Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കേരളം ചോദിക്കുന്നു, അനുപമയുടെ കുഞ്ഞെവിടെ?
cancel
Homechevron_rightNewschevron_rightKeralachevron_rightകേരളം ചോദിക്കുന്നു,...

കേരളം ചോദിക്കുന്നു, അനുപമയുടെ കുഞ്ഞെവിടെ?

text_fields
bookmark_border

മൂന്ന്​ ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ മാറത്ത്​ നിന്ന്​ തട്ടിയെടുത്തിട്ട്​ ഒരു വർഷം പിന്നിട്ടു. അവന്‍റെ മാതാപിതാക്കൾ ജീവിച്ചിരിക്കെ അമ്മച്ചൂടറിയാതെ ഏതോ ഒളിത്താവളത്തിൽ ഒളിപ്പിച്ചിരിക്കുകയാണ്​ അവനെ.

ഒക്​ടോബർ 19 ന്​ അവന്‍റെ ഒന്നാം പിറന്നാളായിരുന്നു. പക്ഷെ അമ്മയെയും അച്ഛനെയും​ കാണാതെ ഏതോ ഇ​രുട്ടിലാണവൻ. അമ്മയ്​ക്കും അച്ഛനും അവനിലേ​ക്കെത്താനുള്ള വഴികളൊക്കെയും സർക്കാരും നിയമ സംവിധാനങ്ങളും പാർട്ടിയും ചേർന്ന്​ അടച്ചിട്ടിരിക്കുകയാണ്​.

സി.പി.എം നേതാക്കൾക്ക്​ മകൾ തെരഞ്ഞെട​ുത്ത ഇണ വിവാഹതിനാണെന്നതും ജാതിയുമായിരുന്നു പ്രശ്​നം. ദലിത്​ ക്രിസ്​ത്യാനിക്കൊപ്പം മക​ളെ ജീവിക്കാനാനുവദിക്കില്ലെന്ന്​ തീരുമാനിച്ച അവരാണ്​ അനുപമയിൽ നിന്ന്​ ​ മൂന്നാം ദിവസം കുഞ്ഞിനെ തട്ടിയെടുക്കുന്നത്​. മാതാപിതാക്കളും പേരൂര്‍ക്കട ഏരിയാ കമ്മിറ്റി അംഗവുമായ പി.എസ്.ജയചന്ദ്രനും ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​​മാ​യ സ്മി​താ ജ​യിം​സുമാണ്​ കുഞ്ഞിനെ തട്ടിയെടുത്തതെന്ന്​ അനുപമ പറയുന്നു.

പുരോഗമന കേരളമെന്നവകാശപ്പെടുന്ന നാട്ടിലാണ്​ ഒരമ്മക്ക്​ തന്‍റെ ചോരക്കുഞ്ഞിനെ അന്വേഷിച്ച്​ അലയേണ്ടിവരുന്നത്​. ഭരണകൂട സംവിധാനങ്ങൾ നിലനിൽക്കുന്ന തലസ്ഥാന നഗരിയിൽ ആ അമ്മയും അച്ഛനും മുട്ടാത്ത വാതിലുകളില്ല. മു​ഖ്യമന്ത്രിയുടെ ഓഫിസും, പൊലീസ്​ സംവിധാനങ്ങളും കൈവിട്ടതോടെ പാർട്ടി ഓഫീസുകളിലും ആ അമ്മ കുഞ്ഞിലേക്കുള്ള വഴി തേടി. കരുണയുടെ വാതിലുകളൊന്നും അവർക്ക്​ മുന്നിൽ തുറന്നില്ല.

മാധ്യമങ്ങളുടെ മുന്നിലേക്ക്​ അവർ നീതിതേടിയെത്തിയപ്പോൾ പുറത്ത്​വന്നത്​ ആ കുറ്റകൃത്യത്തിന്​ കുടപിടിച്ച​ പൊലീസ്​ സംവിധാനങ്ങളുടെ വീഴ്ചയായിരുന്നു. അനുപമ പറയുന്നത്​ ഇങ്ങനെ ''ഞങ്ങള്‍ പരാതികൊടുത്തിട്ട് ആറുമാസം തികയുന്നതിന്‍റെ അന്നാണ് പൊലീസ്​ എഫ്‌.ഐ.ആര്‍ ഇടുന്നത്. എഫ്‌.ഐ.ആറില്‍ കുഞ്ഞിനെ തട്ടികൊണ്ടുപോയതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വകുപ്പ് പോലും ചേര്‍ത്തിട്ടില്ല. തട്ടികൊണ്ടുപോകുക, തടവില്‍ പാര്‍പ്പിക്കുക, വ്യാജ രേഖ ചമയ്ക്കുക, ഗൂഢാലോചന നടത്തുക. ഈ നാലുവകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്​.

