Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായിയും സ്വപ്‌നയും...

പിണറായിയും സ്വപ്‌നയും ക്ലിഫ്ഹൗസിൽ കൂടിക്കാഴ്ച നടത്തിയെന്ന് മാത്യു കുഴൽനാടൻ; അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി, സഭയില്‍ വാക്പോര്

text_fields
bookmark_border
kuzhalnadan and pinarayi 8978a
cancel

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷാംഗങ്ങളുടെ പോർവിളിയിൽ മുങ്ങി തുടർച്ചയായ രണ്ടാംദിവസവും നിയമസഭ സ്തംഭിച്ചു. വടക്കാഞ്ചേരി ലൈഫ്​ മിഷൻ പദ്ധതിയിലെ അഴിമതിയും ഇ.ഡി അന്വേഷണവുമാണ്​ രണ്ടാംദിനത്തിൽ സ്​ഫോടനാത്മക സാഹചര്യം സൃഷ്ടിച്ചത്​. പ്രതിപക്ഷ വിമർശനങ്ങളിൽ സഹികെട്ട്​ മുന്‍നിരയിലേക്ക് ഇരച്ചെത്തിയ ഭരണപക്ഷം നടപടികൾ സ്തംഭിപ്പിച്ച അസാധാരണ സാഹചര്യത്തിനും ചൊവ്വാഴ്ച സഭ സാക്ഷ്യം വഹിച്ചു.

ലൈഫ് ​മിഷൻ അഴിമതി സംബന്ധിച്ച്​ മാത്യു കുഴല്‍നാടൻ അടിയന്തരപ്രമേയത്തിന്​ അവതരണാനുമതി തേടിയ നോട്ടീസിലാണ് അസാധാരണ സംഭവങ്ങള്‍ക്ക് നിയമസഭ വേദിയായത്. കുഴല്‍നാടനും മുഖ്യമന്ത്രിയും നേർക്കുനേർ ഏറ്റുമുട്ടിയതിന്​ പിന്നാലെ ഇരുപക്ഷവും പരസ്പരം പോര്‍വിളിക്കുകയും ഭരണപക്ഷം മുൻനിരയിലെത്തി പ്രതിഷേധിക്കുകയും ചെയ്തതോടെ സ്പീക്കര്‍ 10.30ന് സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 14 മിനിറ്റിന്​ ശേഷം വീണ്ടും സമ്മേളിച്ചപ്പോഴും സ്പീക്കറുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ്​ വകവെക്കാതെ ഇരുപക്ഷവും പലതവണ ഏറ്റുമുട്ടി. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

മുഖ്യമന്ത്രിയുടെ പിന്തുണയോടെ ലൈഫ് ​മിഷനിൽ അഴിമതി നടന്നെന്ന വാദത്തിന്​ ബലം നൽകാൻ​ കോടതിയിൽ ഇ.ഡി സമർപ്പിച്ച റിമാൻഡ്​​ റിപ്പോർട്ടിലെ ഭാഗങ്ങളും ഇ.ഡി പുറത്തുവിട്ട വാട്​സ്​ആപ്​ ചാറ്റുകളും കുഴല്‍നാടന്‍ ഉദ്ധരിച്ചു. ഇതെല്ലാം മുഖ്യമന്ത്രി നിഷേധിച്ചിട്ടും ആരോപണങ്ങളിൽ കുഴൽനാടൻ ഉറച്ചുനിന്നതോടെ ഭരണപക്ഷം ശക്തമായി പ്രതിഷേധിച്ചു. പ്രതിരോധിക്കാൻ പ്രതിപക്ഷവും രംഗത്തിറങ്ങിയതോടെ സഭ ബഹളത്തിൽ മുങ്ങി.

കോടതിയില്‍ ഇ.ഡി നല്‍കിയ റിമാൻഡ്​​ റിപ്പോര്‍ട്ട് സഭയില്‍ വായിക്കുന്നതിനെ മന്ത്രി പി. രാജീവിന്‍റെ നേതൃത്വത്തിൽ ഭരണപക്ഷം എതിര്‍ത്തു. പറയുന്ന കാര്യങ്ങളില്‍ ഉറപ്പുണ്ടെങ്കില്‍ കുഴൽനാടൻ സ്വയം സാക്ഷ്യപ്പെടുത്തി സഭയുടെ മേശപ്പുറത്ത്​ വെക്കണമെന്ന് മന്ത്രി രാജീവ് വെല്ലുവിളിച്ചപ്പോൾ വായിക്കുന്നത് തന്റെ തിരക്കഥയല്ലെന്നും ഇ.ഡിയുടെ റിമാൻഡ്​​ റിപ്പോര്‍ട്ടിലുള്ള കാര്യങ്ങളാണെന്നും അത് സഭയുടെ രേഖയാക്കാന്‍ എതിര്‍പ്പില്ലെന്നും കുഴല്‍നാടന്‍ തിരിച്ചടിച്ചു.

