യുക്തിവാദം: അന്നും ഇന്നും
text_fieldsകേരളത്തിലെ യുക്തിവാദി പ്രസ്ഥാനം ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്.
ഒരു വിഭാഗം തുറന്ന രൂപത്തിൽതന്നെ ഹിന്ദുത്വ ഫാഷിസത്തെ പുൽകിയിരിക്കുന്നു. അതേസമയം,
യു. കലാനാഥനെപോലുള്ളവർ തങ്ങളുടെ പാതയിൽ ഉറച്ചുനിൽക്കുകയാണ്. അദ്ദേഹം കെട്ടിപ്പൊക്കിയ
സംഘടന ഇന്ന് പലരീതിയിൽ പ്രതിസന്ധിയിലാണെങ്കിലും ''സംഘടന പൂർണമായി ഇല്ലാതായാലും,
സ്വയം സഞ്ചരിക്കുന്നൊരു സംഘടനയായി യു. കലാനാഥൻ മാഷ് മലയാളിക്കൊപ്പമുണ്ടാവു''മെന്ന്
ചിന്തകൻകൂടിയായ ലേഖകൻ എഴുതുന്നു. കലാനാഥനുമായുള്ള അടുപ്പവും പങ്കുെവക്കുന്നു.
''നാങ്കളെ കൊത്ത്യാലും ചോരല്ലേ ചൊവ്വറേ, നീങ്കളെ കൊത്ത്യാലും ചോരല്ലെ ചൊവ്വറെ, പിന്നെന്തിന് ചൊവ്വറേ കുലം പെശകുന്നേ?'' എന്ന പൊട്ടന്തെയ്യത്തിെൻറ ചോദ്യത്തിെൻറ സ്പിരിറ്റുകൂടി 'മലയാള കുല'ത്തില്‍ ഉണ്ടല്ലോ എന്നൊരാശ്വാസം, 'കുലം' ചേര്‍ന്ന വാക്കില്‍ തൊടുമ്പോള്‍ തോന്നാറുണ്ട്. അപ്പോഴും എന്തോ ഒരരുതായ്കപോലെ. ഒട്ടും ഇഷ്ടമില്ല 'കുലപതി' എന്ന പ്രയോഗം. എന്നിട്ടും, യു. കലാനാഥൻ മാഷെ കുറിച്ചെഴുതുമ്പോള്‍, എന്തുകൊണ്ടോ വേറൊരു വാക്ക് പകരംവെക്കാന്‍ കിട്ടുന്നില്ല. അത്രമാത്രം കേരളത്തിെൻറ 'യുക്തിവാദകുല'ത്തിെൻറ ഒറ്റയാന് നേതൃത്വമായി അദ്ദേഹം സ്വയം വളര്‍ന്നു. സ്വന്തം വിയര്പ്പിെൻറ ഉപ്പില്‍ അദ്ദേഹം കെട്ടിയുയര്‍ത്തിയ സംഘടനക്ക് കാലം ആവശ്യപ്പെടുംവിധം ''ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍'' കഴിഞ്ഞില്ലെങ്കിലും, അദ്ദേഹം ഇന്നും സംഘടനയുടെ സർവസ്വവുമാണ്.
അദ്ദേഹമൊരു വ്യക്തിയെന്നതിനപ്പുറം സ്വയം സഞ്ചരിക്കുന്നൊരു സംഘടനയാണ്. ഇനി സംഘടന പൂർണമായി ഇല്ലാതായാലും, സ്വയം സഞ്ചരിക്കുന്നൊരു സംഘടനയായി യു. കലാനാഥന്മാഷ് മലയാളിക്കൊപ്പമുണ്ടാവും. യാഥാസ്ഥിതിക മത പശ്ചാത്തലത്തില്‍ വളര്‍ന്ന എന്നെ സത്യം പറഞ്ഞാല്‍, 'യുക്തിവാദഭൂതം' പിടികൂടുകയല്ല, ഞങ്ങളെപ്പോലുള്ളവര്‍, ആ 'ഭൂതത്തെ' അങ്ങോട്ടുചെന്ന് പിടിക്കുകയാണുണ്ടായത്. തങ്ങളുപ്പാപ്പയുടെ ഉറുക്കിനും പാണെൻറ ചരടിനും, ഉമ്മയുടെ ആവര്‍ത്തിച്ചുള്ള മന്ത്രിച്ചൂതലിനും, അടുപ്പില്‍ പലതവണ പൊട്ടിത്തെറിച്ച ഉപ്പിനും കടുകിനും, കുട്ടിക്കാലം മുതലേ പിടികൂടിയ 'പേടി' കുറക്കാന്‍ കഴിഞ്ഞിരുന്നില്ല. എവിടെ തിരിഞ്ഞാലും എതിരോക്കും, പറക്കുട്ടിയും ജിന്നും പ്രേതവും ചെകുത്താനും റൂഹാനിയും! കൂരാക്കൂരിരുട്ടില്‍ മാത്രമല്ല നിലാവത്തും, മുളങ്കൂട്ടം, ആല്, കാഞ്ഞിരം, പാലമരം എന്നിവ മാത്രമല്ല, പാവങ്ങളില്‍ പാവമായ 'ഇപ്പൂത്തിമരം'പോലും പിശാചുക്കളുടെ ആവാസകേന്ദ്രമായാണ് അക്കാലത്ത് ഞങ്ങളൊക്കെയും കരുതിയത്. കുന്നിന്‍പുറങ്ങളും കുണ്ടനിടവഴികളും കുളങ്ങളും വിജനതകളും കുറ്റിക്കാടുകളും മാത്രമല്ല, വാഴക്കൈകള്പോലും, ഇരുണ്ട ഏതോ അധോലോകപ്രതിനിധികളെ കാത്തിരിക്കുകയാണെന്നാണ് അന്നൊക്കെ വിചാരിച്ചത്. ''വാ കുരുവീ, വരു കുരുവീ വാഴക്കൈമേലിരി കുരുവീ'' എന്നൊക്കെ സ്കൂളില്‍ പാടുമ്പോഴും, ഞങ്ങള്‍ കണ്ട വാഴക്കൈകളിലിരുന്ന് ഊഞ്ഞാലാടിയത് റൂഹാനികള്‍ എന്ന പരേതാത്മാവുകളാണ്. വീടിന് തൊട്ട് മുകളിലുള്ള 'ചെനപ്പാറക്കുന്ന്' അന്ന് പല്ലില്‍ 'തൊപ്പ'യുള്ള ചെകുത്താക്കന്മാരുടെ ആവാസകേന്ദ്രമായിരുന്നു. നട്ടുച്ചനേരങ്ങളില്പോലും ആ ചെകുത്താന്വായില്നിന്ന് തീ ആളുന്നത് കണ്ടവരുണ്ട്. ഇത്തരം കഥകള്‍ കേട്ടുവളര്‍ന്ന ഞങ്ങള്‍ക്ക് പിന്നീട് തലനാരേഴായി കീറിയിട്ട്, ആളുന്ന നരകത്തീക്ക് മുകളില്‍ പാലം കെട്ടുന്നതിനെക്കുറിച്ച് കേട്ടപ്പോള്‍ ഒരു പകപ്പും ഉണ്ടായില്ല!
