പി.വി. അൻവർ തറയിൽ ഇരിക്കേണ്ട; നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിച്ചു
text_fieldsതിരുവനന്തപുരം: നിലമ്പൂരിൽ നിന്നുള്ള സ്വതന്ത്ര എം.എൽ.എ പി.വി അൻവറിന് കേരള നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിച്ചു. ഭരണപക്ഷ- പ്രതിപക്ഷ അംഗങ്ങൾക്ക് ഇടയിലാണ് അൻവറിന് നിയമസഭ സെക്രട്ടറിയേറ്റ് ഇരിപ്പിടം അനുവദിച്ചത്.
സഭയിലെ നാലാം നിരയിലാണ് അൻവറിന്‍റെ സീറ്റ്. പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി അൻവർ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി.
എൽ.ഡി.എഫ് ബന്ധം അവസാനിപ്പിച്ച അൻവറിനെ പാർലമെന്‍ററി പാർട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി സി.പി.എം കത്ത് നൽകിയിരുന്നു. തുടർന്ന് സഭയിൽ പ്രത്യേക ഇരിപ്പിടം നൽകണമെന്ന് ആവശ്യപ്പെട്ട് അൻവർ സ്പീക്കർക്കും കത്ത് നൽകി.
അൻവറിന്‍റെ കത്തിന് നൽകിയ മറുപടിയിലാണ് പ്രതിപക്ഷ അംഗങ്ങൾക്കൊപ്പം ഇരിപ്പിടം അനുവദിച്ചതായി സ്പീക്കർ അറിയിച്ചത്. ഇതിന് പിന്നാലെ പ്രതിപക്ഷത്തോടൊപ്പം ഇരിക്കില്ലെന്നും പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അൻവർ വീണ്ടും കത്ത് നൽകുകയായിരുന്നു.
കൂടാതെ, നിയമസഭയില്‍ തന്നെ പ്രതിപക്ഷ നിരയിൽ ഇരുത്തേണ്ട ജോലി സ്പീക്കർ എടുക്കേണ്ടെന്നും പ്രത്യേക ബ്ലോക്ക് അനുവദിച്ചില്ലെങ്കിൽ സഭയുടെ തറയിൽ ഇരിക്കുമെന്നും അൻവർ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.