'കേരള' യും എം.ജിയും സർവകലാശാല ആഗോള റാങ്കിങ് പട്ടികയിൽ
text_fieldsതിരുവനന്തപുരം: സർവകലാശാലകളുടെ ആഗോള റാങ്കിങ്ങിൽ ഇടംപിടിച്ച് കേരള, എം.ജി സർവകലാശാലകൾ. ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ ഏഷ്യ 2025ൽ കേരള സർവകലാശാല 339ാം സ്ഥാനം നേടി. ദക്ഷിണേഷ്യ വിഭാഗത്തിൽ 88ാം സ്ഥാനവും കേരള സർവകലാശാലക്ക് ലഭിച്ചു. ലണ്ടന്‍ ആസ്ഥാനമായ ടൈംസ് ഹയര്‍ എജുക്കേഷന്റെ 2025 വര്‍ഷത്തേക്കുള്ള ലോക സർവകലാശാല റാങ്കിങ്ങില്‍ 401 മുതല്‍ 500 വരെയുള്ള റാങ്ക് വിഭാഗത്തിലാണ് എം.ജി സർവകലാശാല ഇടംപിടിച്ചത്. 2024ലെ റാങ്കിങ്ങില്‍ 501-600 റാങ്ക് വിഭാഗത്തിലായിരുന്നു.
സർവകലാശാലകളുടെ അക്കാദമിക നിലവാരം, ഗവേഷണ നിലവാരം, വിദ്യാർഥി-അധ്യാപക അനുപാതം, ജോലി സാധ്യത, അന്താരാഷ്ട്ര നിലവാരമുള്ള അധ്യാപകരുടെ ലഭ്യത തുടങ്ങിയ മാനദണ്ഡങ്ങളാണ് ക്യു.എസ് റാങ്കിങ് അടിസ്ഥാനമാക്കുന്നത്. ആഗോളതലത്തിൽ വിദ്യാർഥികൾക്കും ഗവേഷകർക്കും ലോകോത്തര ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ തെരഞ്ഞെടുക്കുന്നതിൽ സുപ്രധാന സൂചികകളിലൊന്നാണ് ക്യു.എസ് റാങ്കിങ്. എം.ജി സർവകലാശാലക്ക് പുറമെ, തമിഴ്നാട്ടിലെ അണ്ണാ സർവകലാശാല, സിമാറ്റ്സ് ഡീംഡ് സർവകലാശാല, ഹിമാചല്‍ പ്രദേശിലെ ശൂലിനി യൂനിവേഴ്സിറ്റി ഓഫ് ബയോടെക്നോളജി ആൻഡ് മാനേജ്മെന്റ് എന്നിവ മാത്രമാണ് 401-500 റാങ്ക് വിഭാഗത്തിൽ ഇന്ത്യയിൽനിന്ന് ഇടംപിടിച്ചത്.
115 രാജ്യങ്ങളില്‍നിന്നുള്ള 2092 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ടൈംസ് റാങ്ക് പട്ടിക. യു.കെയിലെ ഓക്സ്ഫഡ് സർവകലാശാലയാണ് തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും ഒന്നാമത്.
കാലത്തിന്റെ മാറ്റത്തെയും സാങ്കേതികവിദ്യകളെയും സമന്വയിപ്പിക്കുന്നതിലുള്ള മികവാണ് എം.ജി സർവകലാശാലയുടെ അംഗീകാരലബ്ധിക്ക് കാരണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. 2021 മുതല്‍ തുടര്‍ച്ചയായി ടൈംസ് ഹയര്‍ എജുക്കേഷന്‍ റാങ്കിങ്ങില്‍ ഇടം നേടുന്ന സർവകലാശാല ഈ വര്‍ഷം ടൈംസ് യങ് യൂനിവേഴ്സിറ്റി റാങ്കിങ്ങില്‍ രാജ്യത്ത് ഒന്നാം സ്ഥാനവും ഏഷ്യ യൂനിവേഴ്സിറ്റി റാങ്കിങ്ങില്‍ മൂന്നാം സ്ഥാനവും നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.