മാണിക്യകല്ലിന് കാവല്‍ കിടക്കുന്ന പാമ്പും മരണം പ്രവചിക്കുന്ന റൂഹാന്‍കിളിയും രോഗം മാറ്റുന്ന ജിന്നും നിന്നനില്പില് പോത്തും കടുവയുമാകുന്ന ഒടിമറിയന്മാരും ചോരകുടിക്കുന്ന യക്ഷിയും പ്രതികാര മൂര്‍ത്തികളായ പ്രേതങ്ങളും കെട്ടിമറിയുന്ന ഒരു ലോകത്തില്‍നിന്നാണ്; ഞങ്ങളാദ്യം കലാനാഥന് മാഷിനെ കാണുന്നത്. സ്കൂളിലെ മാഷമ്മാരൊക്കെ മിക്കവാറും 'ക്ലീന്ഷേവും', മദ്റസയിലെ മൗലവിമാരൊക്കെ 'ഫുൾതാടി'യുമായി നടക്കുന്ന കാലമാണ്. അന്നാണ് മാഷായിട്ടും, ഒരു മൗലവിമട്ടുള്ള, ഒരു പ്രേതത്തെയും വകവെക്കാത്ത, വീരാദിവീരനായ ഒരു മാഷ് എവിടെയോ ഉണ്ടെന്ന് കേട്ടത്. ആദ്യമാദ്യം വിശ്വസിക്കാന്‍ തോന്നിയിരുന്നില്ല. പിന്നെയാണ് ചെനപ്പാറക്കുന്നിലെ 'പല്ലില്തൊപ്പ'യുള്ള ചെകുത്താനെപ്പോലെതന്നെ മറ്റൊരു സത്യമാണ്, യക്ഷിയെയും ഭൂതത്താന്മാരെയും പിടിച്ച് കുപ്പിയിലാക്കുന്ന കലാനാഥന് മാഷെന്ന് മനസ്സിലാവുന്നത്! വല്ലാത്ത പഹയന്, ഓനൊന്നും മനുഷ്യനാവൂല എന്നാണ് മാഷെക്കുറിച്ച് ജ്ഞാനികളായ ഞങ്ങളുടെ നാട്ടിലെ മുതിര്‍ന്നവരില്‍ ചിലര്‍ പറഞ്ഞത്. ഇങ്ങനെ കേള്‍വിയില്‍ വളര്‍ന്നുകൊണ്ടിരുന്ന, മറ്റൊരു 'മിത്തായി' കൊഴുത്തു തടിച്ച 'കലാനാഥ'നെ ഞങ്ങള്‍ അപ്പോഴൊന്നും നേരില്‍ കണ്ടിരുന്നില്ല.
അങ്ങനെയിരിക്കുമ്പോഴാണ്, 1977 ഡിസംബർ മാസം, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൊടിമരം സ്വര്‍ണം പൂശുന്നതിനെതിരെ സമരം ചെയ്തതിെൻറ പേരില്‍ യു. കലാനാഥന്മാഷടക്കമുള്ള യുക്തിവാദികള്‍ക്ക് പൊതിരെ അടികിട്ടിയ കാര്യം പത്രത്തില്‍ വന്നത്. പിന്നെ ഞങ്ങള്‍ താമസിച്ചില്ല. പലതരം പ്രകടനങ്ങള്‍ കണ്ട് തഴമ്പിച്ച പെരുമണ്ണയെന്ന ഞങ്ങളുടെ സ്വന്തം ഗ്രാമത്തില്‍ അതുവരെയും യുക്തിവാദി സംഘത്തിെൻറ ആരുമല്ലാത്ത ഞങ്ങള്‍, ഞങ്ങളുടെ ആരുമല്ലാത്ത യുക്തിവാദസംഘത്തിനും പിന്നെ ഞങ്ങളുടെ സ്വപ്നങ്ങളിലെ ധീരനായകനും വേണ്ടി ഒരു പ്രകടനം, ''വരുന്നത് വരട്ടെ'' എന്നു കരുതി നടത്തി! പിന്നെ പറയണ്ട ബഹളം. കൊടിയും മൈക്കും ഒന്നുമില്ലാത്ത, സംഘടനയേതെന്നു തിരിയാത്ത പ്രകടനം. ഈ പിള്ളേര്ക്കെന്തുപറ്റി? നാട്ടാര് മൂക്കത്ത് വിരല്‍ വെച്ചു. ''ഓരെ അമ്പലത്തില്‍ ഓല് സ്വർണം പൂശിയാല്‍ നിനക്കെന്താ?'' പലരും ഉപദേശിച്ചു! പക്ഷേ ഞങ്ങള്‍ യു. കലാനാഥന് സിന്ദാബാദ് വിളിച്ചു പലവട്ടം. ആ കൊടിമരത്തിന് മൂർദാബാദും!
യുക്തിവാദിസംഘം സംസ്ഥാന ജില്ല യൂനിറ്റ് കമ്മിറ്റികളൊന്നും, കലാനാഥന് മാഷിനുവേണ്ടി ഞങ്ങള്‍ നടത്തിയ 'പരാക്രമം' അറിയുന്നുണ്ടായിരുന്നില്ല. കാരണം, പെരുമണ്ണയില്‍ അന്ന് യുക്തിവാദികളോ യുക്തിവാദിസംഘത്തിന് യൂനിറ്റോ ഉണ്ടായിരുന്നില്ല. പക്ഷേ, ആ പ്രകടനത്തോടെ ആളുകള്‍ ഞങ്ങളെ സൂക്ഷിച്ച് നോക്കാനും സൗകര്യം കിട്ടുമ്പോള്‍ ഒരു 'ഉക്തിവാദികള്‍' ഇറങ്ങിയിരിക്കുന്നു എന്ന് പരിഹസിക്കാനും തുടങ്ങി! അതവിടെയും നിന്നില്ല. ഞങ്ങളുടെ അങ്ങാടിയില്‍ ആദ്യമായി യുക്തിവാദികള്‍ക്കെതിരെ മതപ്രഭാഷണ പരമ്പരകള്‍ അരങ്ങേറി. അതിനുമുമ്പ് ഒഴിഞ്ഞ വയലുകളില്‍ വെച്ചാണ്, 'വയള്' എന്നറിയപ്പെടുന്ന 'മതപ്രസംഗങ്ങള്‍' നടന്നിരുന്നത്. അതാണിപ്പോള്‍ പെരുമണ്ണങ്ങാടിക്കുള്ളില് വെച്ച് നടക്കുന്നത്. നിമിത്തവും പ്രകോപനവുമായത് പരോക്ഷമായാണെങ്കിലും നമ്മുടെ കലാനാഥന്മാഷും!
അതിനുശേഷമാണ് മാഷെ നേരില്‍ കാണുന്നത്. പിന്നീടിതുവരെയും പരസ്പരം പലവിധത്തില്‍ കണ്ടും കാണാതെയും കണ്ടുകൊണ്ടിരിക്കുകയാണ്. ആ താടിയും ആ നോട്ടവും ഇടക്കുള്ള 'ഇഷ്ടാവിളിയും' ചിലസമയങ്ങളില്‍ പ്രസംഗംപോലുള്ള സംഭാഷണങ്ങളും കൃത്യതയും നിര്‍ഭയത്വവും നല്ല ഏതു കാര്യത്തിനും ''ഞാന്‍ എപ്പോഴും റെഡി'' എന്ന ഭാവവും ചിന്തയും പറച്ചിലും പ്രവര്‍ത്തനവും പൊരുത്തപ്പെടുത്തുന്ന ആ ആദര്‍ശധീരതയും വേദികള്‍തോറും അധ്യാപകനായുള്ള നില്‍പ്പും സദസ്സില്‍ അത്ഭുതപ്പെടുത്തും വിധം 'കുട്ടി'യായുള്ള ഇരിപ്പും, അന്നെന്നപോലെ ഇന്നും എന്നെ ആവേശം കൊള്ളിക്കുന്നു. വിയോജിപ്പുകള്‍ ഇല്ലാത്തതുകൊണ്ടല്ല, ആ വിയോജിപ്പില്‍പോലും സത്യത്തിെൻറ സ്പര്‍ശമുണ്ട്. മാഷോടൊപ്പം എണ്‍പതുകള്‍ മുതല്‍ യോജിച്ചും വിയോജിച്ചും, ഒന്നിച്ചല്ലെങ്കിലും ഒന്നിച്ചുണ്ട്.
എത്ര വേദികള്‍ പങ്കിട്ടെന്ന് കണക്കില്ല. പക്ഷേ, തുടക്കം, ഞാന്‍ ദേവഗിരി കോളജില്‍ പഠിക്കുമ്പോള്‍ മാഷ് ഒന്നിച്ച്, സുഹൃത്തായ പ്രമോദ് സിങ്ങിെൻറ നേതൃത്വത്തില്‍ കോഴിക്കോട് ചേവരമ്പലത്ത് സംഘടിപ്പിച്ച, യുക്തിവാദി പൊതുയോഗത്തിലാണ്. എനിക്ക് പേടിയായിരുന്നു. പ്രമോദ് സിങ്ങാണ് ധൈര്യം തന്നത്. പിന്നെ എന്തു വന്നാലും ''കലാനാഥന് നമ്മെ നയിക്കും'' എന്ന ബോധ്യവും. മാഷ്ക്കുള്ള പല കഴിവുകളില്‍ ഒന്ന് എത്ര സമയം വേണമെങ്കിലും, കേള്‍ക്കുന്നവരെ പിടിച്ചുനിര്‍ത്തിക്കൊണ്ട് പ്രസംഗിക്കുമെന്നുള്ളതാണ്. ഇരമ്പുന്ന വാഹനങ്ങള്‍ക്കപ്പുറം ആ ശബ്ദം ഇടിച്ചു കടക്കും. തട്ടിന് തട്ട്, വെട്ടിനു വെട്ട്, കയറി അടിക്കും. ചുവട് പിഴക്കില്ല. ആവശ്യമാണെങ്കില്‍ മാത്രം 'പൂഴിക്കടകനും' പ്രയോഗിക്കും. ചേവരമ്പലത്ത് ഞാനാകെ പ്രസംഗിച്ചത്, ഇന്നാലോചിക്കുമ്പോള്‍, അമ്പരന്നുപോകും, സാക്ഷാല്‍ അയ്യപ്പസ്വാമികളുടെ ജന്മത്തെക്കുറിച്ചാണ്.
