കിഫ്ബി: അടിയന്തര പ്രമേയത്തിൽ ചർച്ച; ധനമന്ത്രിയുടേത് രാഷ്ട്രീയ കൗശലമെന്ന് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ടിൻമേൽ അടിയന്തര പ്രമേയത്തിന് സ്പീക്കറുടെ അനുമതി. കിഫ്ബി വഴി മസാലബോണ്ട് വിറ്റഴിച്ചതും കടമെടുപ്പും ഭരണഘടന ലംഘനമാണെന്ന സി.എ.ജി റിപ്പോർട്ടിൻമേലുള്ള അടിയന്തര പ്രമേയത്തിന് വി.ഡി. സതീശനാണ് അനുമതി തേടിയത്.
കിഫ്ബി 2018-19 സാമ്പത്തിക വർഷത്തിൽ മസാല ബോണ്ടുകൾ വിറ്റഴിച്ചതുൾപ്പെടെ കടമെടുപ്പ് ബജറ്റിന് പുറത്തെ കടമെടുപ്പാണെന്നും ഭരണഘടന ലംഘനമാണെന്നുമുള്ള സി.എ.ജി റിപ്പോർട്ട് ഗുരുതര സ്ഥിതിവിശേഷമാണെന്ന് വി.ഡി. സതീഷൻ നോട്ടീസിൽ പറഞ്ഞു.
ധനമന്ത്രി തോമസ് ഐസക് സി.എ.ജിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. വികസനം തടസപ്പെടുത്താനാണ് നീക്കമെന്നും സർക്കാറിൻറെ വാദം കേൾക്കാതെയാണ് സി.എ.ജി റിപ്പോർട്ട് തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ 293ാം വകുപ്പിനെ കിഫ്ബി മറികടന്നു. ധനമന്ത്രി നിയമസഭയെയും ഗവർണറെയും തെറ്റിദ്ധരിപ്പിച്ചു. ധനമന്ത്രി സി.എ.ജി റിപ്പോർട്ട് ചോർത്തിയത് വിവാദം മുമ്പിൽ കണ്ടാണെന്നും വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു.
കിഫ്ബിയെ അല്ല ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെയാണ് വിമർശിക്കുന്നത്. എക്സിറ്റ് മീറ്റിങ് മിനിറ്റ്സ് സി.എ.ജി നൽകിയിട്ടും ലഭിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. സർക്കാറിന് വിശദീകരണം നൽകാൻ അവസരം നൽകിയില്ലെന്ന വാദം ശരിയല്ല. ധനമന്ത്രിയുടേത് രാഷ്ട്രീയ കൗശലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.