പ്രതിപക്ഷ പ്രതിഷേധം; ചോദ്യോത്തരവേള റദ്ദാക്കി നിയമസഭ പിരിഞ്ഞു
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തരവേള റദ്ദാക്കി നിയമസഭ പിരിഞ്ഞു. ഇന്നലെ സഭയിലുണ്ടായ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അവകാശം നിരന്തരം നിഷേധിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ബഹളത്തെ തുടർന്ന് സഭ പിരിയുകയായിരുന്നു.
സ്പീക്കർ എ.എൻ. ഷംസീർ സഭയിലെത്തിയത് മുതൽ പ്രതിപക്ഷം പ്രതിഷേധിക്കാൻ തുടങ്ങി. ഇതോടെ സ്പീക്കർ സംസാരിച്ചു. ഇന്നലെ സഭക്കകത്തും പുറത്തുമുണ്ടായത് നിർഭാഗ്യകരമായ സംഭവങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ ചരിത്രത്തിലില്ലാത്ത രീതിയിൽ സ്പീക്കറുടെ ചേംബർ തന്നെ ഉപരോധിക്കുന്ന സാഹചര്യമുണ്ടായി. തുടർന്ന് കക്ഷിനേതാക്കളുടെ യോഗം വിളിച്ചു. എല്ലാവരും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.
അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ അവകാശം നിരന്തരം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സ്പീക്കറുടെ ചേംബറിൽ ഒരു പ്രശ്നവുമുണ്ടാക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല. വാച്ച് ആൻഡ് വാർഡ് മന:പൂർവം ഉപദ്രവിക്കുകയായിരുന്നു. വനിത എം.എൽ.എയെ അടക്കം ഉപദ്രവിച്ചെന്നും വി.ഡി. സതീശൻ പറഞ്ഞു.
പ്രതിപക്ഷ എം.എൽ.എമാരെ ആക്രമിച്ച സംഭവത്തിൽ ഡെപ്യൂട്ടി ചീഫ് മാർഷലിനെതിരെയും രണ്ട് ഭരണപക്ഷ എം.എൽ.എമാർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, ഇത് അംഗീകരിക്കാതെ ചോദ്യോത്തര വേളയിലേക്ക് കടന്നതോടെ പ്രതിപക്ഷം ബഹളമുയർത്തി. പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തര വേള റദ്ദാക്കി സഭ പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.