'ഹരിഹരസുതന്' എന്നൊരു വാക്കില്‍ പിടിച്ചുകയറി ഒരേ ലിംഗത്തില്‍ പെട്ടവര്‍ക്ക് കുട്ടികളുണ്ടാവുമോ എന്ന 'പരട്ടയുക്തി'യാണ് അന്ന് ഞാന്‍ ആകെക്കൂടി പ്രയോഗിച്ചത്. അന്നത് കെങ്കേമം, എന്നാണ് സ്വയം കരുതിയത്. ഇന്ന് തിരിഞ്ഞുനിന്ന് ആലോചിക്കുമ്പോഴാണ്, കവിത ചോര്‍ന്നൊരു 'പരട്ടയുക്തി'യാണതെന്ന്, വൈകി തിരിച്ചറിയുന്നത്. ''അസാധ്യമായതിനെ സാധ്യമാക്കുന്ന മതചിന്തയോട്'', അത് അപരവിദ്വേഷം പങ്കുവെക്കുന്നില്ലെങ്കില്‍, കേവലയുക്തിയുടെ നേതൃത്വത്തില്‍ നടത്തുന്ന മല്പ്പിടിത്തംകൊണ്ട് വലിയ കാര്യമില്ലെന്നാണ് ഇപ്പോള്‍ മനസ്സിലാവുന്നത്. ചേവരമ്പലത്തുവെച്ച് മാഷും ഞാനും നടത്തിയ പ്രസംഗത്തോടെ 'അയ്യപ്പസ്വാമി' പൊളിഞ്ഞു എന്നാണ് അന്ന് ഞാന്‍ കരുതിയതെങ്കില്‍; അതൊരനാവശ്യ അഭ്യാസമായിരുന്നെന്നാണ് ഇപ്പോള്‍ തോന്നുന്നത്. ഒരാണും മറ്റൊരു പെണ്ണും ചേര്‍ന്നുണ്ടാവുന്ന 'അയ്യപ്പ' മനുഷ്യനും, അങ്ങനെയല്ലാതെയുണ്ടാവുന്ന മറ്റൊരു 'അയ്യപ്പദേവനും' തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ കഴിയാതെ പോയതാണ്, അന്നെനിക്കു പറ്റിയ അമളി.
സരമാഗുവിെൻറ 'ക്രിസ്തുവിെൻറ സുവിശേഷം' എന്ന നോവലിലെ 'യുക്തി' തോല്‍ക്കുന്ന സന്ദര്‍ഭമാണ് ഏറെ ഭാവസാന്ദ്രതയാല് ശ്രദ്ധേയമാവുന്നത്. രണ്ടും രണ്ടും, രണ്ടും രണ്ടും മാത്രമല്ലാതാവുന്ന മാസ്മരികതയാണതില് നിറയുന്നത്. സന്ദേഹിയായ ക്രിസ്തുശിഷ്യന് തോമ അഗാധവിശ്വാസത്തിെൻറ, അവിശ്വസനീയാവസ്ഥയിലേക്ക്, സ്വയമുയരുന്നതാണ്, ആ നാടകീയ സന്ദര്‍ഭം. മണ്ണ്കൊണ്ട് കിളികളുടെ രൂപമുണ്ടാക്കി, ക്രിസ്തു തോമായോട് പറഞ്ഞു: ''ഈ കിളികള്‍ പറക്കാന്‍ പോവുകയാണ്.'' ''ഇത് മണ്ണുകൊണ്ട് നീയുണ്ടാക്കിയ കിളിയുടെ വെറും രൂപങ്ങളല്ലേ, ഇതെങ്ങനെ പറക്കും?'' തോമാ സംശയം പ്രകടിപ്പിച്ചു. ''കര്‍ത്താവായ യഹോവ നമ്മെ മണ്ണില്നിന്നുമല്ലേ സൃഷ്ടിച്ചത്'', ക്രിസ്തു ചോദിച്ചു. ''അതിന് നീ യഹോവയല്ലല്ലോ'', തോമാ പറഞ്ഞു. ''തോമാ, നീ കിളികളെ ഒരു തുണികൊണ്ട് മൂടുക'', ക്രിസ്തു പറഞ്ഞു. ''നീ പറയുന്നതുകൊണ്ട് മാത്രം ഞാനത് ചെയ്യാം.'' ''ഇനി നീ തുണി എടുത്തു മാറ്റുക'', ക്രിസ്തു പറഞ്ഞു. തോമാ മണ്‍കിളികളെ മൂടിയ തുണി എടുത്തുമാറ്റിയപ്പോള്, അത്ഭുതം, ആ കിളികള്‍ ആകാശത്തേക്ക് പറന്നുപോയി. സ്തബ്ധനായ തോമായോട് ക്രിസ്തു ചോദിച്ചു: ''തോമാ, നിെൻറ കിളികളൊക്കെയും പറന്നു പോയല്ലേ?'' തോമ പറഞ്ഞു: ''ഇല്ല പ്രഭോ, അങ്ങയുടെ മുമ്പില്‍ മുട്ടുകുത്തി നില്ക്കുന്ന ഞാനാണാ പക്ഷി.'' സന്ദേഹവും വിശ്വാസവും അപൂർവസൗന്ദര്യാത്മകമാനമാർജിക്കുന്ന പ്രസ്തുത ഭാവനാസാന്ദ്ര സന്ദര്‍ഭത്തില്‍വെച്ച് വിശ്വാസവും/അവിശ്വാസവും 'കാവ്യാത്മകതക്ക്' വഴിമാറുകയാണ്. ആ കാവ്യാത്മകതയില്വെച്ച്, അഗാധ മതവിശ്വാസത്തിനും, അത്രതന്നെ അഗാധമായ യുക്തിബോധ്യത്തിനും, സംവാദസ്നേഹം പങ്കുവെക്കാനാവും. നവനാസ്തികതക്കും മതയാഥാസ്ഥിതികത്വത്തിനും ഒരുപോലെ നഷ്ടമാവുന്നത് സൗന്ദര്യാനുഭൂതിയുടെ വികാരസാന്ദ്രമായ ലോകമാണ്.
അസാധ്യമായതിനെ സാധ്യമാക്കുന്ന, സാധാരണാവസ്ഥയില്നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന 'നരച്ചതിനെ' കറുകറുപ്പാക്കുന്ന, ഭൂമിയിലെ 'കന്യക'യെയും, സമുദ്രത്തിലെ മത്സ്യത്തെയും ജലത്തെയും ചേര്‍ത്ത് വിചിത്രമായ ജലമത്സ്യകന്യകയെയുണ്ടാക്കുന്ന, കവിതയുടെ ലോകത്തിലേക്ക് പതുക്കെ കടന്നതോടെയാണ്, എെൻറ 'കലാനാഥന് തീവ്രയുക്തി' പതുക്കെ പിന്‍വലിഞ്ഞത്. എന്നാല്‍ അന്നേ 'കവി'യായിരുന്ന മാഷാവട്ടെ 'കവിതയെ' തന്നെ ഉപേക്ഷിച്ച്, കര്ക്കശയുക്തിയുടെ 'വരണ്ട' ലോകത്തിലേക്ക്, വളരുകയാണുണ്ടായത്.