സംഭവത്തിൽ പലരും മൗനം പാലിച്ചപ്പോൾ സർക്കാർ ഇനിയും ഇടപെടാത്തതിൽ ശക്​തമായ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്​ പല സാമൂഹിക രാഷ്​ട്രീയ പ്രവർത്തകരും.

അനുപമ ചന്ദ്രന് കുഞ്ഞിനെ ഉടൻ തിരിച്ചു കിട്ടണം - കെ.കെ രമ

എം.എൽ.എ ആയ കെ.കെ രമ എഴുതുന്നതിങ്ങനെയാണ്​ -
ഈ അമ്മയുടെ നിലവിളി കേൾക്കാനല്ലെങ്കിൽ നമുക്കെന്തിനാണീ നീതിന്യായ സംവിധാനങ്ങൾ?
മനഃസാക്ഷിയുള്ളവർക്ക് നെഞ്ചു പൊളളിക്കൊണ്ടല്ലാതെ നൊന്തുപെറ്റ കുഞ്ഞിനെ കിട്ടാനുള്ള ഈ അമ്മയുടെ നിലവിളി കേട്ടു നിൽക്കാനാവില്ല. അനുപമ ചന്ദ്രൻ എന്ന യുവതിയുടെ കുഞ്ഞിനെ പിറന്ന ഉടനെ അമ്മയിൽ വേർപെടുത്തിയത് മറ്റാരുമല്ല സ്വന്തം രക്ഷിതാക്കൾ തന്നെയാണെന്ന് ആ യുവതി മാദ്ധ്യമങ്ങൾക്ക് മുന്നിൽ നിലവിളിച്ച് പറയുന്നത്.വ്യാജ രേഖകൾ ചമച്ച് ശിശുക്ഷേമ സമിതിക്ക് കൈമാറി എന്നാണ് മാദ്ധ്യമങ്ങളിൽ നിന്ന് അറിയുന്നത്......................
മുഖ്യമന്ത്രി മുതൽ ഈ നാട്ടിലെ എല്ലാ നീതിനിർവ്വഹണ സംവിധാനങ്ങളുടെയും വാതിലിൽ ഈ അമ്മ മുട്ടിയിട്ടും അവയൊന്നും കണ്ണു തുറക്കാതായതിന് ഒറ്റക്കാരണമേയുളളൂ. സിപിഎം നേതാവായ അനുപമയുടെ അച്ഛൻ ജയചന്ദ്രന്‍റെ ഉന്നതതല സ്വാധീനം. സിപിഎം സംസ്ഥാനകമ്മിറ്റിയംഗവും തിരുവനന്തപുരത്തെ പ്രധാന നേതാവുമായിരുന്ന പേരൂർക്കട സദാശിവന്‍റെ മകനും നിലവിൽ ഏരിയാ കമ്മിറ്റിയംഗവുമാണ് ജയചന്ദ്രൻ. ഇത്രയും നിയമ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ പ്രവൃത്തികൾക്ക് അദ്ദേഹം ചാനൽ ചർച്ചയിൽ നിരത്തുന്ന സാദാചാര വാദങ്ങളും കുടുംബത്തിന്റെ മാനം സംരക്ഷിക്കാനെന്ന ന്യായവും അത്യന്തം ഭയാനകമാണ്. വനിതകളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന പി.ആർ പണിയിൽ തീരുമോ സർക്കാരിന്റെയും അതാത് വകുപ്പുകളുടെയും ഉത്തരവാദിത്തം? വടക്കേ ഇന്ത്യൻ മാടമ്പി രാഷ്ട്രീയത്തെ നാണിപ്പിക്കും വിധം നടന്ന ഈ മനുഷ്യത്വ വിരുദ്ധ ക്രിമിനൽ പ്രവർത്തനങ്ങളുടെ ഉള്ളുകള്ളികൾ മുഴുവൻ ജനാധിപത്യ, നിയമ വിചാരണയ്ക്ക് വിധേയമാവണം. അനുപമ ചന്ദ്രന് കുഞ്ഞിനെ ഉടൻ തിരിച്ചു കിട്ടണം. ബലം പ്രയോഗിച്ച്, വ്യാജ രേഖ ചമച്ച് കുഞ്ഞിനെ തട്ടിയെടുക്കാൻ കൂട്ടുനിന്ന സകല ഔദ്യോഗിക സംവിധാനങ്ങളും മാതൃകാപരമായി ശിക്ഷിക്കപ്പെടണം.


