പ്രചാരണം കൊഴുപ്പിക്കാൻ ഒരുക്കം തുടങ്ങി: ചർച്ച മുറുക്കി മുന്നണികൾ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മുന്നണികളുടെ സീറ്റ് വിഭജന ചർച്ചകൾക്ക് ഗതിവേഗം വർധിച്ചു. സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും എത്രയുംവേഗം പൂർത്തീകരിച്ച് പോർക്കളത്തിലിറങ്ങാനാണ് മൂന്ന് പ്രധാന മുന്നണികളും ഒരുങ്ങുന്നത്. പ്രതീക്ഷിച്ചതിലും അൽപം നേരത്തെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായെതങ്കിലും പ്രചാരണം കൊഴുപ്പിക്കാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു.
എൽ.ഡി.എഫ്: സി.പി.എം സ്ഥാനാർഥികൾ മാർച്ച് രണ്ടാം വാരം
സീറ്റ് വിഭജനത്തിനുള്ള രണ്ടാംഘട്ട ഉഭയകക്ഷി ചർച്ച എൽ.ഡി.എഫിൽ ഞായറാഴ്ച തുടങ്ങും. മാർച്ച് രണ്ടാംവാരത്തിെൻറ തുടക്കത്തിൽ സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ഘടകകക്ഷികളുമായുള്ള സി.പി.എമ്മിെൻറ ഉഭയകക്ഷി ചർച്ച അടുത്തദിവസങ്ങളിൽ പൂർത്തിയാക്കും. മാർച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി സി.പി.എം ജില്ല സെക്രേട്ടറിയറ്റ് യോഗങ്ങൾ ചേർന്ന് സാധ്യത സ്ഥാനാർഥി പട്ടിക തയാറാക്കി സംസ്ഥാന നേതൃത്വത്തിന് സമർപ്പിക്കും. മാർച്ച് നാലിന് ചേരുന്ന സംസ്ഥാന സെക്രേട്ടറിയറ്റ് പട്ടികയിൽ സ്വതന്ത്രരെ കൂടി ഉൾപ്പെടുത്തി അന്തിമ ധാരണയിലെത്തും. തുടർന്ന് കേന്ദ്ര നേതൃത്വത്തിെൻറ സമ്മതം വാങ്ങി അഞ്ചിന് ചേരുന്ന സംസ്ഥാന സമിതി അംഗീകാരം നൽകും.
മാർച്ച് മൂന്നിന് ചേരുന്ന സംസ്ഥാന നിർവാഹക സമിതിക്ക് ശേഷമാവും സി.പി.െഎ സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കുക. 2016ൽ എട്ട് സ്വതന്ത്രർ ഉൾപ്പെടെ സി.പി.എം 92 സീറ്റിലും സി.പി.െഎ 27 സീറ്റിലുമാണ് മത്സരിച്ചത്.
കേരള കോൺഗ്രസ് (എം) എൽ.ജെ.ഡി കക്ഷികൾ പുതുതായി എത്തിയതോടെ കക്ഷികൾ നിലവിലെ സീറ്റുകളിൽ വിട്ടുവീഴ്ച ചെയ്യണമെന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്. 15 സീറ്റ് ചോദിച്ച ജോസ് വിഭാഗത്തിന് 10 സീറ്റും എൽ.ജെ.ഡിക്ക് നാലും നൽകാമെന്നാണ് ആദ്യഘട്ട ചർച്ചയിൽ സി.പി.എം അറിയിച്ചത്.
ജെ.ഡി.എസിന് -നാല്, എൻ.സി.പി -രണ്ട്, െഎ.എൻ.എൽ -മൂന്ന് എന്നിങ്ങനെ സീറ്റ് നൽകാനാണ് സി.പി.എം ആലോചന.