''അര നൂറ്റാണ്ടുമുമ്പ് വിദ്യാർഥി ജീവിതകാലം മുതല്‍ കവിതകളായിരുന്നു അദ്ദേഹത്തിെൻറ ലോകം. ചങ്ങമ്പുഴക്ക് ഒരു മുറിയുണ്ടായിരുന്നു അവിടെ. എഴുത്തില്‍ അത് തെളിഞ്ഞുനിന്നു. കോളജ് കാലം കഴിയുമ്പോള്‍ രാഷ്ട്രീയകാഴ്ചകള്‍ ചേര്‍ന്ന് സ്വന്തം കാവ്യഭാഷ ഉറച്ചുവന്നതാണ്. എഴുപതുകളുടെ തുടക്കത്തില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച കവിതകളില്‍ പുതിയ ഭാവുകത്വത്തിെൻറ തെളിച്ചമുണ്ടായിരുന്നു. കലാനാഥന് പിന്നീടെപ്പോഴോ കവിയല്ലാതായി. അഥവാ കവിയില്‍ കവിഞ്ഞതായി.'' (കവിതയില്‍ വേരാഴ്ത്തിയ യുക്തിപ്രഭാവം: ഡോ. ആസാദ്. ആസാദ് ഓണ്‍ലൈന്‍).
ഇടക്കിടക്ക് കവിയായ പഴയ മാഷിനെക്കുറിച്ച് ഓർമിപ്പിക്കുമ്പോള്‍, അദ്ദേഹം പറയും, ''ഓ കവിതയോ, വെറും ടൈം വേസ്റ്റ്.'' യു. കലാനാഥന് നല്ല കവിതകള്‍ എഴുതിയിട്ടുണ്ട്. പ്രതീക്ഷയോടെ 'സുഹൃത്തുക്കളെ' വായിച്ചു കേള്‍പ്പിച്ചപ്പോള്‍, ആര്‍ക്കും ഒന്നും മനസ്സിലാവുന്നില്ല. ആ നിരാശയാണ് കവിതയെ ൈകയൊഴിക്കാന് കാരണമെന്നാണ് അദ്ദേഹം ഒരു സംഭാഷണത്തിനിടയില്‍ പറഞ്ഞത്. അതോടൊപ്പം യുക്തിവാദത്തിെൻറ ചൂടില്‍ 'കവിത' വറ്റിപ്പോയതുമാവാം! ''എങ്കിലും ചന്ദ്രികേ നമ്മള് കാണും സങ്കല്പ ലോകമല്ലീയുലകം'' എന്ന് ചങ്ങമ്പുഴയുടെ രമണന് പറഞ്ഞിരുന്നെങ്കിലും, അയാള്‍ സങ്കല്പ പ്രണയലോകം വിട്ടിരുന്നില്ല. അതുകൊണ്ടാണല്ലോ ചന്ദ്രിക കൊഴുത്തതും, അയാളൊരു മരക്കൊമ്പില്‍ ഒടുങ്ങിയതും!
എന്നാല്‍ കലാനാഥന് എന്നു പേരുള്ള യുക്തിവാദി, കവിതയെ തള്ളിയാലും 'കവിത'ക്ക് ആ യുക്തിവാദിയെ അങ്ങനെ തള്ളാന്‍ കഴിയുമായിരുന്നില്ല. കടലാസില്‍ വരി മുറിച്ചെഴുതുന്ന പതിവ് കവിതയെഴുത്ത് നിര്‍ത്തിയെങ്കിലും, പോവുന്നിടത്തുനിന്നെല്ലാം ചെടിക്കൊമ്പുകളുടെ 'കഷണ'ങ്ങള് അയാള്‍ മുറിച്ചെടുത്തു. പൂക്കള്‍ വിടരുന്ന, ചിത്രശലഭങ്ങള്‍ പറക്കുന്ന, വള്ളികളും ഇലകളും നൃത്തം ചവിട്ടുന്ന നല്ലൊരു പൂന്തോട്ടം വീട്ടിനുചുറ്റും സ്വയം സൃഷ്ടിച്ചു. വള്ളിക്കുന്നിലെ പൂഴിമണ്ണുള്ള പറമ്പില്‍ ചെറിയ ചെടികള്‍ എപ്പോഴെങ്കിലും വന്നുപോകുന്ന സുഹൃത്തുക്കള്‍ക്കുവേണ്ടി കരുതിവെച്ചു. അവിടെനിന്ന് ധാരാളം ചെടികള്‍ ഞങ്ങളും കൊണ്ടുപോന്നു. കലാനാഥന്മാഷെ കൂടെ കൂട്ടിക്കൊണ്ടുവരാന്‍ കഴിയാത്തതിനാലാവണം പലതും കരിഞ്ഞുപോയി!
വള്ളിക്കുന്നിലെ മാഷിെൻറ വീടിെൻറ പുറം പൂന്തോട്ടംകൊണ്ടും അകം കടലാസുകെട്ടുകള്കൊണ്ടും മൂടപ്പെട്ടാണിരിക്കുന്നത്. മതനിരപേക്ഷത മതം അന്ധവിശ്വാസം സമകാലിക രാഷ്ട്രീയസംഭവങ്ങള്‍ തത്ത്വചിന്താപരമായ സംവാദങ്ങള്‍ എന്തും ഏതും പ്രത്യേകം പ്രത്യേകം ഫയലുകളായി മാഷിെൻറ മേശപ്പുറത്ത് അട്ടിക്കട്ടിയായി കിടക്കുകയാണ്. പുറത്ത് ഇലച്ചെടി, പൂച്ചെടി, വള്ളിച്ചെടി, മുള്‍ച്ചെടി, പഴച്ചെടി തുടങ്ങിയവയും! പറഞ്ഞുവരുന്നത് 'ടൈം വേസ്റ്റ്' എന്ന് പറഞ്ഞ് മാഷ് 'കവിത' വിട്ടെങ്കിലും, മാഷെ 'കവിത' വിട്ടില്ലെന്നാണ്. പ്രച്ഛന്നരൂപത്തിലത് മാഷെ പിന്തുടരുകയാണെന്ന് തോന്നുന്നു.
പറഞ്ഞാല്‍ പറഞ്ഞ സമയം, ഒരടി മുന്നോട്ടും പിന്നോട്ടുമില്ല, യുക്തിയില്‍ വെന്ത കൃത്യത. സ്കൂളില്‍ ഒരൊറ്റ ലീവുപോലും എടുത്തിട്ടില്ലെന്ന്, കേള്‍ക്കുന്ന പ്രസംഗത്തിലെയും വായിച്ച പുസ്തകത്തിലെയും ഒരൊറ്റ പോയൻറും വിടാതെ എല്ലാം പ്രത്യേകം പ്രത്യേകം ഫയലാക്കിയിട്ടുണ്ടെന്ന്, മാഷ് സംഭാഷണങ്ങള്‍ക്കിടയില്‍ പറഞ്ഞത് ഒരു സാധാരണകാര്യം പറയുന്ന മട്ടിലാണ്. പറയേണ്ടത് ആരോടായാലും ആരെപ്പറ്റിയായാലും മാഷ് അപ്പപ്പോള്‍ തന്നെ പറയും. മാഷ്ക്ക് പരിചയമുള്ള ഒരു സാഹിത്യപ്രതിഭയുമായി അടുത്തകാലത്ത് ഞാനൊരല്പം അടുപ്പത്തിലായി. ഒരു ദിവസം മാഷ് പറഞ്ഞു. നല്ല സാഹിത്യപ്രതിഭയൊക്കെയാണ്, വല്യ അടുപ്പം വേണ്ട. ഒരിക്കല്‍ ഒരു സാംസ്കാരിക പരിപാടി കഴിഞ്ഞ് കണ്ണൂരില്‍നിന്ന് ബസില്‍ കോഴിക്കോട്ടേക്ക് വരുകയാണ്. ബസ് ഒരല്പം ഓവര്സ്പീഡിലോടാന് തുടങ്ങി. എെൻറയടുത്തുനിന്ന് 'അപരിചിതമായ' ഉച്ചത്തിലുള്ള ഒരുറച്ച ശബ്ദം. മാഷിെൻറ ശബ്ദമായിരുന്നു അത്. ഡ്രൈവര്‍ സ്പീഡ് കുറച്ചു. യാത്രക്കാര്‍ക്ക് അപ്പോഴാണ് ആശ്വാസമായത്. ഇന്ന് പറയേണ്ടത് നാളേക്ക് മാറ്റിവെക്കുന്ന പ്രകൃതമല്ല മാഷിേൻറത്.
