ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം വേണമെന്ന് കേന്ദ്രത്തോട് കേരളം
text_fieldsഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം വേണമെന്ന് കേന്ദ്രത്തോട് കേരള സര്‍ക്കാര്‍. പൂഞ്ചി കമീഷൻ റിപ്പോർട്ടിനുള്ള മറുപടിയിലാണ് കേരള സര്‍ക്കാരിന്‍റെ ശിപാര്‍ശ.
സംസ്ഥാനത്ത് ഗവര്‍ണര്‍ തുടര്‍ച്ചയായി ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശിപാര്‍ശ എന്നതാണ് ശ്രദ്ധേയം. ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ വീഴ്ച എന്നിവ ഉണ്ടായാല്‍ ഗവര്‍ണറെ പുറത്താക്കണം എന്നാണ് കേരളത്തിന്‍റെ ശിപാര്‍ശ. ഭരണഘടനാ ചുമതല ഇല്ലെങ്കില്‍ ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ ഇരുത്തേണ്ട കാര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.
ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ സംസ്ഥാന നിയമസഭയ്ക്ക് അനുമതി നല്‍കണം, ഗവര്‍ണറെ നിയമിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കണം, ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോള്‍ കേന്ദ്രസേനയെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ കൂടി അനുമതി വേണം തുടങ്ങിയ ശിപാര്‍ശകളാണ് കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ചത്.
അതേസമയം, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ ഗവർണർ നിലപാട് കടുപ്പിച്ചതോടെ സർക്കാർ സമ്മർദ്ദത്തിലായിരിക്കുകയാണ്. പേഴ്സണല്‍ സ്റ്റാഫിന്‍റെ വിവരങ്ങളടങ്ങിയ ഫയലുകൾ ഹാജരാക്കാൻ ഗവർണർ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. സർക്കാറിനെയും പ്രതിപക്ഷത്തെയും ഒരുപോലെ ലക്ഷ്യമിട്ടാണ് ഗവർണറുടെ നീക്കം. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉള്ളപ്പോള്‍ ഈ അധിക ചിലവ് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ഗവർണർ. ചീഫ് സെക്രട്ടറിയുടെ മറുപടി ലഭിച്ച ശേഷമാകും ഗവർണറുടെ തുടർനീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.