എയിംസിനായി ഒരു പിടിവലി
text_fieldsഎയിംസ് തൃശൂരിലെ കൊരട്ടിയിൽ വേണമെന്ന് സനീഷ്കുമാർ ജോസഫ്. ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശത്തല്ലേ വേണ്ടതെന്ന് കാസർകോടിനെ പറയാതെ പറഞ്ഞ് എൻ.എ. നെല്ലിക്കുന്ന്. വയനാട് വേണമെന്ന് ടി. സിദ്ദീഖ്. കോഴിക്കോട്ടെ കിനാലൂർ എന്നതിൽ മാറ്റം പാടില്ലെന്ന് സചിൻദേവും. പ്രാദേശികമായി തല്ലുകൂടേണ്ട കാര്യമില്ല, എവിടെയായാലും കിട്ടിയാൽ മതിയെന്നായി ടി.വി. ഇബ്രാഹിം.
ഇതുവരെ കേന്ദ്രം കനിയാത്ത എയിംസിനായി പ്രാദേശികമായ പിടിവലിയായിരുന്നു സഭയിൽ. പൊതുതാൽപര്യമുള്ള വിഷയത്തിൽ അംഗങ്ങളുടെ പ്രമേയങ്ങൾ ചർച്ചക്കെടുക്കവെ സനീഷ് കുമാർ ജോസഫിന്റേതായിരുന്നു എയിംസിനായുള്ള പ്രമേയം. അംഗങ്ങൾ തയാറാക്കുന്ന ബില്ലുകൾ ചർച്ച ചെയ്യുന്നതുപോലെ അവരുടെ കൊണ്ടുവരുന്ന പ്രമേയങ്ങളും ചർച്ചക്കെടുക്കാൻ അവസരമൊരുക്കുകയായിരുന്നു സഭ.
എയിംസ് ആവശ്യപ്പെടാൻ സനീഷ്കുമാർ അവലംബിക്കുന്നത് കൊരട്ടിയിലെ സൗകര്യങ്ങളാണ്. കേരളത്തിന്റെ മധ്യഭാഗം എന്നതാണ് പ്രധാന ആകർഷണം. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടേതായി 250 ഏക്കർ ഭൂമി ലഭ്യം. റോഡ്, കുടിവെള്ളം, വൈദ്യുതി സൗകര്യങ്ങൾ മികച്ചത്. പോരെങ്കിൽ നെടുമ്പാശേരി എയർപോർട്ടിനടുത്തും. കാസർകോടിനെ ലക്ഷ്യമിട്ട് എൻ.എ. നെല്ലിക്കുന്ന് നീങ്ങിയപ്പോഴും കേരളത്തിന്റെ മധ്യഭാഗമെന്ന വാദത്തിൽ സനീഷ് ഉറച്ചുനിന്നു. ചുരം കയറിപ്പോകുന്ന വയനാട്ടിൽ എയിംസോ ശ്രീചിത്രയുടെ സെന്ററോ അനിവാര്യമെന്ന നിലപാടിലായിരുന്നു ടി. സിദ്ദീഖ്. കൊരട്ടിയെങ്കിൽ കൊരട്ടി. കിനാലൂരെങ്കിൽ അങ്ങനെ. കൊണ്ടോട്ടിയോ മറ്റ് സ്ഥലമോ നിർദേശിക്കുന്നില്ല. എങ്ങനെയെങ്കിലും എയിംസ് ഒന്നു വന്നാൽ മതിയെന്ന ചിന്താഗതിക്കാരനാണ് ടി.വി. ഇബ്രാഹിം. സംസ്ഥാന സർക്കാറാകട്ടെ ബാലുശേരിയിലെ കിനാലൂർ നിശ്ചയിച്ച് കേന്ദ്രത്തെ അറിയിച്ചതാണ്. പുതിയ അവകാശവാദങ്ങൾ വരുമ്പോൾ സച്ചിൻദേവിന് അടങ്ങിയിരിക്കാനായില്ല. നിശ്ചയിച്ച് കേന്ദ്രത്തെ അറിയിച്ച കിനാലൂർ തന്നെ ആകണമെന്ന് സചിൻദേവ് വാദിച്ചു. കിനാലൂരെന്ന സർക്കാർ നിലപാടിൽ മാറ്റമേയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അടിവരയിട്ടതോടെ പ്രമേയത്തിന്റെ കാര്യത്തിൽ തീരുമാനമായി. കിനാലൂർ കേന്ദ്ര ആരോഗ്യവകുപ്പിനും തൃപ്തിയായെന്നും അത് ധനവകുപ്പിന് കൈമാറിയെന്നും മന്ത്രി. കാസർകോട്ട് എയിംസിനായി നടക്കുന്ന സമരങ്ങൾ എൻ.എ. നെല്ലിക്കുന്ന് എടുത്തിട്ടു. കേന്ദ്രത്തിൽ തുടർനടപടി നടക്കുന്നത് കൊണ്ട് പ്രമേയം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി നിലപാടെടുത്തതോടെ സനീഷ് കുമാർ പ്രമേയം പിൻവലിച്ചു.
ന്യൂനപക്ഷ സ്കോർഷിപ്പുകൾ മുടങ്ങുന്നതിനെതിരെ എൻ. ഷംസുദ്ദീർ, ഭക്ഷ്യപൊതുവിതരണ മേഖലയിലെ കേന്ദ്രാവഗണനക്കെതിരെ കാനത്തിൽ ജമീല, എന്നിവരുടെ പ്രമേയങ്ങളും സഭ ചർച്ച ചെയ്തു. ഷംസുദീന്റെ പ്രമേയം ചർച്ചചെയ്ത് സഭ തള്ളിയപ്പോൾ കാനത്തിൽ ജമീലയുടെ പ്രമേയം പിൻവലിച്ചു. കേന്ദ്ര വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പ്രമേയം അവതരിപ്പിച്ചുവെങ്കിലും സമയക്കുറവുള്ളതിനാൽ തുടർചർച്ചക്ക് മാറ്റി. നാട്ടിലിറങ്ങി പ്രശ്നങ്ങളുണ്ടാക്കുന്ന വന്യജീവികളെ കണ്ടാൽ ഉടൻ വെടിവെക്കാൻ അനുമതി വേണമെന്നായിരുന്നു പ്രമേയം.
മനുതോമസിന്റെ വെളിപ്പെടുത്തലിൽ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കാൻ ലക്ഷ്യമിട്ട് പ്രതിപക്ഷ നീക്കം ഇറങ്ങിപ്പോക്കിൽ കലാശിച്ചു. അടിയന്തരപ്രമേയം സർക്കാർ വിശദീകരണത്തെ തുടർന്ന് ഉന്നയിക്കാൻ അനുവദിക്കാതെ സ്പീക്കർ തള്ളുമ്പോൾ ഇറങ്ങിപ്പോകാതിരിക്കാനാകില്ലല്ലോ. ചോദ്യോത്തരത്തിലും കാര്യങ്ങൾ അത്ര സുഖകരമായില്ല. വടകരയിലെ കാഫിർ പോസ്റ്റാണ് ചൂടുപിടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.