കർഷക സമരത്തിന് പിന്തുണ, കേന്ദ്ര ഏജൻസികൾക്ക് വിമർശനം; പ്രതിപക്ഷ പ്രതിഷേധത്തിനിടെ നയപ്രഖ്യാപനം
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിനിടെ കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമങ്ങളെയും അന്വേഷണ ഏജൻസികളെയും രൂക്ഷമായി വിമർശിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ 14ാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കം. സംസ്ഥാന സർക്കാർ നടപ്പാക്കിയ ക്ഷേമ പ്രവർത്തനങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
കേന്ദ്ര ഏജൻസികൾ കേരളത്തിന്‍റെ വികസനം തടസപ്പെടുത്താൻ ശ്രമിച്ചെന്ന് ഗവർണർ പറഞ്ഞു. ഇതുവഴി സംസ്ഥാനത്തിന്‍റെ അഭിമാന പദ്ധതികൾ തടസപ്പെട്ടു. കഠിനാധ്വാനികളായ ഉദ്യോഗസ്ഥരെ നിരുത്സാഹപ്പെടുത്താനും ശ്രമിച്ചു. എന്നാൽ വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ടു പോകുമെന്നും ഗവർണർ വ്യക്തമാക്കി.
കേന്ദ്ര സർക്കാറിന്‍റെ കർഷക നിയമത്തിനെതിരായ നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗം ഗവർണർ വായിച്ചു. മോദി സർക്കാറിന്‍റെ കർഷക നിയമത്തെ രൂക്ഷമായി വിമർശിക്കുന്നതായിരുന്നു നയപ്രഖ്യാപനം. കർഷക സമരം രാജ്യത്തെ ഏറ്റവും വലിയ ചെറുത്തുനിൽപ്പെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.
കാർഷിക നിയമഭേദഗതി കേരളം അടക്കമുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് തിരിച്ചയാകും. താങ്ങുവില സമ്പ്രദായം ഇല്ലാതാക്കുന്നത് അപലപനീയമാണ്. സംസ്ഥാനത്തെ റബർ മേഖല വലിയ പ്രതിസന്ധിയിലാണ്. റബർ അടക്കം കടുത്ത തിരിച്ചടിയായേക്കാവുന്ന കരാറുകൾക്കെതിരെ കേരളം ജാഗ്രതാ പാലിക്കണമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.
2000 കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സർക്കാരാണ് കേരളം. 20 ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീട് നൽകി. സിൽവർ ലൈൻ റെയിൽ സർക്കാറിന്‍റെ അഭിമാന പദ്ധതിയാണ്. ടൂറിസം മേഖലയിലെ ജീവനക്കാർക്കായി സഹകരണ ബാങ്കുകളുടെ സഹായത്തോടെ വായ്പാ പദ്ധതി നടപ്പാക്കും. ശബരിമലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കും. പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തും.
'സുഭിക്ഷ കേരളം' പദ്ധതിക്ക് പുതിയ മുഖം നൽകും. സമ്പാദ്യശീലം വർധിപ്പിക്കാൻ കർഷക സഞ്ചയിക പദ്ധതി. കെ ഫോൺ പദ്ധതി ഉടൻ യാഥാർഥ്യമാകും. പാവപ്പെട്ടവർക്ക് സൗജന്യമായി ഇന്‍റർനെറ്റ് സൗകര്യം ലഭ്യമാക്കും.
കുടുംബശ്രീ 4,000 കോടിയുടെ പദ്ധതികൾ നടപ്പാക്കി. സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പാക്കി. ക്ഷേമ പെൻഷനുകൾ കൂട്ടി. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെ ആക്കുകയാണ് ലക്ഷ്യം. ഫെഡറലിസത്തിന് എതിരായ നീക്കങ്ങളെ ചെറുക്കും. ഇന്ധനത്തിന് അധിക നികുതി ഏർപ്പെടുത്തിയ ദുരിത വർധിപ്പിച്ചെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വ്യക്തമാക്കി.
രാവിലെ ഒമ്പത് മണിക്ക് നയപ്രഖ്യാപനത്തിന് നിയമസഭയിലെത്തിയ ഗവർണർക്കെതിരെ മുദ്രാവാക്യം വിളിച്ച രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ, സർക്കാറിനും സ്പീക്കർക്കും എതിരെ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി. സർക്കാർ ഗവർണറെ കൊണ്ട് കള്ളം പറയിപ്പിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. സഭയുടെ പരിശുദ്ധി സ്പീക്കർ കളങ്കപ്പെടുത്തിയെന്നും കേരളത്തെ അപമാനിച്ചെന്നും ചെന്നിത്തല ആരോപിച്ചു. ഡെപ്യൂട്ടി സ്പീക്കറെ വെച്ച് സഭ നടത്തണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ പ്രസംഗം നിർത്തിയ ഗവർണർ, ഭരണഘടന ബാധ്യത നിറവേറ്റാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഗവർണറുടെ നയപ്രഖ്യാപനത്തിനിടെ പ്രസംഗിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് ജനങ്ങൾക്ക് വേണ്ടി പ്രതിഷേധിക്കുന്നത് പ്രതിപക്ഷത്തിന്‍റെ കടമയാണെന്ന് വ്യക്തമാക്കി. ശേഷം നയപ്രഖ്യാപനം ബഹിഷ്കരിച്ച പ്രതിപക്ഷ അംഗങ്ങൾ ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രസംഗം അവസാനിക്കുന്നത് വരെ സഭയുടെ പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
നയപ്രഖ്യാപനം ബഹിഷ്കരിച്ച ജനപക്ഷം നേതാവ് പി.സി ജോർജ്, പ്രതിപക്ഷ പ്രതിഷേധം നടത്തുന്ന സ്ഥലത്തെത്തി പിന്തുണ അറിയിച്ചു. എന്നാൽ, ബി.ജെ.പി അംഗം ഒ. രാജഗോപാൽ ഇരിപ്പിടത്തിൽ തുടർന്നു.
Live Updates
- 8 Jan 2021 4:41 AM GMT
റബർ അടക്കം കടുത്ത തിരിച്ചടിയായേക്കാവുന്ന കരാറുകൾക്കെതിരെ കേരളം ജാഗ്രതാ പാലിക്കണം
- 8 Jan 2021 4:40 AM GMT
സർക്കാറിന്‍റെ അഭിമാന പദ്ധതികൾക്ക് തടയിടാൻ കേന്ദ്ര ഏജൻസികളുടെ ശ്രമം. കഠിനാധ്വാനികളായ ഉദ്യോഗസ്ഥരെ നിരുത്സാഹപ്പെടുത്താനും ശ്രമം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.