വാട്​സ്​ആപ്​ ചാറ്റുകളാണ്​ സ്വയം സാക്ഷ്യപ്പെടുത്തി വെക്കേണ്ടതെന്ന്​ മന്ത്രി പ്രതികരിച്ചെങ്കിലും റിമാൻഡ്​​ റിപ്പോര്‍ട്ട് വെക്കാമെന്ന ആദ്യനിലപാട് കുഴല്‍നാടന്‍ ആവര്‍ത്തിച്ചു. അതോടെ കോടതിയില്‍ നല്‍കിയ റിമാൻഡ്​ റിപ്പോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന് മന്ത്രിയും വ്യക്തമാക്കി. ഇതിന്​ പിന്നാലെയാണ്​ ഭരണപക്ഷാംഗങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി മുന്‍നിരയിലേക്കെത്തിയത്​. മന്ത്രിമാർ ഉൾപ്പെടെ എഴുന്നേറ്റുനിന്ന്​ പ്രതിഷേധിച്ചതോടെ സഭ പ്രക്ഷുബ്​ധമായി.

ഇരുപക്ഷവും നേര്‍ക്കുനേര്‍ നിന്ന് വാക്കേറ്റം തുടങ്ങിയതോടെ ശാന്തരാകണമെന്ന​ സ്പീക്കറുടെ നിർദേശം പ്രതിപക്ഷം മാത്രം അംഗീകരിച്ചു. സീറ്റുകളിലേക്ക് മടങ്ങാനുള്ള അഭ്യർഥനക്ക്​ ​ഭരണപക്ഷം വഴങ്ങാതായതോടെ 10.30ന് സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ച ശേഷം സ്പീക്കര്‍ ചേംബറിലേക്ക്​ പോയി. 15 മിനിറ്റിന് ശേഷം സഭ വീണ്ടും ചേര്‍ന്നപ്പോൾ കോടതിയിലെ റിമാൻഡ്​​ റിപ്പോര്‍ട്ട് സഭയിൽ വായിക്കാന്‍ പാടില്ലെന്ന് സ്പീക്കര്‍ റൂളിങ്​ നല്‍കി. മുമ്പ്​ ചര്‍ച്ച ചെയ്തിട്ടുണ്ടാകാമെങ്കിലും ഇപ്പോൾ പറ്റില്ലെന്ന കര്‍ശന നിലപാടും അദ്ദേഹം സ്വീകരിച്ചു​.

പ്രസംഗം പൂർത്തീകരിക്കാൻ അവസരം ലഭിച്ചതോടെ സി.ബി.ഐ അന്വേഷണം തടയാൻ സർക്കാർ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണവും മുഖ്യമന്ത്രി അട്ടിമറിച്ചെന്ന്​ കുഴൽനാടൻ ആരോപിച്ചു. ഇതിനോടും വിയോജിച്ച മുഖ്യമന്ത്രി, കേട്ടുകേള്‍വികളും വാദങ്ങളും വ്യാജയുക്തികളും ആരോപണങ്ങളും ഉന്നയിക്കാന്‍ പാടില്ലെന്ന ചട്ടവും ചൂണ്ടിക്കാട്ടി. സഭ വീണ്ടും ഇരുപക്ഷവും തമ്മിലുള്ള വാ​ക്​പോരിൽ എത്തിയതിന്​ പിന്നാലെ കുഴല്‍നാടന്റെ പ്രസംഗം അവസാനിപ്പിച്ച്​ മറുപടി പറയാൻ മന്ത്രി രാജേഷിനെ സ്പീക്കര്‍ ക്ഷണിച്ചു.

കേന്ദ്ര അന്വേഷണ ഏജന്‍സികളോടുള്ള സംസ്ഥാന കോൺഗ്രസിന്‍റെ നിലപാട് ദേശീയനേതൃത്വത്തിന്‍റേതിന്​ വിരുദ്ധമാണെന്ന്​ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ മന്ത്രി പരിഹസിച്ചു. സി.പി.എമ്മിലെ തർക്കം ചൂണ്ടിക്കാട്ടിയായിരുന്നു​ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍റെ മറുപടി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയിൽ ചർച്ചചെയ്യാൻ പാടില്ലെന്ന ചട്ടം അന്വേഷണഘട്ടത്തിൽ മാത്രമുള്ള കേസിലെ കാര്യങ്ങൾ ചർച്ചചെയ്യുന്നതിന്​ തടസ്സമല്ലെന്നും വാക്കൗട്ട്​ പ്രസംഗത്തിൽ അദ്ദേഹം​ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mathew Kuzhalnadanassembly updatesPinarayi Vijayan
News Summary - kerala assembly updates
Next Story