രാവിലെയും ഉച്ചക്കും വൈകുന്നേരവും ഭക്ഷണത്തിനുമുമ്പും പിമ്പും ''ഒരാവശ്യവുമില്ലാതെ'' ദൈവമില്ലെന്ന് പറഞ്ഞു നടക്കുന്ന ഈ പെരും 'യുക്തിവാദി'യെ മതവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള വള്ളിക്കുന്ന് നിവാസികള്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു. സ്വന്തം 'ദൈവവിരുദ്ധത' അഗാധമായ മനുഷ്യസ്നേഹമായി മാറിയതുകൊണ്ടാവണം, മാഷ് വള്ളിക്കുന്നു പഞ്ചായത്തിെൻറ പ്രിയപ്പെട്ട പ്രസിഡൻറായി. 1995-2000ലെ മികച്ച ഗ്രാമപഞ്ചായത്തായി വള്ളിക്കുന്ന് മാറി, 'സ്വരാജ് അവാര്‍ഡി'ന് അര്‍ഹമായി. മികച്ചൊരു ജനകീയ ഭരണാധികാരി എങ്ങനെയായിരിക്കണമെന്നതിെൻറ മാതൃകയായി. പിന്നിട്ട യുക്തിവാദത്തിെൻറ പതിറ്റാണ്ടുകളെക്കുറിച്ചോര്ക്കുമ്പോള്, ഇന്നെത്തിനില്ക്കുന്ന അവസ്ഥ കാണുമ്പോള്‍ എന്തുതോന്നുന്നു എന്ന് സംഭാഷണമധ്യേ ചോദിച്ചപ്പോള്‍, പ്രതികരണത്തില്‍, ഒരു പതര്‍ച്ചയുമുണ്ടായില്ല. പിന്നോട്ടടികള്‍ ഇല്ലാത്തതുകൊണ്ടല്ല, പ്രക്ഷോഭത്തിെൻറ വഴി മുന്നില്‍ തുറന്ന് കിടക്കുന്നതുകൊണ്ട്.
കേരളത്തിെൻറ സാംസ്കാരിക ചരിത്രത്തില്‍ മുമ്പെന്നപോലെ ഇന്നും 'യുക്തിവാദ'ത്തിന് പ്രസക്തിയുണ്ട്. എന്ത് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും, സ്വന്തത്തോട് സത്യസന്ധത പുലര്‍ത്തുന്ന ഏതൊരു യുക്തിവാദിയും, സവർണതക്കുമുന്നില് സാഷ്ടാംഗം പ്രണമിക്കുന്ന 'നവബ്രാഹ്മണിക' യുക്തിവാദികള്‍, സ്വതന്ത്രചിന്തകര്പോലും വിമര്‍ശനങ്ങള്‍ക്കിടയില്‍ ആദരവര്‍ഹിക്കുന്നു. അവര്‍ ജീവിതത്തില്‍ പലനിലകളില്‍ ഒഴുക്കിനെതിരെ നീന്തുന്നവരാണ്. ജീവിതഭാരം ഇറക്കിവെക്കാന്‍ ഒരത്താണിയും ആവശ്യമില്ലെന്ന തിരിച്ചറിവില്‍, തലചുറ്റി വീഴാത്തവരാണ്. നിരന്തര ആക്ഷേപങ്ങള്‍ക്കും അവഗണനകള്‍ക്കും നടുവിലും നിവര്‍ന്നുനില്‍ക്കുന്നവരാണ്. പക്ഷേ, കലാനാഥന് മാഷുള്‍പ്പെടെയുള്ള പഴയ തലമുറ നാസ്തികരും, 'നവനാസ്തികരും' മതത്തോട് മല്‍പ്പിടിത്തം നടത്തുന്നത്ര ജാതിമേല്‍ക്കോയ്മയോട് എതിരിടുന്നില്ലെന്നാണ്, അവരുടെ ഇടപെടലുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ യുക്തിവാദം ഇടറിപ്പോയത് മതത്തിെൻറ മുന്നിലല്ല, ജാതിമേല്‍ക്കോയ്മക്കു മുന്നിലാണ്. അതോടൊപ്പം 'മതത്തിലെ കവിത'ക്കെതിരെ അവര്‍ മുഖം തിരിച്ചതും, അവരെ അനാര്ദ്രരാക്കി!
രണ്ടും രണ്ടും നാല് എന്നതിനപ്പുറം കടക്കാനവര്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. 'അരുത്' എന്ന പേരില്‍ ജി. ശ്രീകുമാറിെൻറ ഒരു കവിതയുണ്ട്. അതില്‍ കവി ആവിഷ്കരിക്കുന്നത് ജീവിതം മറ്റെന്താവുമ്പോഴും മിനിമം ഒരു കവിതകൂടി ആവണമെന്നാണ്. ''കവിതയില്‍ കണക്കാകാം/ കണക്കില്‍ കവിതയുമാകാം/ കണക്ക് കൂട്ടുകയാവാം/ കവിത കൂട്ടുകയുമാവാം/ കവിത മാത്രവുമാകാം/ കണക്കു മാത്രമാവുകയേ അരുത്.'' എന്നാല്‍ യു. കലാനാഥന് മാഷില്‍നിന്നും ഭിന്നമായി നവ നാസ്തിക സ്വതന്ത്രപ്രതിഭകളില് ചിലരെങ്കിലും 'സവര്‍ണ കണക്കില്‍' കുടുങ്ങി കിടക്കുകയാണ്. ഇന്ത്യന്‍ നവഫാഷിസത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്ന, താനുയര്ത്തിപ്പിടിക്കുന്നത് യാന്ത്രിക ഭൗതികവാദമല്ലെന്ന് നിസ്സംശയം പ്രഖ്യാപിക്കുന്ന കലാനാഥന് മാഷിനും ''ജാതിയെ അതിെൻറ സൂക്ഷ്മതയില്‍ പ്രശ്നവത്കരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ അന്ധവിശ്വാസവും, അന്ധവിശ്വാസത്തിെൻറ പ്രധാന സ്രോതസ്സും ജാതിയാണ്. ''ജാതിയോളം ഉഗ്രനാം വനജന്തു'' ഇന്ത്യയില്‍ വേറെ ഇല്ല. ഭക്തിപ്രസ്ഥാനം, നവോത്ഥാനപ്രസ്ഥാനം, സാമ്രാജ്യത്വവിരുദ്ധപ്രസ്ഥാനം, തൊഴിലാളി കര്‍ഷകപ്രസ്ഥാനം തുടങ്ങി മത-മതേതര പ്രസ്ഥാനങ്ങളൊക്കെയും പരിമിതികളോടെ 'ജാതി'യെ അഭിമുഖീകരിക്കാന്‍ ശ്രമിച്ചെങ്കില്‍; എന്തുകൊണ്ടാണ് 'അന്ധവിശ്വാസവിരുദ്ധത'ക്ക് പരമപ്രാധാന്യം നല്കുന്ന 'യുക്തിവാദം' ജാതിയെ അതിെൻറ സൂക്ഷ്മതയിലും സങ്കീർണതയിലും സമഗ്രതയിലും വിശകലനവിധേയമാക്കിയില്ല എന്നുള്ളതാണ് പൊതുവില്‍ ഇന്ത്യന്‍ യുക്തിവാദം നേരിടുന്ന പ്രധാന പരിമിതി. മിശ്രഭോജനവും മിശ്രവിവാഹവും മുന്നോട്ടുവെച്ച ഗുരുവിെൻറ നിലപാടുകളെ മുന്നോട്ട് കൊണ്ടുപോയ കേരളത്തിലെ ആദ്യയുക്തിവാദികളുടെ നേതൃത്വമായി മാറിയ സഹോദരനയ്യപ്പനടക്കമുള്ളവരുടെ നിശിത ജാതിവിമര്ശനമാണ്, പില്ക്കാല യുക്തിവാദ പ്രതിഭകള്‍ക്ക്, വേണ്ടവിധം മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയാതെ പോയത്. 1920ൽ ഒരു കത്തിലൂടെ ഗുരു ഓടിച്ചുവിട്ട കുട്ടിച്ചാത്തനെ ഒരിക്കല്‍കൂടി പിടിച്ചു കെട്ടാനുള്ള ശ്രമത്തില്‍, ആ ചാത്തെൻറ വേറൊരുവിധത്തിലുള്ള വിമോചകമൂല്യമാണ് അവര്‍ വിസ്മരിച്ചത്. അന്ധവിശ്വാസത്തെപ്പോലും സവർണം അവർണം എന്ന് വിഭജിക്കുന്നത് പ്രത്യക്ഷത്തില്‍ പരിഹാസ്യമായിതോന്നുമെങ്കിലും, അവികസിത സാമൂഹികപശ്ചാത്തലത്തില്‍ അതൊരനിവാര്യതയായിത്തീരും!
