നിയമസഭ കയ്യാങ്കളിക്കേസ്: തുടരന്വേഷണ ഹരജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍
text_fieldsതിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് സി.പി.ഐ വനിതാ നേതാക്കളും മുന്‍ എം.എല്‍.എമാരുമായ ഇ.എസ്. ബിജിമോളും ഗീതഗോപിയും നല്‍കിയ ഹരജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍. തുടരന്വേഷണത്തെ എതിര്‍ത്തു കൊണ്ടുള്ള കോണ്‍ഗ്രസ് നേതാവിന്റെ വാദത്തെ എതിര്‍ത്താണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. നിയമപരമായി നിലനില്‍ക്കാത്ത ഹര്‍ജിയില്‍ കക്ഷി ചേരണമെന്ന ആവശ്യവുമായാണ് കോണ്‍ഗ്രസ് നേതാവ് ടി.യു. രാധാകൃഷ്ണന്‍ എത്തിയതെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകനായ ഡി.ഡി.പി കെ. ബാലചന്ദ്രമേനോന്‍ വാദിച്ചത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് ഹരജി പരിഗണിച്ചത്.
മുന്‍പ് ഒരു ബി.ജെ.പി നേതാവും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് വന്നിരുന്നെങ്കിലും കോടതി അത് അനുവദിച്ചിരുന്നില്ലെന്നും ഡി.ഡി.പി കോടതിയെ അറിയിച്ചു. തങ്ങള്‍ കക്ഷി ചേരാന്‍ വന്നതോടെ കേസ് വിചാരണ അനന്തമായി നീട്ടിക്കൊണ്ട് പോകാനുള്ള ഇടത് പക്ഷത്തിന്റെ തന്ത്രമാണ് പാളിയതെന്ന് കോണ്‍ഗ്രസിന്റെ അഭിഭാഷകന്‍ എം.ജെ. ദീപക് കോടതിയെ അറിയിച്ചു. തുടരന്വേഷണം അനുവദിച്ചാല്‍ കേസിലെ പ്രതിയായ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് കാലാവധി തികയുന്നത് വരെ കോടതി വിചാരണയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് കേട്ടുകേള്‍വി ഇല്ലാത്ത ആവശ്യവുമായി ഇടത് നേതാക്കള്‍ കോടതിയെ സമീപിച്ചതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് അംഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ മുന്‍ വനിത എം.എല്‍.എമാര്‍ നീതിക്കായാണ് കോടതിയെ സമീപിച്ചതെന്ന് ഹരജിക്കാരുടെ അഭിഭാഷകനായ മുന്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ വെമ്പായം എ.എ. ഹക്കീം വാദിച്ചു. കേസുമായി ഒരു ബന്ധവുമില്ലാത്ത കോണ്‍ഗ്രസ് നേതാവിന്റെ രംഗപ്രവേശത്തെ അഭിഭാഷകന്‍ ശക്തിയായി എതിര്‍ത്തു. വാദഗതികളെ അവഗണിച്ച കോടതി തുടരന്വേഷണത്തില്‍ ആക്ഷേപം ഉള്ള ഏതൊരു വ്യക്തിയും ജൂണ്‍ 12നകം അവര്‍ക്കുളള ആക്ഷേപം രേഖാമൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു.
2015 മാര്‍ച്ച് 13നാണ് ബാര്‍ കോഴക്കേസിലെ ഏക പ്രതിയായ മുന്‍ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടത് എം.എല്‍.എമാര്‍ നിയമസഭ തല്ലിത്തകര്‍ത്തത്. 2,20,093 രൂപയുടെ നാശനഷ്ടമാണ് ഇടത് എം.എല്‍.എമാര്‍ സര്‍ക്കാര്‍ ഖജനാവിന് ഉണ്ടാക്കിയത്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് പുറമെ, മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ കെ. അജിത്, കുഞ്ഞഹമ്മദ്, സി.കെ. സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കേസ് റദ്ദാക്കാനായി സര്‍ക്കാരും പ്രതികളും പലതവണ സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.