നിയമസഭാ സമ്മേളനം നാളെ മുതൽ: ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബില്ലുൾപ്പെടെ പരിഗണിക്കും
text_fieldsതിരുവനന്തപുരം: കേരള നിയമസഭയുടെ ഏഴാം സമ്മേളനം നാളെ തുടങ്ങും. ഏറെ സങ്കീർണമായ വിഷയങ്ങൾ അവതരിപ്പിക്കുന്ന സാഹചര്യത്തിൽ സഭ ഏറെ കോലാഹലങ്ങൾക്ക് സാക്ഷിയായേക്കും.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാൻ വേണ്ടിയുള്ള ബിൽ പാസാക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. വിഴിഞ്ഞം സമരവും തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദവും ഉൾപ്പെടെ നിരവധി വിഷയങ്ങൾ സഭയെ സജീവമാക്കും. ഈ മാസം 15 വരെ ഒമ്പത് ദിവസമാണ് സഭ സമ്മേളിക്കുന്നത്.
സർവകലാശാല ഭരണത്തിൽ ഗവർണർ തുടർച്ചയായി ഇടപെട്ടതോടെയാണ് ചാൻസലർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റാൻ വേണ്ടിയുള്ള തീരുമാനം സർക്കാർ എടുത്തത്. ഓർഡിനൻസ് മന്ത്രിസഭ പുറപ്പെടുവിച്ചെങ്കിലും ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിലാണ് നിയമസഭ സമ്മേളനം വിളിച്ച് ബിൽ കൊണ്ട് വരാൻ സർക്കാർ തീരുമാനിച്ചത്.
ആദ്യ ദിവസങ്ങളിൽ കേരള പൊതുജന ആരോഗ്യബിൽ അടക്കമുള്ളവയാണ് പരിഗണിക്കുന്നത്. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ പരിഗണിക്കും. ബിൽ വരുമ്പോള്‍ പ്രതിപക്ഷ നിലപാട് സർക്കാർ ഉറ്റ് നോക്കുന്നുണ്ട്. ഗവർണർ വിഷയത്തിൽ പ്രതിപക്ഷത്തിനു ഏകസ്വരമില്ല. ബില്ലിനെ എതിർക്കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞെങ്കിലും മുസ്‍ലിം ലീഗിന് അതിനോട് പൂർണ്ണയോജിക്കുന്നില്ല. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്താൻ എം.എൽ.എമാരുടെ യോഗം വിളിച്ചു ചേർത്തിരിക്കുകയാണ് ലീഗ് നേതൃത്വം.
സർവകലാശാലകളിലെ ഗവർണറുടെ ഇടപെടലുകളിൽ ലീഗിന് അതൃപ്തിയുണ്ട്. എന്നിരുന്നാലും ബില്ലിനെ പിന്തുണയാക്കാനുള്ള സാധ്യത കുറവാണെന്നറിയുന്നു. പ്രതിപക്ഷത്ത് അഭിപ്രായ വ്യത്യാസമുണ്ടായാൽ അതിനെ ആയുധമാക്കാനാണ് സർക്കാർ നീക്കം. ഇതോടൊപ്പം സമകാലിക രാഷ്ട്രീയ വിഷയങ്ങൾ നിയമസഭയെ പ്രക്ഷുബ്ദമാക്കും. വിഴിഞ്ഞം സമരമുൾപ്പെടെ സർക്കാരിനെതിരെ പ്രതിപക്ഷം ഉപയോഗിക്കാൻ പോകുന്ന പ്രധാന ആയുധം. പദ്ധതിയുടെ കരാർ ഒപ്പ് വച്ചത് ഉമ്മൻചാണ്ടിയാണെന്ന് പറഞ്ഞ് തിരിച്ചടിക്കാനാണ് സർക്കാർ നീക്കം. തിരുവനന്തപുരം കോർപ്പേറഷനിലെ കത്ത് വിവാദം,കോഴിക്കോട് കോതി ,ആവിക്കൽ സമരങ്ങളും പ്രതിപക്ഷം സർക്കാരിനെതിരെ ഉപയോഗിക്കും.
ഇതിനിടയിലും വി.സിമാർക്കെതിരായ നീക്കത്തിൽ നിന്നും പിൻതിരിയാതെ ഗവർണർ മുന്നോട്ട് പോവുകയാണ്.പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകിയ വിസിമാരെ ഹിയറിംഗിന് വിളിപ്പിച്ചിരിക്കയാണിപ്പോൾ. ഹിയറിംഗിന് ഹാജരാകാന്‍ ഒൻപത് വിസിമാര്‍ക്ക് നോട്ടീസ് നല്‍കി. ഈ മാസം 12 നാണ് വിസിമാരുടെ ഹിയറിംഗ്. രാവിലെ 11 മണിക്ക് ഹാജരാകണം.
നേരിട്ട് ഹാജരാകുന്നതിനു പകരം അഭിഭാഷകരെ ചുമതലപ്പെടുത്താം. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നല്‍കാനുള്ള സമയപരിധി നവംബര്‍ ഏഴിനായിരുന്നു. യുജിസി മാനദണ്ഡം അനുസരിച്ച് തന്നെയാണ് നിയമനങ്ങളെന്നായിരുന്നു വിസിമാരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.