ആടിന് 'കണ്ണ്' പറ്റാതിരിക്കാന്‍ കഴുത്തില്‍ ഒരു മണി കെട്ടിത്തൂക്കുന്നതുപോലെ നിരുപദ്രവകരമല്ല, ആനയുടെമേല്‍ നടത്തുന്നൊരു മന്ത്രവാദം! 2009ല്‍ തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യ ക്ഷേത്രത്തിലെ മേഘാര്ജുനന് എന്ന ആന 'അനുസരണക്കേട്' കാട്ടി എന്ന കുറ്റത്തിനുള്ള ശിക്ഷയായിരുന്നു വിചിത്രമായ ആ മന്ത്രവാദം. ആനയുടെ ശരീരത്തില്‍ ഒരു സ്ത്രീയുടെ ആത്മാവ് കടന്നതാണ് അനുസരണക്കേടിനുള്ള കാരണമായി കണ്ടെത്തിയത്. ആ ആന മനുഷ്യരെക്കുറിച്ച് എന്ത് കരുതിക്കാണും?
ചികിത്സയും ആശയവിനിമയവും പരിമിതമായൊരു കാലത്ത് മന്ത്രവാദംപോലും ചില മണ്ഡലങ്ങളില്‍ ചെറിയതോതില്‍, ബദല്ചികിത്സാരൂപം കൈക്കൊള്ളും. ഞങ്ങളുടെ നാട്ടിലെ മാറാരോഗം ബാധിച്ച് ഒറ്റപ്പെട്ട് കിടക്കുന്ന രോഗികളെ ചികിത്സിക്കുന്നതില്‍ 'എക്സ്പര്‍ട്ടായിരുന്ന', ''ഇസ്മിെൻറ പണിക്കാരന്'' എന്ന് ജനങ്ങള്‍ ആദരവോടെയും പേടിയോടെയും വിളിച്ചിരുന്ന മന്ത്രവാദികൂടിയായിരുന്ന നാട്ടുചികിത്സകന്‍, സ്വന്തം ചികിത്സയില്‍ ആ ചികിത്സയുമായൊരു ബന്ധവുമില്ലാത്ത വിചിത്രമായ പലകാര്യങ്ങളും കൂട്ടിച്ചേര്‍ത്തിരുന്നു. തൊട്ടടുത്തുള്ള പത്ത് വീട്ടിലെ കിണര്‍വെള്ളം, നട്ടുച്ചക്ക് പാലമരത്തിലെ പരസ്പരം ഉരുമ്മി ഉരുമ്മി നില്ക്കുന്ന പത്തിലകള്‍, അയല്പക്കങ്ങളിലെ ഏറെ പ്രായമായ പത്തു മനുഷ്യരുടെ വാക്കുകള്‍ എന്നിങ്ങനെ കൊടുക്കുന്ന മരുന്നുമായോ നടത്തുന്ന ചികിത്സയുമായോ ഒരു ബന്ധവുമില്ലാത്ത ഒട്ടേറെ കാര്യങ്ങള്‍. അതിലൂടെ മന്ത്രവാദി വൈദ്യന് ഉന്നംവെച്ചത്, രോഗത്തിനിടയില്‍ ചിതറിപ്പോയൊരു 'സാമൂഹികത'യെ ചേര്‍ത്തുവെക്കാനുള്ള അവികസിത ശ്രമമാണ്. പത്ത് കിണറ്റിലെ വെള്ളം എടുക്കണമെങ്കിലും, ഉരുമ്മിനില്ക്കുന്ന ഇലകള്‍ തിരയണമെങ്കിലും, പ്രായമേറെയുള്ള മനുഷ്യരുടെ വാക്ക് കേള്‍ക്കണമെങ്കിലും, ഒരുപാട് മനുഷ്യരുമായി ബന്ധപ്പെടേണ്ടി വരും. രോഗവിവരം പങ്കുവെക്കേണ്ടിവരും. അതോടെ രോഗം വെറും വ്യക്തിപ്രശ്നമാവാതെ, പൊതു കാര്യമാവും. അതുതന്നെ കുറച്ച് സാന്ത്വനം പകരും! രോഗിയെ പീഡിപ്പിച്ചും ബന്ധുക്കളെ ചൂഷണം ചെയ്തും സ്വയം കൊഴുക്കുന്ന ജീർണ മന്ത്രവാദിയുടെ ഏട്ടനായോ അനിയനായോ, മുന്നേ സൂചിപ്പിച്ച ഈയൊരു മന്ത്രവാദിയെ കാണാന്‍ കഴിയുമോ? 'അറബി ഏലസ്സ്', മാന്ത്രികമോതിരം തുടങ്ങി 'അധോലോക ബിസിനസ്' ആയിമാറിയ, നരേന്ദ്ര ധാഭോല്‍ക്കര്‍ അടക്കമുള്ള സ്വതന്ത്ര ചിന്തകരുടെ രക്തസാക്ഷിത്വത്തിന് നിമിത്തമായ, കോടികളുടെ മൂലധനവും, സ്വന്തമായി 'പട്ടാളവും' മാധ്യമങ്ങളുമുള്ള അന്ധവിശ്വാസഭീകരരെ വെറും അന്ധവിശ്വാസ സ്രോതസ്സ് മാത്രമായി കണ്ടാല്‍ മതിയോ?
സവർണ അന്ധവിശ്വാസത്തിന് മൂർദാബാദും, അവർണ അന്ധവിശ്വാസത്തിന് സിന്ദാബാദും വിളിക്കണമെന്നല്ല പറഞ്ഞുവരുന്നത്. ഭരണകൂടമാധ്യമകതയിലൂടെ പ്രകടമാവുന്ന, സമാന്തരമൂലധനസ്രോതസ്സുകളിലൂടെ പ്രവര്‍ത്തിക്കുന്ന, അധികാരകേന്ദ്രങ്ങളുടെ തണലില്‍ അഴിഞ്ഞാടുന്ന വന്‍കിട കോർപറേറ്റ് അന്ധവിശ്വാസ കേന്ദ്രങ്ങളെ നിര്‍ബാധം അലയാനും, ആധിപത്യം ചെലുത്താനും അനുവദിച്ചതിനുശേഷം, എന്ത് അന്ധവിശ്വാസ വിരുദ്ധതയാണ് നടപ്പിലാക്കാന്‍ കഴിയുക? ജാതിമേല്‍ക്കോയ്മക്കും മൂലധനാധിപത്യത്തിനുമെതിരെയുള്ള സമരത്തോട് അന്ധവിശ്വാസവിരുദ്ധ സമരത്തെ കണ്ണിചേര്‍ക്കുന്നതിലാണ്, ഇന്ന് പുരോഗമന ശക്തികളൊക്കെയും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നത്. വന്‍കിട അന്ധവിശ്വാസ ഷോപ്പിങ്ങിനുള്ള സൗകര്യം വിസ്തൃതമാക്കുംവിധം പെട്ടിപീടികലെവല് അന്ധവിശ്വാസം പൊളിക്കുന്ന പ്രവര്‍ത്തനം മാത്രം മതിയോ? മാനസിക തകരാറുള്ള 'ലോക്കല്‍' ആള്‍ദൈവങ്ങളുടെ ചെവിക്ക് പിടിക്കാനുള്ള