ഹയർസെക്കൻഡറി പാഠപുസ്തക ഉള്ളടക്കം വെട്ടിക്കുറക്കുന്നത് കേരളവും പരിശോധിക്കുന്നു
text_fieldsതിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തെ അടിസ്ഥാനപ്പെടുത്തി നാഷനൽ കൗൺസിൽ ഓഫ് എജുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) സ്കൂൾ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിൽ വരുത്തിയ കുറവ് കേരളത്തിലും നടപ്പാക്കുന്നത് പരിശോധിക്കുന്നു. എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ ഉപയോഗിച്ച് പഠിപ്പിക്കുന്ന ഹയർസെക്കൻഡറി ക്ലാസുകളിലെ പാഠപുസ്തകത്തിൽ കുറവ് വരുത്തുന്നതാണ് പരിശോധിക്കുന്നത്. ഇതിനുള്ള നടപടികൾക്ക് എസ്.സി.ഇ.ആർ.ടി തുടക്കംകുറിച്ചു.
ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ബയോളജി, ധനതത്ത്വശാസ്ത്രം, പൊളിറ്റിക്കല്‍ സയന്‍സ്, ചരിത്രം, ഭൂമിശാസ്ത്രം, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി തുടങ്ങിയ വിഷയങ്ങളിലാണ് കേരളത്തിൽ എൻ.സി.ഇ.ആർ.ടി പാഠപുസ്തകം ഉപയോഗിക്കുന്നത്. പുസ്തകങ്ങളിലെ ഉള്ളടക്കത്തിൽ കുറവുവരുത്തുന്നതിൽ നിർദേശം സമർപ്പിക്കാൻ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ബന്ധപ്പെട്ട ഫാക്കൽറ്റികൾക്ക് നിർദേശം നൽകി. ഇതുകൂടി പരിഗണിച്ചാകും തുടർനടപടി.
നേരത്തേ എൻ.സി.ഇ.ആർ.ടി ഹയർസെക്കൻഡറി ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടെ വരുത്തിയ വെട്ടിക്കുറക്കൽ വിവാദമായിരുന്നു. മധ്യകാല ഇന്ത്യ ചരിത്രത്തിൽ മുഗൾ ഭരണകാലം ഉൾപ്പെടെയാണ് കുറവുവരുത്തിയത്. എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിനൊപ്പം കേരള ചരിത്രത്തിന് ഊന്നൽ നൽകുന്ന പാഠഭാഗംകൂടി ചേർത്താണ് കേരളത്തിലെ സ്കൂളുകളിൽ പഠിപ്പിക്കുന്നത്. എൻ.സി.ഇ.ആർ.ടി വരുത്തിയ വെട്ടിക്കുറക്കൽ ചരിത്രപാഠപുസ്തകത്തിൽ ഉൾപ്പെടെ കേരളത്തിൽ എങ്ങനെ നടപ്പാക്കുമെന്നത് നിർണായകമാണ്. സയൻസ് വിഷയങ്ങളിൽ വിദ്യാർഥികൾ ഉള്ളടക്കഭാരം നേരിടുന്നെന്ന് വിമർശനം ഉയർന്നിരുന്നു. സയൻസ് വിഷയങ്ങളിൽ എൻ.സി.ഇ.ആർ.ടി വരുത്തിയ കുറവ് കേരളത്തിലും അംഗീകരിക്കാനാണ് സാധ്യത. മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെ കോഴ്സുകളിലേക്കുള്ള നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾക്കുള്ള സിലബസ് തയാറാക്കുന്നത് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.