നിയമസഭാ കൈയാങ്കളി കേസ്: തുടരന്വേഷണ ഹരജി പിൻവലിച്ച് ഇടത് നേതാക്കൾ
text_fieldsതിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ വനിത നേതാക്കളും മുന്‍ എം.എല്‍.എമാരുമായ ഇ.എസ്. ബിജിമോളും ഗീതഗോപിയും നല്‍കിയ ഹരജി സ്വമേധയാ പിൻവലിച്ചു.
കുറ്റപത്രം വായിച്ച കേസുകളിൽ ഇത്തരം ഹരജികൾ നിലനിൽക്കില്ലയെന്ന സുപ്രീംകോടതി ഉത്തരവുകൾ ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് ഹരജികൾ പിൻവലിക്കുന്നതന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഇതോടെ കേസിന്‍റെ വിചാരണ തീയതി ഈ മാസം 19ന് തീരുമാനിക്കുമെന്ന് കോടതി പ്രതിഭാഗത്തെ അറിയിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് കേസ് പരിഗണിക്കുന്നത്. പ്രതികൾക്ക് നൽകേണ്ട ഡി.വി.ഡികൾ മുഴുവൻ തയാറാണെന്നും ഇത് രേഖാമൂലം പ്രതിഭാഗത്തിന് എത്തിക്കുമെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഇത്തരം ഹരജികളുമായി കോടതിയെ സമീപിക്കുന്നത് കേസ് നടപടികൾ വൈകിപ്പിക്കാൻ വേണ്ടിയാണെന്ന് ഡി.ഡി.പി കെ. ബാലചന്ദ്രമേനോന്‍ കോടതിയിൽ വാദിച്ചിരുന്നു. കോണ്‍ഗ്രസ് അംഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ മുന്‍ വനിത എം.എല്‍.എമാര്‍ നീതിക്കായാണ് കോടതിയെ സമീപിച്ചതെന്നാണ് ഹരജിക്കാരുടെ അഭിഭാഷകനായ മുന്‍ ജില്ല ഗവ. പ്ലീഡര്‍ വെമ്പായം എ.എ. ഹക്കീം ഹരജി സമർപിച്ച സമയം വാദിച്ചിരുന്നത്.
2015 മാര്‍ച്ച് 13നാണ് ബാര്‍ കോഴക്കേസിലെ ആരോപണവിധേയനായ മുന്‍ ധനകാര്യമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടത് എം.എല്‍.എമാര്‍ നിയമസഭയിൽ നാശനഷ്ടം വരുത്തിയത്. 2,20,093 രൂപയുടെ നാശനഷ്ടമാണ് ഇടത് എം.എല്‍.എമാര്‍ സര്‍ക്കാര്‍ ഖജനാവിന് ഉണ്ടാക്കിയത്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് പുറമെ, മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ കെ. അജിത്, കുഞ്ഞ്അഹമ്മദ്, സി.കെ. സദാശിവന്‍ എന്നിവരാണ കേസിലെ പ്രതികള്‍. കേസ് റദ്ദാക്കാനായി സര്‍ക്കാറും പ്രതികളും പല തവണ സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.