ്ടാക്കിയെന്നും ഒാഡിറ്റ് റിപ്പോർട്ടിലുണ്ട്. പൊതുമേഖല സ്ഥാപനങ്ങളിൽ കരാർ നിയമനം നടത്തിയതിലും പിന്നീട് സ്ഥിരപ്പെടുത്തിയതിലും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും സി.എ.ജി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.