കാർഷിക സർവകലാശാലയുടെ ലേബൽ പതിച്ച് വിറ്റത് പുറത്തുനിന്ന് വാങ്ങിയ തേൻ
text_fieldsതൃശൂർ: കേരള കാർഷിക സർവകലാശാല സ്വന്തം ഉൽപന്നമെന്ന പേരിൽ വിറ്റ തേൻ പുറത്തുനിന്ന് വാങ്ങിയത്. തൃശൂർ അവിണിശ്ശേരിയിലെ ‘ഭാരത് ബീ കീപ്പിങ് ഏജൻസീസ്’ എന്ന സ്ഥാപനത്തിൽനിന്ന് വാങ്ങിയ കിലോക്കണക്കിന് തേൻ സർവകലാശാല ലേബൽ പതിച്ച് വിൽക്കുകയായിരുന്നു. സർവകലാശാല ആർജിച്ച വിശ്വാസ്യതയും ഗുണമേന്മയും തകർക്കുന്ന പ്രവണതയാണ് ഇതെന്ന് സംസ്ഥാന ഒാഡിറ്റ് വകുപ്പ് നടത്തിയ പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. 2014 ഏപ്രിൽ ഒന്നുമുതൽ 2016 േമയ് 31 വരെയുള്ള കാലയളവിൽ നടത്തിയ ഒാഡിറ്റിങ്ങിൽ ഇത്തരം നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്.2014 ഫെബ്രുവരി 28 മുതൽ ഡിസംബർ 19 വരെ നാല് തവണയായി അവിണിശ്ശേരിയിൽനിന്ന് 200 കിലോ വീതം ആകെ 800 കിലോ തേനാണ് വെള്ളാനിക്കര ഫോറസ്ട്രി കോളജ് വാങ്ങിയത്. ഇത് 2014 േമയ് മുതൽ 2015 നവംബർ വരെ വിറ്റു.
അവസാനം വിറ്റ തേൻ ഏതാണ്ട് 10 മാസത്തോളം സ്റ്റോക്കിൽ സൂക്ഷിച്ചുവെന്നും കുപ്പിയിലെ ലേബലിൽ ‘12 മാസത്തിനകം ഉപയോഗിക്കുന്നത് നല്ലത്’ എന്ന് രേഖപ്പെടുത്തിയിരുന്നുെവന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുവിപണിയിലെ തേനിെൻറ ഗുണമേന്മയിൽ ഉറപ്പില്ലാത്തതുകൊണ്ടാണ് ആവശ്യക്കാർ സർവകലാശാലയെ സമീപിക്കുന്നത്. ഇത്തരം പ്രവണത ആ വിശ്വാസം തകർക്കുന്നതാണ്.
2013-’14 വർഷം വെള്ളാനിക്കര സെൻട്രൽ നഴ്സറിയിൽ വിറ്റ അരിനെല്ലി, മാതളം, മുന്തിരിവള്ളി എന്നിവയുടെ തൈകളും സ്വന്തമായിരുന്നില്ല. തമിഴ്നാട് ഡിണ്ഡിഗലിലെ ഇ. തൊമ്മിയാർ എന്നയാളിൽനിന്ന് ഒരു രൂപക്ക് വാങ്ങിയ അരിനെല്ലിയും മാതളവും മുന്തിരിവള്ളിയും പോളിത്തീൻ ബാഗിലാക്കി 10 രൂപക്ക് വിറ്റു.
കടലൂരിലെ രാമലിംഗത്തിെൻറ നഴ്സറിയിൽനിന്ന് ഒരു രൂപക്ക് വാങ്ങിയ കുറ്റിമുല്ലയാണ് ഏഴ് രൂപക്ക് വിറ്റത്. 3,200 അരിനെല്ലി, 2,500 മാതളം, 13,000 കുറ്റിമുല്ല, 11,920 മുന്തിരിവള്ളി എന്നിവ ഇങ്ങനെ വാങ്ങി. പുറംകരാർ ഗുരുതര വീഴ്ചയായാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. ഇത്തരം റിവോൾവിങ് ഫണ്ട് യൂനിറ്റുകൾ സ്വയംപര്യാപ്തമല്ലെന്നും സെൻട്രൽ നഴ്സറി റിവോൾവിങ് ഫണ്ട് വരവ് തുകയുടെ കണക്ക് ആധികാരികമല്ലെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.