ബിൽ വോട്ടിനിടൽ; പ്രതിപക്ഷ നീക്കത്തിൽ വെട്ടിലായി ഭരണപക്ഷം
text_fieldsതിരുവനന്തപുരം: ഭരണപക്ഷത്തെ വെട്ടിലാക്കി ബിൽ വോട്ടിനിടാൻ പ്രതിപക്ഷത്തിന്റെ വെല്ലുവിളി. കേരള സഹകരണ സംഘം രണ്ടാം ഭേദഗതി ബിൽ പാസാക്കുന്നതിന് മുന്നോടിയായാണ് ഭരണപക്ഷ നിരയിൽ അംഗങ്ങൾ കുറവെന്ന് കണ്ട് പ്രതിപക്ഷം വോട്ടിങ് ആവശ്യപ്പെട്ടത്. പ്രതിപക്ഷത്തിന്റെ അപ്രതീക്ഷ നീക്കത്തിൽ ഭരണപക്ഷം അന്തംവിട്ടു.
സ്പീക്കർക്ക് പകരം അപ്പോൾ ചെയറിലുണ്ടായിരുന്നത് എം. നൗഷാദ് എം.എൽ.എ ആയിരുന്നു. സംഗതി കുഴങ്ങുമെന്ന് കണ്ട് വോട്ടിങ് വേണ്ടെന്നും കൈ ഉയർത്തിയാൽ മതിയെന്നും ശഠിച്ചു. എന്നാൽ, പ്രതിപക്ഷ അംഗങ്ങൾ സമ്മതിക്കാൻ തയാറായില്ല. അവർ വീണ്ടും വോട്ടിങ് വേണമെന്ന ആവശ്യത്തിൽ ഉറച്ചു.
പ്രതിപക്ഷ ആവശ്യം ചട്ടവിരുദ്ധമാകുമെന്ന് കണ്ട മുൻ സ്പീക്കറും പാർലമെന്ററികാര്യ മന്ത്രിയുമായ കെ. രാധാകൃഷ്ണൻ ഇടപെട്ട് വോട്ടിങ് ആകാമെന്ന് ധരിപ്പിച്ചു. അപ്പോൾ സ്പീക്കർ ചെയറിലുണ്ടായിരുന്ന നൗഷാദ് അതിന് നിർദേശം നൽകി. ഇതിനിടെ പലവഴിക്കും പോയവർ നാലുപാടും നിന്ന് സഭക്കുള്ളിലേക്ക് കുതിച്ചെത്തുന്നത് കാണാമായിരുന്നു. ഇതിനിടെ വോട്ടിന് മുന്നോടിയായുള്ള ബെല്ലും മുഴങ്ങി. ബെൽ മുഴങ്ങി അവസാനിച്ചുകഴിഞ്ഞാൽ സഭാകവാടങ്ങൾ അടയ്ക്കണമെന്നാണ് ചട്ടം. എന്നാൽ, ഭരണപക്ഷ നിരയിലുള്ള മന്ത്രിമാരും എം.എൽ.എമാരും അപ്പോഴും സീറ്റുകൾ ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു.
ബെൽ അവസാനിച്ചശേഷവും വാതിലുകൾ അടയ്ക്കാത്തതിൽ പ്രതിപക്ഷ നിരയിൽനിന്ന് വിമർശനവും ഉയർന്നു. ഇത് ചെറിയ ബഹളത്തിനും ഇടയാക്കി. എന്തായാലും തങ്ങൾ വോട്ടിങ്ങുമായി സഹകരിക്കും, പക്ഷേ, വോട്ടിങ്ങുമായി ബന്ധപ്പെട്ട് സഭക്കുള്ളിൽ കണ്ട രീതി ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
അപ്രകാരം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കാമെന്ന് ചെയർ അറിയിച്ചു. ഒടുവിൽ സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്ത ബില്‍ സഭ ശബ്ദവോട്ടോടെ പാസാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.