പാർട്ടി കോൺഗ്രസിൽ ബദൽ മാതൃകയായി കേരളം
text_fieldsകണ്ണൂർ: ഇടതുപക്ഷത്തിന്റെ ബദൽ മാതൃകയായി കേരളം സി.പി.എമ്മിന്റെ 23 ാം പാർട്ടി കോൺഗ്രസിന് മുന്നിൽ. കേന്ദ്രത്തിലെ മോദി സർക്കാറിന്റെ സാമ്പത്തിക, രാഷ്ട്രീയ നയങ്ങൾക്കുള്ള ബദൽ വികസന മാതൃകയായാണ് എൽ.ഡി.എഫ് സർക്കാറിന്റെ വികസന നയ പദ്ധതികളും രാഷ്ട്രീയ നിലപാടും കരട് രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ചർച്ചയിൽ ഉയർന്നത്.
ബി.ജെ.പി ഉയർത്തിക്കാട്ടുന്ന 'ഗുജറാത്ത് മാതൃക'ക്ക് ബദലായി എൽ.ഡി.എഫ് സർക്കാറിന്റെ വികസന മാതൃക ദേശീയതലത്തിൽ തന്നെ പ്രചാരണ വിഷയമാക്കാനാണ് സി.പി.എം തീരുമാനം. കേരളമാണ് സി.പി.എമ്മിന് മാതൃകയെന്നും രാജ്യം മുഴുവൻ ഈ മാതൃക പ്രചരിപ്പിക്കുമെന്നും മുതിർന്ന പി.ബി അംഗം വൃന്ദ കാരാട്ട് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയതോടെ വികസനത്തെക്കുറിച്ചുള്ള പുതിയ സംവാദത്തിനുകൂടിയാണ് വാതിൽ തുറക്കുന്നത്.
എൽ.ഡി.എഫിന് ചരിത്രത്തിൽ ആദ്യമായി തുടർ ഭരണം നേടിക്കൊടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം കേരള ഘടകത്തെയും സംബന്ധിച്ച് വലിയ രാഷ്ട്രീയ നേട്ടം കൂടിയാണിത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ നടന്ന ചർച്ചയിൽ കേരളത്തിൽനിന്നുള്ള പ്രതിനിധികൾ 2024ലെ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ അടവുനയത്തിൽ ഏറെ സമയവും ഒന്നാം പിണറായി സർക്കാറിന്റെ വികസന മാതൃക വിശദീകരിക്കുകയായിരുന്നു.
പിന്നീട് സംസാരിച്ച അഞ്ചു സംസ്ഥാനങ്ങളിലെ പ്രതിനിധികൾ കേരള മാതൃക കരട് രാഷ്ട്രീയ പ്രമേയത്തിൽ സി.പി.എമ്മിന്റെ ബദൽ മാതൃകയായി പ്രത്യേകം ഉൾപ്പെടുത്തേണ്ടതല്ലേയെന്ന് ചോദിച്ചു. എന്നാൽ, കരട് പ്രമേയത്തിൽ തന്നെ കേരളമാതൃക വിശദീകരിക്കുന്നുണ്ടെന്ന വിശദീകരണമാണ് നേതൃത്വം നൽകിയത്. നവകേരള മിഷൻ കോഓഡിനേറ്റർ ടി.എൻ. സീമ നാലു മിഷനുകളുടെ പ്രവർത്തനം വിശദീകരിച്ചു.
ഒന്നാം പിണറായി സർക്കാർ ലൈഫ് മിഷനിലൂടെ കേരളത്തിൽ 2.79 ലക്ഷം കുടുംബങ്ങൾക്ക് വീടുകൾ നൽകി. വൈദ്യുതി ഉൽപാദനം ഇരട്ടിയാക്കി, ദേശീയപാതക്ക് വീതികൂട്ടി, നല്ല സർക്കാർ ആശുപത്രികളും സർക്കാർ സ്കൂളുകളും വ്യവസായ ഇടനാഴിയും സ്ഥാപിച്ച് അടിസ്ഥാന വികസനരംഗത്ത് കുതിപ്പുണ്ടാക്കാൻ കഴിഞ്ഞുവെന്ന് സീമ പറഞ്ഞു.
എൽ.ഡി.എഫ് സർക്കാറിന്റെ വികസന പദ്ധതികളെ ബി.ജെ.പിക്കൊപ്പം ചേർന്ന് അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് സിൽവർലൈൻ ചൂണ്ടിക്കാട്ടി പി. രാജീവ് പറഞ്ഞു.
'തുടർഭരണം ബദൽ പദ്ധതികൾക്കുള്ള അംഗീകാരം'
കണ്ണൂർ: ബദൽ വികസന പദ്ധതികൾക്കുള്ള അംഗീകാരമാണ് ജനങ്ങൾ വീണ്ടും എൽ.ഡി.എഫ് സർക്കാറിനെ വിജയിപ്പിച്ചതെന്ന് കെ.കെ. രാഗേഷ് ചർച്ചയിൽ പറഞ്ഞു. കേരളത്തിൽ ബി.ജെ.പിയുടെ വോട്ട് ശതമാനം 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലെ 15.01 ശതമാനത്തിൽനിന്ന് 12.47 ശതമാനമായി 2021ൽ കുറഞ്ഞു.
ബി.ജെ.പിക്ക് സംസ്ഥാനത്തുണ്ടായിരുന്ന ഏക സീറ്റ് സി.പി.എം പിടിച്ചെടുത്തു. മതേതര മൂല്യങ്ങളും ജനാധിപത്യ അവകാശവും സംരക്ഷിക്കാൻ എടുത്ത നടപടിയിൽ ജനം വിശ്വാസം അർപ്പിച്ചു. അതാണ് തുടർഭരണത്തിന് ഇടയാക്കിയതെന്നും പറഞ്ഞു. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, കർണാടക, തമിഴ്നാട്, ഒഡിഷ സംസ്ഥാനങ്ങളിൽനിന്ന് സംസാരിച്ച പ്രതിനിധികളാണ് കേരളത്തിന്റെ ബദൽ മാതൃക രാഷ്ട്രീയ പ്രമേയത്തിൽ പ്രത്യേകമായി ഉൾപ്പെടുത്തിക്കൂടേയെന്നു ചോദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.