പിണറായിക്ക് മുന്നിൽ പദവിയുടെ ഉത്തരവാദിത്തം സ്പീക്കർ മറക്കരുതെന്ന് ഷാഫി പറമ്പിൽ
text_fieldsതിരുവനന്തപുരം: പിണറായി വിജയന്‍റെ കണ്ണുരുട്ടൽ ഭയന്ന് പദവിയുടെ ഉത്തരവാദിത്തം മറക്കുകയാണ് സ്പീക്കറെന്നും അദ്ദേഹം ആത്മപരിശോധന നടത്തണമെന്നും ഷാഫി പറമ്പിൽ എം.എൽ.എ. അവനവന്‍റെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് നിറവേറ്റാനാകാത്തതാണ് ഏറ്റവും വലിയ പരാജയമെന്ന് സ്പീക്കർ തിരിച്ചറിയണമെന്നും ഷാഫി പറഞ്ഞു. സ്പീക്കർ എ.എൻ. ഷംസീർ നിയമസഭയിൽ നടത്തിയ വിവാദ പരാമർശങ്ങളെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
ഡി.വൈ.എഫ്.ഐ നേതാവിലേക്ക് സ്പീക്കർ ഒരിക്കലും ചുരുങ്ങാൻ പാടില്ലെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. അതാണ് ഇന്ന് കണ്ടത്. ഷാഫിയെയും റോജിയെയും സനീഷിനെയും വിനോദിനെയും ജയിപ്പിക്കേണ്ടത് ആ പ്രദേശങ്ങളിലെ ജനങ്ങളാണ്. ഷാഫിയെ പ്രത്യേകം പറഞ്ഞത് ആരെ ജയിപ്പിക്കാനാണെന്ന് കേരള സമൂഹം ചർച്ച ചെയ്യട്ടെ. സ്പീക്കറുടെ പരാമർശത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ മറുപടി പറയണം -അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പിൽ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന സ്പീക്കറുടെ പരാമർശമാണ് വിവാദമായത്. നിയമസഭയിൽ ബാനറുമായി പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു എം.എൽ.എമാരെ പേരെടുത്ത് വിളിച്ച് സ്പീക്കറുടെ പരാമർശം. 'മുഖം മറക്കുന്ന രീതിയിൽ ബാനർ പിടിക്കരുത്. ഇത് ജനങ്ങൾ കാണുന്നുണ്ടെന്ന ബോധ്യമുണ്ടാകണം. ശ്രീ മഹേഷ് കരുനാഗപ്പള്ളിയിലെ ജനങ്ങൾ ഇത് കാണുന്നുണ്ട്. ശ്രീ റോജി ജോൺ അങ്കമാലിയിലെ ജനങ്ങൾ ഇത് കാണുന്നുണ്ട്. വിനോദ് ഇതൊക്കെ എറണാകുളത്തെ ജനങ്ങൾ കാണുന്നുണ്ട്. നിങ്ങൾക്ക് തന്നെയാണ് മോശം. ചെറിയ മാർജിനിൽ ജയിച്ചവരാണ്. ജനങ്ങൾ കാണുന്നുണ്ട് ഇതൊക്കെ. ഇനിയും ഇവിടെ വരേണ്ടതാണ്. വെറുതെ ഇമേജ് മോശമാക്കരുത്. ഷാഫി അടുത്ത തവണ തോൽക്കും, അവിടെ തോൽക്കും' -സ്പീക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.