കേരളത്തിലെ സ്ത്രീ പ്രവർത്തകരും മനുഷ്യ സ്നേഹികളും ഗാഢ മൗനത്തിലാണ് - ഉഷ പുനത്തിൽ

ഉഷ പുനത്തിൽ പറയുന്നതിങ്ങനെ - ആറുമാസമായി സ്വന്തം മകനെ അന്വേഷിച്ചു അനുപമ പോലിസ് സ്റ്റേഷനുകളിലും വിവിധ ചൈൽഡ് വെൽഫയർ സ്ഥാപനങ്ങളിലും കയറി ഇറങ്ങി നടക്കുകയാണ്. പരാതി നൽകി ആറുമാസത്തിനു ശേഷം പേരിന് എഫ്​.ഐ.ആർ ഇട്ടിട്ടുണ്ട് പോലിസ്.(18ാം തിയതി രാത്രി 8മണിക്ക്)

ഗർഭമാണെന്നറിഞ്ഞതുമുതൽ കുഞ്ഞിനെ നശിപ്പിക്കാൻ അനുപമയുടെ അമ്മയും അച്ഛനും അനുപമയെയും കൊണ്ട് വിവിധ ആശുപത്രികളിൽ(ഏറനാട്, കായംകുളം) കയറി ഇറങ്ങുകയായിരുന്നു. എന്നാൽ എന്തുകൊണ്ടോ ആശുപത്രികൾ അത് നടത്തികൊടുത്തില്ല.

അനുപമയുടെ പാർട്ടി (ഭരിക്കുന്ന പാർട്ടി)യുടെ പോളിറ്റ് ബ്യുറോ മെമ്പർ തൊട്ട് മുഖ്യ മന്ത്രി തൊട്ട് സംസ്ഥാന സെക്രട്ടറി തൊട്ട് ജില്ലാ സെക്രട്ടറി തൊട്ട് എല്ലാവരെയും അനുപമ സമീപിച്ചിട്ടുണ്ട്, യാചിച്ചിട്ടുണ്ട് കുഞ്ഞിനെ തിരികെ നൽകിക്കൊടുക്കാൻ ഒന്നുമുണ്ടാകുന്നില്ല.

ബ്രിന്ദ കാരാട്ട് അനുതാപ പൂർവം പരാതി കേട്ട് അന്വേഷിച്ചു കുഞ്ഞിനെ തിരികെ കൊടുക്കാൻ ശ്രീമതി ടീച്ചറെ ചുമതലപ്പെടുത്തിയത്രേ......

ഈ വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോഴും കേരളത്തിലെ സ്ത്രീ പ്രവർത്തകരും മനുഷ്യ സ്നേഹികളും ഗാഢ മൗനത്തിലാണ് ഇതിൽ രണ്ട് പക്ഷമില്ല, നിഷ്പക്ഷവുമില്ല, അനുപമയോടൊപ്പം.

അനുപമക്ക്‌ എവിടെ നിന്നും നീതി കിട്ടിയില്ല- സുധ മേനോൻ

സാമൂഹ്യ പ്രവർത്തകയായ സുധ മേനോൻ ഫേസ്​ബുക്കിൽ കുറിച്ചതിങ്ങനെയാണ്​ - ഒരമ്മ താൻ പ്രസവിച്ച കുഞ്ഞിനെ തേടി ആറുമാസമായി അലയുന്നത് പ്രബുദ്ധകേരളത്തിൽ ആണ്. മുഖ്യമന്ത്രി, വനിതാകമ്മിഷൻ, പോലീസ് സ്റ്റേഷനുകൾ, പാർട്ടി ഓഫീസ്‌...അവരിനി കുട്ടിയെ തിരിച്ചു കിട്ടാൻ വേണ്ടി പോകാത്ത ഇടമില്ല. തട്ടാത്ത വാതിലുകൾ ഇല്ല.
എന്നിട്ടും, അനുപമക്ക്‌ സ്വന്തം അച്ഛനിൽ നിന്നും പോലീസിൽ നിന്നും സർക്കാർ സംവിധാനങ്ങളിൽ നിന്നും നീതി കിട്ടിയില്ല. ഗർഭസ്ഥശിശുവിനെ 'ദുരഭിമാനക്കൊല' ചെയ്യാൻ തീരുമാനിച്ച മാതാ-പിതാക്കൾ ആണ് ഇടതുപക്ഷവും പുരോഗമനവും പറയുന്നത് എന്നോർക്കണം. അതേ മാതാപിതാക്കൾ തന്നെയാണ് പിഞ്ചുകുഞ്ഞിനെ അമ്മയിൽ നിന്നും അകറ്റിയതും. അച്ഛനും അമ്മയും ഉള്ള കുഞ്ഞിനെ അവരിൽ നിന്നും മാറ്റി അനാഥാലയത്തിൽ ഏൽപ്പിക്കുന്നത് എത്ര ഗുരുതരമായ കുറ്റവും കുഞ്ഞിനോടുള്ള നീതി നിഷേധവുമാണ്! എന്നിട്ടും, നമ്മുടെ എല്ലാ ഭരണ സംവിധാനങ്ങളും ഒന്നടങ്കം മൗനം പാലിക്കുന്നു. മുഖം തിരിക്കുന്നു. എന്ത് ന്യായമാണിത്?......