ആവേശം, വന്‍കിട കോർപറേറ്റ് ആള്‍ദൈവങ്ങള്‍ക്ക് മുന്നിലെത്തുമ്പോള്‍ ആറിത്തണുത്ത് പോവുന്നതെന്തുകൊണ്ടാണ്? ഇതൊന്നും കലാനാഥന് മാഷോടോ സ്വതന്ത്രചിന്തകരോടോ ഇടതുപക്ഷത്തോടോ മാത്രമുള്ള ചോദ്യങ്ങളല്ല, ഉള്ളം പൊള്ളുമാറ്, അഗാധമതവിശ്വാസികളും അഗാധമതരഹിതരും ഒന്നിച്ചുയര്‍ത്തേണ്ട ചോദ്യങ്ങളാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരായ സമരത്തില്‍ ഒരു 'ഐക്യമുന്നണി' കെട്ടിപ്പടുക്കാനാണ് പതിറ്റാണ്ടുകളായി കലാനാഥന് മാഷടക്കമുള്ള സ്വതന്ത്രചിന്തകര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ മനസ്സിെൻറ നമുക്ക് തന്നെയും അജ്ഞാതമായ ഇരുള് മടക്കുകളില്‍ വെളിച്ചം വീഴ്ത്താനുള്ള, സ്വതന്ത്രചിന്തയുടെ ശ്രമങ്ങള്‍ അത്രപെെട്ടന്നൊന്നും വിജയിക്കുകയില്ല. പുലിയെയും നരിയെയും പേടിയില്ലാത്തവര്‍ പ്രേതങ്ങളെ പേടിക്കുന്നതും, ഏതപകടത്തെയും ധീരമായി അഭിമുഖീകരിക്കുന്നവര്‍, 'മുഹൂര്‍ത്തം' തെറ്റുന്നതില്‍ വ്യാകുലരാവുന്നതും, നമുക്കത്ര അപരിചിതമല്ലല്ലോ. പ്രശസ്ത പണ്ഡിതനായ കെ.എന്‍. എഴുത്തച്ഛന്മാഷോട്, മലയാളത്തിെൻറ പ്രിയപ്പെട്ട ചെറുകാട് ചോദിച്ച പ്രധാന സംശയങ്ങളിലൊന്ന് 'ഒടിയനെ'ക്കുറിച്ചായിരുന്നു. ആ ചോദ്യംകേട്ട് കൂവിവിളിച്ച്, ''ഒടിയനോ! നല്ല തമാശ! ഇതാണോ തെൻറ സോഷ്യലിസം'' എന്ന് ചെറുകാടിനെ എഴുത്തച്ഛന്‍മാഷ് കശക്കിയത്, 'ജീവിതപ്പാത'യെന്ന സ്വന്തം ആത്മകഥാഗ്രന്ഥത്തില്‍ ചെറുകാട് തന്നെ എഴുതിയതാണ്! സർവമനുഷ്യരിലും വെളിച്ചം എത്ര നൃത്തം വെക്കുമ്പോഴും ആ വെളിച്ചം കടക്കാത്ത ചില 'അന്ധമേഖലകള്‍' കൂടി നിലനില്ക്കും. സമമായ സാമൂഹികവളര്ച്ചയുടെയും, സ്വയം നവീകരണത്തിെൻറയും നിരന്തര വിമര്‍ശന-സ്വയം വിമര്‍ശനങ്ങളുടെയും ജീവത്തായ ബദലുകളുടെയും അഭാവം നിമിത്തമാണ്, വെളിച്ചത്തിെൻറ നടുവിലും 'ഇരുട്ടിന്' നിവര്‍ന്ന് നില്ക്കാന് കഴിയുന്നത്. യുക്തി പ്രധാനമാണ്. എന്നാല്‍ നീതി അതിലും പ്രധാനമാണ്.
നീതി നിങ്ങളുടെ രക്ഷിതാക്കള്‍ക്ക് എതിരാണെങ്കില്‍, അവരെ തള്ളി നിങ്ങള്‍ നീതിക്കൊപ്പം നില്‍ക്കണം, നീതി നിങ്ങള്‍ക്ക് എതിരാണെങ്കില്‍ നിങ്ങള്‍ നിങ്ങള്‍ക്കെതിരെ നീതിക്കൊപ്പം നില്‍ക്കണമെന്നും 'നിങ്ങളിലെ' അഹങ്കാരിയായ നിങ്ങളെ കൊല്ലണമെന്നുമാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. നീതിയാണ് ജീവിതത്തില്‍ നേതൃത്വം വഹിക്കേണ്ടതെന്ന മഹാതത്ത്വമാണ് നിസ്സംശയം അതാവിഷ്കരിക്കുന്നത്. അങ്ങനെയുള്ള ഖുര്‍ആന്‍ മഷിയിലെഴുതി കലക്കികുടിച്ചാല്‍, എഴുതിയ മഷിക്ക് എന്തെങ്കിലും ഔഷധമൂല്യങ്ങള്‍ ഉണ്ടെങ്കില്‍, അതുകൊണ്ടുള്ള ഗുണമുണ്ടാകും എന്നല്ലാതെ രോഗം മാറുകയോ 'നീതി'ബോധം ഉണ്ടാവുകയോ ചെയ്യില്ല. നിരുപദ്രവകരമോ, ആത്മനാശമുണ്ടാക്കുകയോ ചെയ്യുന്ന ഈയൊരന്ധവിശ്വാസം ആദര്ശവത്കരിക്കപ്പെടേണ്ടതല്ല. എന്നാല്‍ നീതിയെ പരമോന്നത മൂല്യമായി ആഘോഷിക്കുന്ന ഒരു വിശുദ്ധ ഗ്രന്ഥത്തിെൻറ മറവില്‍ യാഥാസ്ഥിതികര്‍ പടച്ചുണ്ടാക്കുന്ന 'ഫത്വകള്' എന്ന മതവിധികളില്‍ ചിലതെങ്കിലും മനുഷ്യനാശംതന്നെ ഉണ്ടാക്കും. മരിച്ചുകഴിഞ്ഞ ഭാര്യയുമായി ആറുമണിക്കൂറിനുള്ളില്‍ ലൈംഗികബന്ധം പുലര്‍ത്തുന്നത്, മതവിരുദ്ധമല്ലെന്ന അബ്ദുല്‍ബാരി അസ്സംസമിയുടെ വിചിത്ര ഫത്വ അനുവദിക്കുന്ന 'വിടവാങ്ങല്‍ സംഭോഗം' (Farewell intercourse) മനുഷ്യത്വത്തോടും യുക്തിബോധത്തോടുമുള്ള വെല്ലുവിളിയാണ്. ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് സാംസ്കാരിക വിമര്‍ശകനായ ഷാജഹാന് മാടമ്പാടിെൻറ 'God is neither a Khomeini nor a Mohan Bhagwat' എന്ന ഗ്രന്ഥത്തിലെ,'Necrophilia and uncooked meat: A take on irrational' എന്ന പ്രബന്ധം വായിക്കുക!