യു.ഡി.എഫ്: സീറ്റ് വിഭജനം തിങ്കളാഴ്ചയോടെ
സീറ്റ് വിഭജനം തിങ്കളാഴ്ച പൂർത്തീകരിച്ച് മൂന്നിന് ചേരുന്ന മുന്നണി യോഗത്തിൽ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിൽ യു.ഡി.എഫ്. യോഗത്തിന് പിന്നാലെ സ്ഥാനാർഥി ചർച്ചകൾക്കായി സംസ്ഥാന കോൺഗ്രസ് നേതാക്കൾ ഡൽഹിക്ക് തിരിക്കും.
കേരള കോൺഗ്രസ് -ജോസഫ് വിഭാഗവുമായുള്ള ധാരണയുണ്ടാക്കുന്നതാണ് കീറാമുട്ടി. 12 എണ്ണമെങ്കിലും കിട്ടിയേ തീരൂവെന്ന ഉറച്ച നിലപാടിലാണ് അവർ. പരമാവധി ഒമ്പത് സീറ്റ് മാത്രം നൽകാമെന്നാണ് കോൺഗ്രസിെൻറ വാഗ്ദാനം. കഴിഞ്ഞ തവണ 24 സീറ്റിൽ മത്സരിച്ച മുസ്ലിം ലീഗ് ഇത്തവണ 30 സീറ്റുകൾക്ക് ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും മൂന്ന് സീറ്റ് കൂടി ലഭിച്ചാൽ അവർ തൃപ്തിപ്പെടും. അതിന് കോൺഗ്രസ് തയാറുമാണ്.
കഴിഞ്ഞ തവണ അഞ്ച് സീറ്റിൽ മത്സരിച്ച ആർ.എസ്.പി ഇത്തവണ രണ്ട് സീറ്റ് അധികം ചോദിച്ചെങ്കിലും ലഭിക്കാൻ സാധ്യത കുറവാണ്. കഴിഞ്ഞതവണ മത്സരിച്ച ഒരു സീറ്റിന് പുറമെ ഒന്നുകൂടി വേണമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വഴങ്ങാൻ കോൺഗ്രസ് തയാറല്ല. ലീഗിന് അനുവദിക്കുന്ന സീറ്റിൽനിന്ന് വിജയം ഉറപ്പുള്ള ഒരു സീറ്റ് സി.എം.പി നേതാവ് സി.പി. ജോണിന് ആയിരിക്കും. ഫോർവേർഡ് ബ്ലോക്ക്, ജെ.ഡി.യു-ജോൺ ജോൺ വിഭാഗം എന്നിവർക്കും ഒാരോ സീറ്റ് വീതം നൽകിയേക്കും. മാണി സി. കാപ്പൻ നയിക്കുന്ന നാഷനലിസ്റ്റ് കോൺഗ്രസിന് പാലാ നൽകും.
മാർച്ച് ആദ്യവാരം തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്താനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.
എൻ.ഡി.എ: പ്രഖ്യാപനം പത്തു ദിവസത്തിനകംപത്ത് ദിവസത്തിനുള്ളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് എൻ.ഡി.എ. സീറ്റുകൾ സംബന്ധിച്ച കാര്യത്തിൽ ഏറെക്കുറെ ധാരണയായതായാണ് വിവരം. ശനിയാഴ്ച തൃശൂരിൽ ബി.ജെ.പി നേതാക്കൾ സ്ഥാനാർഥി നിർണയ ചർച്ചകൾ നടത്തിയതായറിയുന്നു. കേരളത്തിന് പുറത്തുള്ള മലയാളികളുടെയും പേരുകളും പരിഗണിക്കുന്നുണ്ട്. 90 ലധികം സീറ്റുകളിൽ ബി.ജെ.പി തന്നെ മത്സരിക്കും. ബി.ഡി.ജെ.എസിന് 35 മുതൽ 40 വരെ സീറ്റുകൾ ലഭിക്കും. പി.സി. തോമസ് വിഭാഗത്തിന് മൂന്നും കാമരാജ് കോൺഗ്രസിന് രണ്ടും മറ്റ് ഘടകകക്ഷികൾക്ക് ഒാരോ സീറ്റ് വീതവും നൽകാനും ഏറെക്കുറെ ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.