ബജറ്റ് ധനാഭ്യർഥനകളും മലയാള ഭാഷ ബില്ലും പാസാക്കി നിയമസഭ പിരിഞ്ഞു
text_fieldsതിരുവനന്തപുരം: സ്കൂളുകളിൽ മലയാള ഭാഷാ പഠനം നിർബന്ധമാക്കിയ നിയമനിർമാണം ഉൾെപ്പടെ പൂർത്തിയാക്കി 14ാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് സമാപനം. ബജറ്റിലെ ധനാഭ്യർഥനകളും സഭ പാസാക്കി. ഏപ്രിൽ 25ന് തുടങ്ങിയ സഭ 21 ദിവസമാണ് സമ്മേളിച്ചത്. ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് 60 വർഷം പൂർത്തിയായ ഏപ്രിൽ 27ന് സഭാ സമ്മേളനം സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ മന്ദിരത്തിൽ ചേർന്നതും പുതുമയായി. അന്നുതന്നെയായിരുന്നു സുപ്രധാനമായ മലയാള ഭാഷ ബിൽ അവതരിപ്പിച്ചതും.
മലയാള ഭാഷ ബില്ലിന് പുറമെ 2017-ലെ മദ്രാസ് ഹിന്ദുമത ധർമ എൻഡോവ്മെൻറുകൾ (ഭേദഗതി) ബില്ലും 2017ലെ കേരള ധനകാര്യ ബില്ലും സഭ പാസാക്കി. സഭ മുമ്പാകെ വന്ന അഞ്ച് അനൗദ്യോഗിക പ്രമേയങ്ങളിൽ ഒന്ന് ഗവൺമെൻറ് വരുത്തിയ ഭേദഗതിയോടെയും ഒരെണ്ണം അതേ രൂപത്തിലും സഭ ഐകകണ്ഠ്യേന പാസാക്കി. ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കാനുള്ള സുപ്രീംകോടതി ഉത്തരവ്, എം.എം. മണിയുടെ വിവാദ പ്രസ്താവന, സ്വാശ്രയ മെഡിക്കൽ പി.ജി ഫീസ് വർധന, എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുത്ത സംഭവം, റേഷൻ സ്തംഭനം തുടങ്ങിയ 20 വിഷയങ്ങൾ സഭയിൽ അടിയന്തര പ്രമേയത്തിനുള്ള അവതരണാനുമതി നോട്ടീസുകളായി പ്രതിപക്ഷം സഭയിൽ ഉയർത്തി.
660 നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളും 5921 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളും അനുവദിച്ചു. 37 ശ്രദ്ധക്ഷണിക്കൽ നോട്ടീസുകളും 197 സബ്മിഷനുകളും സഭയിൽ വന്നു. ചട്ടം 118 പ്രകാരം മൂന്നു ഗവൺമെൻറ് പ്രമേയങ്ങൾ സഭ ഐകകണ്ഠ്യേന പാസാക്കി. ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രിയും കൃഷിമന്ത്രിയും സഭയിൽ ഓരോ പ്രസ്താവനകൾ നടത്തി. ഗവർണർ മടക്കി അയച്ച കേരള മാരിടൈം ബോർഡ് ബിൽ പിൻവലിക്കുന്നതിനുള്ള പ്രമേയവും സഭ അംഗീകരിച്ചു.
അംഗങ്ങളുടെ ചോദ്യങ്ങൾക്ക് ബന്ധപ്പെട്ട മന്ത്രിമാർ യഥാസമയം മറുപടി നൽകാത്ത നടപടിയെ വിമർശിച്ച് സ്പീക്കർ റൂളിങ് നൽകുകയും ചെയ്തു. നിയമസഭാംഗങ്ങൾ വിവിധ മന്ത്രിമാർക്ക് നൽകുന്ന നിവേദനങ്ങൾക്കും കത്തുകൾക്കും യഥാസമയം മറുപടി ലഭ്യമാക്കാത്തത് ആരോഗ്യകരമായ പ്രവണതയല്ലെന്ന് സഭ പിരിയും മുമ്പ് സമ്മേളനത്തിെൻറ സംക്ഷിപ്തം അവതരിപ്പിക്കവെ സ്പീക്കർ പറഞ്ഞു. ജനപ്രതിനിധികൾ എന്ന നിലയിൽ ജനങ്ങളുടെ ഇടയിൽനിന്ന് ഉയർന്നുവരുന്ന പ്രശ്നങ്ങളാണ് വിവിധരൂപത്തിൽ അവർ മന്ത്രിമാരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത്.
ഇൗ കത്തുകൾക്കും നിവേദനങ്ങൾക്കും യഥാസമയം മറുപടി നൽകുന്ന കാര്യത്തിൽ മാതൃകാപരമായ ഒരു സമീപനം എല്ലാ മന്ത്രിമാരും സ്വീകരിക്കണമെന്ന് സ്പീക്കർ നിർദേശിച്ചു. അധികാര സ്ഥാനങ്ങളിലിരിക്കുന്ന ഉദ്യോഗസ്ഥരും ഇക്കാര്യം ഗൗരവപൂർവം നടപ്പാക്കുന്നു എന്ന് മന്ത്രിമാർ ഉറപ്പാക്കണമെന്നും സ്പീക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.