യുക്തിയടക്കം ഒന്നിനെയും കേവലമായി കൊണ്ടാടാനാവില്ല. എന്നാല്‍ എന്തിനെയെങ്കിലും ആവിധം കേവലമായി മനുഷ്യസമൂഹം കൊണ്ടാടണമെങ്കില്‍, അത് നീതിയെ മാത്രമായിരിക്കും. അതുകൊണ്ട്, തെളിവുകള്‍ തിളങ്ങുന്നതും, നയിക്കാനുള്ള അര്‍ഹത അത് നേടുന്നതും നീതി നേതൃത്വം വഹിക്കുമ്പോളായിരിക്കും.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പെരുമണ്ണയിലെ ചെങ്കതിര് കലാവേദിയുടെ സജീവപ്രവര്‍ത്തകനായി 'കഷ്ടിപിഷ്ടി' നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്നൊരു കാലത്ത്, ഒരു ദിവസം രാത്രി ഒരു പ്രശസ്ത അഭിനയപ്രതിഭയും കടുത്ത പുരോഗമനവാദിയുമായ സുഹൃത്ത് റിഹേഴ്സല്‍ കഴിഞ്ഞ്, എന്നോടൊപ്പം രാത്രി വീട്ടിലാണ് കഴിഞ്ഞത്. സമയം അർധരാത്രി കഴിഞ്ഞിരിക്കും. കിടന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ എന്തോ ഒരൊച്ച കേട്ടു. ഞാന്‍ തമാശയായി വല്ല പ്രേതമോ ചെകുത്താനോ മറ്റോ ആയിരിക്കും എന്ന് പറഞ്ഞു. എന്നെ അമ്പരപ്പിച്ചുകൊണ്ട് സുഹൃത്ത് എഴുന്നേറ്റിരുന്ന് എെൻറ കൈപിടിച്ച് പറഞ്ഞു: ഞാന്‍ ഇക്കാര്യം കെ.ഇ.എന്നിനോട് എങ്ങനെ പറയുമെന്ന് വിചാരിച്ചിട്ടാണ്. സത്യത്തില്‍ ഇതൊക്കെയുണ്ട്. പക്ഷേ നമ്മള് പുരോഗമനവാദികള്‍ക്ക് ഇതൊന്നും പുറത്ത് പരസ്യമായി പറയാന്‍ പാടില്ലല്ലോ! പ്രേതത്തെക്കുറിച്ച് ഒരു തമാശ പറയുമ്പോഴും വളരെ സൂക്ഷിക്കണമെന്ന 'യുക്തിപാഠം' അങ്ങനെയാണ് ഞാന്‍ പഠിച്ചത്. എന്തിന്, കഴിഞ്ഞ ദിവസം മലയാളത്തിെൻറ അഭിമാനമായ ഖാദര്‍ഭായിയുടെ പു.ക.സ സംഘടിപ്പിച്ച ഓണ്‍ലൈന്‍ അനുസ്മരണത്തില്‍, ഒരു സംഗീതപ്രതിഭ ഖാദര്ഭായിയുമായുള്ള സൗഹൃദം അടയാളപ്പെടുത്താന്‍, സ്വാഭാവികമായെന്നോണം ഏതോ മുജ്ജന്മബന്ധത്തെ ഓര്‍ത്തു. അതിലത്ര പ്രശ്നമൊന്നുമില്ല. എന്നാല്‍ നമ്മള് പുരോഗമനവാദികള്‍ക്ക് അങ്ങനെയൊന്നും പറയാന്‍ പാടില്ലല്ലോ എന്ന് കൂടി അവര്‍ അതോടൊപ്പം പറഞ്ഞു! സൂചിപ്പിക്കുന്നത് അത്യന്തം കുഴപ്പംപിടിച്ചൊരു വഴിയിലൂടെ നടക്കാന്‍ 'ശിക്ഷിക്കപ്പെട്ട'വരാണ് സ്വതന്ത്രചിന്തകര്‍ എന്നാണ്. പതിമൂന്ന് എന്ന അക്കം അപകടമാണെങ്കില്‍, ഇരുപത്തിയാറ് ഇരട്ടി അപകടമല്ലേ എന്ന് റസ്സല്‍ ചോദിച്ചതിെൻറ യുക്തികൃത്യം മനസ്സിലായാലും, മുറിക്ക് നമ്പറിടുമ്പോള്‍ 'പതിമൂന്ന്' ഒഴിവാക്കും, എന്നാല്‍ 'ഇരുപത്തിയാറ്' ഒഴിവാക്കുകയും ചെയ്യില്ല. അത്ര കൃത്യമാണ്, കാര്യം മനസ്സിലായിട്ടും പലരുടെയും യുക്തിബോധം. ബോധമനസ്സിെൻറ യുക്തിപൂർവമായ തീരുമാനങ്ങളെ അട്ടിമറിക്കുംവിധമുള്ള, അബോധമനസ്സിെൻറ അയുക്തിക അടിയൊഴുക്കുകളെ പ്രതിരോധിക്കണമെങ്കില്‍ നിരന്തര പ്രയത്നം ആവശ്യമുണ്ട്. അത്തരമൊരു ധീരപ്രതിരോധത്തിെൻറ ജ്വലിക്കുന്ന, മലയാള മാതൃകകളില്‍ ഇന്നും, ഈ എണ്‍പതാം വയസ്സിലും ഇടര്‍ച്ചയില്ലാതെ മുന്നില്‍ നില്ക്കുന്നു, മുന്നിട്ടു നില്ക്കുന്നു യു. കലാനാഥന്.
ജീവിതത്തില്‍ പുലര്‍ത്തുന്ന വല്ലാത്തൊരു മിതത്വമാണ് മാഷെ പല പൊതുപ്രവര്‍ത്തകരില്‍നിന്നും വേറിട്ടു നിര്‍ത്തുന്നത്. നില്‍പ്പിലും നടപ്പിലും നൃത്തംവെക്കുന്ന ആ 'മിതത്വത്തിനു' മുമ്പില്‍ പലതവണ ഞാന്‍ വിസ്മയപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഞങ്ങള്‍ ഒന്നിച്ച് ഫോര്‍ട്ട്കൊച്ചിയില്‍ ഒരു സാംസ്കാരിക പരിപാടിയില്‍ പങ്കെടുത്തു. കാറിലാണ് യാത്ര. പ്രഭാഷണം കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ കാറിന്നുള്ള പണം ഒരു കവറില്‍ എന്നെ ഏല്പിച്ചു. മാഷ്ക്കും ഒരു കവറ് കൊടുക്കാന്‍ സംഘാടകര്‍ ശ്രമിച്ചു. മാഷ് വാങ്ങാന്‍ മടിച്ചു. കാരണം, കാറിനുള്ള പണം എന്നെ ഏല്പിച്ചല്ലോ, പക്ഷേ സംഘാടകര്‍ വിട്ടില്ല. ഒടുവില്‍ ഞാനും നിർബന്ധിച്ചു. മാഷ് മനസ്സില്ലാ മനസ്സോടെ വഴങ്ങി. പുലര്‍ച്ചയായിക്കാണും ഞങ്ങള്‍ വീട്ടിലെത്താന്‍. മാഷെ വള്ളിക്കുന്നില്‍ ഇറക്കി, ഞാന്‍ വീട്ടിലെത്തുമ്പോള്‍, നേരം പുലര്‍ന്നിട്ടില്ല, മാഷിെൻറ ആദ്യഫോണ്‍. ''എൻറിഷ്ടാ എത്ര പൈസയാ ഇവര്‍ തന്നിരിക്കുന്നത്, എെൻറ ജീവിതത്തില്‍ ആദ്യമായിട്ടാണ് പ്രഭാഷണയാത്രക്ക് ഇത്രയും പണം കിട്ടുന്നത്.'' ഞാന്‍ മാഷെ സമാധാനിപ്പിച്ചു. ''അതൊന്നും സാരമാക്കണ്ട. പുസ്തകം വാങ്ങാമല്ലോ.'' മാസങ്ങള്‍ കഴിഞ്ഞ് കണ്ടുമുട്ടിയപ്പോഴും സംഭാഷണത്തിനിടയില്‍ മാഷ് ഫോര്‍ട്ട്കൊച്ചി അനുഭവം ഓര്‍മിപ്പിച്ചു.
ഞാന്‍ കാണുന്ന കാലം മുതല്‍ മാഷ് പങ്കുവെച്ച വീറും വാശിയും കൃത്യതയും ഇന്നും അതേ തീവ്രതയില്‍ തുടരുന്നു. സംവാദങ്ങളില്‍ കത്തിക്കയറുമ്പോഴും, സൗഹൃദത്തിെൻറ അതിര്‍ത്തി തകര്‍ക്കില്ല. വ്യക്തികളോടല്ല, ആശയങ്ങളോടും നിലപാടുകളോടുമാണ് മാഷിെൻറ എതിരിടല്‍. അതുകൊണ്ടാണ്, വള്ളിക്കുന്നിലെ മുഴുവന്‍ മനുഷ്യരേയും ജാതിമത വിശ്വാസഭേദമന്യേ വികസന പ്രവര്‍ത്തനങ്ങളില്‍ ഐക്യപ്പെടുത്താന്‍ കഴിഞ്ഞത്. ''ആരാധ്യനായ ബിഷപ്പ്, ധ്യാനവും പഠനവും ചിന്തയുമായാണ് ഞാന്‍ ഇത്രയും കാലം ജീവിച്ചത്. അള്‍ത്താരയുടെ തുണി ഞാന്‍ വലിച്ചുകീറി, പക്ഷേ അത് രാജ്യത്തിെൻറ മുറിവുകളില്‍ കെട്ടാനായിരുന്നു. എന്നോട് എന്ത് ചോദിക്കാനാണ് നിങ്ങള്‍ വന്നിരിക്കുന്നത്...'' വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങളിലെ 'ജി' എന്ന നിരീശ്വരവാദിയായ പ്രക്ഷോഭകാരി ബിഷപ്പിനോട് പറഞ്ഞ ആശയത്തിെൻറ, അടുത്താണ് കലാനാഥന് മാഷും നില്‍ക്കുന്നത്. അദ്ദേഹത്തിെൻറ യുക്തിവാദത്തില്‍ അനിവാര്യമായും യുക്തിവാദസഹജമായ 'ശാഠ്യ'ങ്ങള് ഉണ്ട്. പക്ഷേ, അതിനൊക്കെയപ്പുറം അതിലെന്നും മുഴങ്ങിയത്, മുഴങ്ങുന്നത് മനുഷ്യത്വത്തിെൻറ ശബ്ദമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.