സമ്മേളനം വെട്ടിച്ചുരുക്കി; നിയമസഭ ഈ മാസം 22ന് പിരിയും
text_fieldsതിരുവനന്തപുരം: 14ാം നിയമസഭയുടെ അവസാന സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനം. ഈ മാസം 22ന് നിയമസഭ പിരിയും. സമ്മേളനം വെട്ടിച്ചുരുക്കാനുള്ള നിർദേശം കാര്യോപദേശക സമിതി യോഗത്തിൽ സർക്കാർ മുന്നോട്ടുവെച്ചു. നിർദേശം പ്രതിപക്ഷം അംഗീകരിക്കുകയും ചെയ്തു.
സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നീക്കണമെന്ന പ്രതിപക്ഷ അംഗത്തിന്‍റെ നോട്ടീസ് 21ന് ഉച്ചക്ക് ശേഷം സഭ പരിഗണിക്കും. രണ്ട് മണിക്കൂറാണ് പ്രമേയം ചർച്ച ചെയ്യുക. പ്രമേയം ചർച്ച ചെയ്യുമ്പോൾ സ്പീക്കർ ഡയസിൽ നിന്ന് താഴെയിറങ്ങി മറ്റ് സഭാംഗങ്ങളോടൊപ്പം ഇരിക്കണം. ഡെപ്യൂട്ടി സ്പീക്കറാവും സഭ നിയന്ത്രിക്കുക.
പ്രമേയത്തിൻമേൽ ചർച്ച പൂർത്തിയാക്കിയ ശേഷം വ്യക്തിപരമായ വിശദീകരണം നൽകാൻ സ്പീക്കർക്ക് സമയം നൽകും. അതിന് ശേഷം വോട്ടെടുപ്പ് നടക്കും. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും നിയമസഭയിലെ നിർമാണ പ്രവർത്തനങ്ങളിൽ അഴിമതി കാണിച്ചെന്നും ആണ് പ്രതിപക്ഷ ആരോപണം.
കേരള നിയമസഭയുടെ ചരിത്രത്തിൽ മൂന്നാം തവണയാണ് സ്പീക്കറെ നീക്കണമെന്ന പ്രമേയം ചർച്ച ചെയ്യുന്നത്. കാസ്റ്റിങ് വോട്ട് സംബന്ധിച്ച വിഷയത്തിൽ 1982ൽ എ.സി. ജോസിനെ നീക്കം ചെയ്യണമെന്ന പ്രമേയം അവതരിപ്പിച്ചിരുന്നു. കാസ്റ്റിങ് വോട്ട് രേഖപ്പെടുത്തിയത് കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്.
2004ൽ വക്കം പുരുഷോത്തമനെ സ്പീക്കർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയതാണ് രണ്ടാമത്തെ സംഭവം. രണ്ട് പ്രമേയങ്ങളും പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.