ശിശുക്ഷേമ വകുപ്പ് ചെയ്യുന്നത് നിയമവിരുദ്ധ നടപടികളാണ്- ബിന്ദുകൃഷ്​ണ

കോൺഗ്രസ്​ നേതാവായ ബിന്ദുകൃഷ്​ണ പറയുന്നതിങ്ങനെയാണ്​ -പ്രസവിച്ച് മൂന്നാം ദിവസം ഒരു കുഞ്ഞിനെ അനാഥത്വത്തിലേക്ക് തള്ളിവിട്ടത് എന്തിൻ്റെ പേരിലായാലും ശരിയായ നടപടില്ല. ആ കുഞ്ഞിന് ഒരു അമ്മയിൽ നിന്നും ലഭിക്കേണ്ടിയിരുന്ന പരിചരണവും,അച്ഛന്‍റെ സംരക്ഷണവും നിഷേധിക്കപ്പെട്ടു. സമൂഹത്തിന് മാതൃകയാകേണ്ട ഒരു കുടുംബത്തിൽ നടന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവങ്ങളാണ്.

പോലീസിനും,പാർട്ടി നേതൃത്വത്തിനും അനുപമ പരാതി നൽകിയതായി അറിയുന്നു. എന്നാൽ യാതൊരു നടപടികളും ഇതുവരെ ഉണ്ടായില്ല. വനിതാ കമ്മീഷനും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആരോപണ വിധേയനായ അനുപമയുടെ അച്ഛന് പാർട്ടിയിൽ പ്രൊമോഷൻ നൽകിയതായിട്ടാണ് മനസ്സിലാകുന്നത്.

ഇപ്പോൾ ആ പിഞ്ചുകുഞ്ഞിനെ അന്യസംസ്ഥാന കുടുംബത്തിന് ദത്ത് നൽകാൻ ആലോചിക്കുന്നതായി അറിയുന്നു. സ്വന്തം അച്ഛൻ്റെയും അമ്മയുടെയും പരാതി നിലനിൽക്കേ ശിശുക്ഷേമ വകുപ്പ് ചെയ്യുന്നത് നിയമവിരുദ്ധ നടപടികളാണ്. അടിയന്തിരമായി ശിശുക്ഷേമ വകുപ്പ് മന്ത്രി വിഷയത്തിൽ ഇടപെട്ട് ആ പിഞ്ചുകുഞ്ഞിന് നീതി ലഭ്യമാക്കണം.

ജാതിവെറി, അത് വേറൊരു സംഭവം തന്നെ- അലീന ആകാശമിട്ടായി​

അലീന ആകാശമിട്ടായി എഴുതിയ കുറിപ്പ്​ പറയുന്നത് -ഭർത്താവായ അജിത്ത് മുൻപ് വിവാഹിതൻ ആയിരുന്നു എന്നത് മാത്രമല്ല, അയാൾ ദളിത് ക്രിസ്ത്യാനി ആയതുകൊണ്ട് കുടുംബത്തിന്റെ 'പദവി'ക്ക് യോജിക്കാത്തതിനാലും കൂടെയാണ് മാതാപിതാക്കൾ വിവാഹത്തെ എതിർക്കുകയും പിന്നീട് കുഞ്ഞിനെ തട്ടിയെടുക്കുകയും ചെയ്തത് എന്ന് അനുപമ പറയുന്നു. അനുപമയുടെ അച്ഛൻ സിപിഎമ്മിന്റെ പ്രാദേശിക നേതാവാണെന്നും അനുപമ എസ്എഫ്ഐ പ്രവര്‍ത്തകയും അജിത്ത് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായിരുന്നു എന്നും മാധ്യമങ്ങളിലുണ്ട്. രാഷ്ട്രീയമൊക്കെ എത്രകണ്ട് സമാനം ആണെങ്കിലും സ്വന്തം മകളെ ലോകത്തെങ്ങും കേട്ടിട്ടില്ലാത്തവിധം ദ്രോഹിക്കാനും പേരക്കുട്ടിയെ വഴിയാധാരം ആക്കാനും വരെ തോന്നിക്കുന്ന ജാതിവെറി, അത് വേറൊരു സംഭവം തന്നെ.

