നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കില്ല; സർക്കാർ ആവശ്യം തള്ളി
text_fieldsതിരുവനന്തപുരം: 2015ലെ ബജറ്റ് പ്രസംഗത്തിനിടെ നിയമസഭയിലുണ്ടായ അക്രമത്തിൽ എടുത്ത കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാറിെൻറ ആവശ്യം തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി. മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ ഉൾപ്പെടെ ആറ് പ്രതികളും അടുത്തമാസം 15ന് കോടതിയിൽ ഹാജരാകാനും നിർദേശിച്ചു.
ഇവർക്ക് പുറമെ കെ. അജിത്, കെ. കുഞ്ഞുമുഹമ്മദ്, സി.കെ. സദാശിവൻ, വി. ശിവൻകുട്ടി എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നത്. സഭയിലെ ഐക്യം നിലനിർത്താൻ കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ വാദവും പരിഗണിച്ചില്ല.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിൽ ധനമന്ത്രി ആയിരുന്ന കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനാണ് പ്രതിപക്ഷം സഭയിൽ അതിക്രമം നടത്തിയത്. ബാർകോഴയിൽ ആരോപണവിധേയനായ മന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കാൻ അവകാശമില്ലെന്നായിരുന്നു പ്രതിപക്ഷ വാദം. 2015 മാർച്ച് 13നായിരുന്നു സംഭവം.
നിയമസഭാ അംഗങ്ങൾ പൊതുമുതൽ നശിപ്പിക്കുന്നത് മാധ്യമങ്ങളിലൂടെ തൽസമയം സമൂഹം കണ്ടതാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. പൊതുമുതൽ നശിപ്പിക്കപ്പെട്ട കേസ് എഴുതിത്തള്ളാൻ കഴിയില്ലെന്ന ഹൈകോടതി ഉത്തരവുകൂടി കണക്കിലെടുക്കുന്നെന്നും എട്ട് പേജുള്ള ഉത്തരവിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ. ജയകൃഷ്ണൻ വ്യക്തമാക്കി. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.