അധികാരസ്വപ്നങ്ങൾ; നവകേരള രേഖ വാഴ്ത്തുക്കൾ
text_fieldsസി.പി.എം സംസ്ഥാന സമ്മേളനം കഴിഞ്ഞ ആവേശത്തിലായിരുന്നു ഭരണപക്ഷം. മൂന്നാം ഭരണത്തുടർച്ചാസ്വപ്നങ്ങളായിരുന്നു ധനാഭ്യർഥന ചർച്ചയിൽ അവർ പങ്കുവെച്ചത്. മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരള രേഖയുടെ വാഴ്ത്തുകളിലായിരുന്നു പലരും. യു.എ. ലത്തീഫിന് അത് തീരെ ബോധ്യപ്പെട്ടില്ല. സ്വപ്നം കാണാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാലും അതിനൊക്കെ ഒരു പരിധിയില്ലേ എന്നായി ലത്തീഫ്. നല്ല ഭരണത്തിനുള്ള ഏഴ് മാനദണ്ഡങ്ങളിൽ ഒന്നിൽ പോലും നൂറിൽ 10 മാർക്ക് നൽകാൻ ലത്തീഫ് തയാറല്ല. മൂന്നാം വരവിൽ ആശങ്ക വേണ്ടതില്ലെന്ന് കെ.ഡി. പ്രസേനന്റെ മറുപടി ഉടൻ വന്നു. ടോറസ് ലോറി പാഞ്ഞുവരുമ്പോൾ തടുക്കാൻ മസിൽ പിടിച്ചുനിൽക്കുന്ന തവളയുടെ സ്ഥിതിയാണ് പ്രതിപക്ഷത്തിൽ പ്രസേനൻ കണ്ടത്. ഇടതു മുന്നണി വീണ്ടും ഭരണത്തിൽ വരുമെന്നതിൽ ജോബ് മൈക്കിളിനും സന്ദേഹമുണ്ടായില്ല.
ഐ.ബി. സതീഷ് മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കുന്ന മൂഡിലായിരുന്നു. പിണറായി തേജോവധ ആട്ടക്കഥ ആടിക്കൊണ്ടിരിക്കുമ്പോൾ നിശബ്ദനാകാൻ അദ്ദേഹത്തിനാകില്ല. നവകേരള രേഖയുടെ സാധ്യതകളിൽ കെ.വി. സുമേഷ് വാചാലനായി. കാളപെറ്റെന്ന് കേട്ടപ്പോൾ കയറെടുത്ത പോലെയാണ് രേഖയെക്കുറിച്ച പ്രതിപക്ഷ വിമർശനമെന്ന് പി. നന്ദകുമാർ.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വാക്കുകളിലാണ് സഭ ഇളകിമറിഞ്ഞത്. രേഖയിലെ വാക്കുകളിൽ പോലും മനുഷ്യരെ കൊള്ളയടിക്കാനുള്ള ആർത്തിയുണ്ടെന്നായിരുന്നു ആരോപണം. കെ സ്മാർട്ട് സേവന നിരക്ക് വർധിപ്പിച്ചത് ഡിജിറ്റൽ നോക്കുകൂലിയാണോ എന്ന സംശയവും അദ്ദേഹത്തിനുണ്ടായിരുന്നു. രാഹുലിന്റെ പരാമർശങ്ങളിൽ ഭരണപക്ഷം അസ്വസ്ഥരായി. സഭ പലതവണ ബഹളത്തിൽ മുങ്ങി.
ഏത് കേരളത്തെ കുറിച്ചാണ് പറയുന്നതെന്ന പ്രതിപക്ഷ ചോദ്യത്തിന് കെ. പ്രേംകുമാറാണ് മറുപടി നൽകിയത്. സുസ്ഥിര വികസന സൂചികയിൽ, പബ്ലിക് അഫയേഴ്സ് സൂചികയിൽ, ശ്രേഷ്ഠത സൂചികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തെ കുറിച്ചാണ്. ആരോഗ്യ സൂചികയിൽ തുടർച്ചയായി നാലാം സ്ഥാനത്തുള്ള കേരളത്തെ കുറിച്ചാണ്. എ.പി. അനിൽകുമാറിന് അടിയന്തര പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷ നേതാവ് അവസരം നൽകിയില്ലെന്നും മാത്യു കുഴൽനാടനും രാഹുൽ മാങ്കൂട്ടത്തിലിനും റോജിക്കും എത്രയോ അവസരം നൽകിയെന്നും പറഞ്ഞ് പി.വി. ശ്രീനിജൻ കെണിയൊരുക്കി.
ആരാണ് പ്രമേയം അവതരിപ്പിക്കേണ്ടതെന്ന് തീരുമാനിക്കുന്ന കോൺഗ്രസ് പാർലമെന്ററികാര്യ സെക്രട്ടറിയാണ് താനെന്ന് അനിൽകുമാർ തിരിച്ചടിച്ചു. ക്ഷേമനിധി പെൻഷൻ മുടങ്ങുന്നതിൽ അടിയന്തര പ്രമേയ ആവശ്യമുന്നയിച്ച എ. വിൻസെന്റിന്റെ പരാമർശങ്ങൾ കൈയടി കിട്ടാനും കട്ട് ചെയ്ത് വിഡിയോ കൊടുക്കാനുമാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാലിന് തോന്നി. മന്ത്രിമാർ തന്ന മറുപടിയല്ലാത്ത മറ്റൊന്നും തങ്ങൾ കട്ട് ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവും. ഏഴ് ധനാഭ്യർഥനകളിലെ ചർച്ചക്ക് ധനം, റവന്യൂ, മരാമത്ത് മന്ത്രിമാർ മറുപടി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.