ആ കുഞ്ഞിന്‍റെ അവകാശങ്ങള്‍ക്കു വേണ്ടി ഇനി ആരാണ് പറയേണ്ടത്​- ഡോ. ആസാദ്

ഇടത്​ ചിന്തകനായ ഡോ. ആസാദ് എഴുതുന്നു..
അനുപമയുടെ കുഞ്ഞിനെ കണ്ടെത്തി തിരിച്ചു നല്‍കുംവരെ ഇവിടെ അമ്മമാര്‍ ഉറങ്ങില്ലെന്നും മനുഷ്യസ്നേഹികള്‍ തെരുവുകളില്‍ കലഹംകൊള്ളുമെന്നും ആരും വിചാരിക്കുന്നില്ല. കാരണം ഇതു കേരളമാണ്! കേരളം ആ ദിശയില്‍ ഏറെ വികസിച്ചുകഴിഞ്ഞു !
അനുപമയുടെ കുഞ്ഞിനെ തട്ടിയെടുത്ത് മറ്റെവിടെയോ വിറ്റ മാന്യന്മാര്‍ പദവികള്‍ അലങ്കരിച്ചും അനുയായികളെ നയിച്ചും അധികാരത്തിമര്‍പ്പിലാണ്. അവരുടെ രാഷ്ട്രീയം അധാര്‍മ്മിക വൃത്തികള്‍ക്കു തണലും പ്രേരണയുമാവുകയാണ്. തടയാന്‍ നട്ടെല്ലും ചങ്കുറപ്പുമുള്ള ഒരാളെ അവര്‍ക്കിടയിലോ പുറത്തോ കാണുന്നില്ല.
മതി നിര്‍ത്ത്, നിന്‍റെ ഭരണവും വികസനവും, ആദ്യം ആ അമ്മയ്ക്ക് കുട്ടിയെ തിരിച്ചു നല്‍കൂ, പ്രതികളെ വിലങ്ങു വെക്കൂ എന്ന് ഒരു കവിയും എഴുതിയില്ല. സാംസ്കാരിക പ്രവര്‍ത്തകര്‍ ക്ഷുഭിതരായില്ല. നീതിയുടെ വൃക്ഷം ഉണങ്ങിക്കരിഞ്ഞു
സ്ത്രീകളുടെ മഹാറാലികളില്ല. ശിശു അവകാശ ബാലാവകാശ പ്രവര്‍ത്തകരുടെ കോരിത്തരിപ്പിക്കുന്ന പ്രകടനങ്ങളില്ല. വനിതാ കമ്മീഷന്‍ ചാടി വീഴുന്നില്ല. കോടതികള്‍ സ്വയം കേസ് ചുമത്തുന്നില്ല. പ്രണയികളുടെ രോഷം ആകാശത്തു മിന്നലുകളുണ്ടാക്കുന്നില്ല!
തട്ടിയെടുക്കപ്പെട്ട കുഞ്ഞിന് അമ്മയെ കൊടുക്കണം. കുഞ്ഞിന്‍റെ അവകാശം അമ്മയോടൊത്തുള്ള ജീവിതമാണ്. അതു വിലക്കാന്‍ അമ്മയ്ക്കു പോലും കഴിയില്ല. ആ കുഞ്ഞിന്‍റെ അവകാശങ്ങള്‍ക്കു വേണ്ടി ഇനി ആരാണ് പറയേണ്ടത്? ഏതു കോടതി ഉത്തരവിടണം?
ഇന്നുതന്നെ കുഞ്ഞിന് അമ്മയെ കിട്ടണം. മറ്റു ശരിതെറ്റുകള്‍ നിങ്ങള്‍ സമയമെടുത്ത് ചര്‍ച്ച ചെയ്തോളൂ. സാങ്കേതിക നൂലാമാലകള്‍ മനുഷ്യത്വ നിഷേധത്തിന് ന്യായീകരണമല്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Anupama Child Kidnap
News Summary - Kerala asks, where is Anupama's baby?
Next Story