കേരള അസി.നിയമന ക്രമക്കേട്: കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി
text_fieldsതിരുവനന്തപുരം: ഏറെ വിവാദമായ കേരള സർവകലാശാല അസിസ്റ്റൻറ് നിയമനതട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി. പരാതിയിൽ ഉന്നയിച്ചിരുന്നത് ആരോപണങ്ങൾ മാത്രമാണെന്നും തെളിവുകളില്ലെന്നും കേസ് രജിസ്റ്റർ ചെയ്താൽ നിലനിൽക്കില്ലെന്നുമുള്ള നിയമോപദേശത്തെ തുടർന്നാണ് കേസ് നടപടികൾ അവസാനിപ്പിക്കുന്നതെന്നും ഒ.എം.ആർ ഷീറ്റുകൾ കണ്ടുകിട്ടിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
േകരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.കെ. രാമചന്ദ്രൻ നായർ, പ്രോ. വൈസ് ചാൻസലർ ഡോ. വി. ജയപ്രകാശ്, സിൻഡിക്കേറ്റംഗങ്ങളും ഇൻറർവ്യൂ ബോർഡ് അംഗങ്ങളുമായിരുന്ന എ.എ. റഷീദ്, ബി.എസ്. രാജീവ്, എം.പി. റസൽ, കെ.എ. ആൻഡ്രൂ, രജിസ്ട്രാറായിരുന്ന കെ.എ. ഹാഷിം എന്നിവരാണ് പ്രതികൾ. ഇതിൽ ബി.എസ്. രാജീവ് മരിച്ചു.
2008ലെ അസിസ്റ്റൻറ് നിയമനത്തിൽ തട്ടിപ്പ് നടന്നെന്നായിരുന്നു ക്രൈംബ്രാഞ്ച് ആദ്യം നൽകിയ കുറ്റപത്രം. എന്നാൽ, ആ കുറ്റപത്രത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഹൈകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെമാൽ പാഷ നിയമനം നേടിയവർക്കെതിരെയും അന്വേഷണം വേണമെന്ന് നിർദേശിച്ച് 2016ൽ ഉത്തരവിട്ടു. ആദ്യം സമർപ്പിച്ച കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. ആഴത്തിലുള്ള അന്വേഷണം കേസിൽ നടത്തണമെന്നായിരുന്നു ഉത്തരവ്.
എന്നാൽ, കോടതി നിർദേശാനുസരണം തുടരന്വേഷണം നടത്തിയപ്പോഴാണ് കേസ് നിലനിൽക്കില്ലെന്നും വേണ്ടത്ര തെളിവില്ലെന്നും ക്രൈംബ്രാഞ്ച് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പരാതിക്കാരനായിരുന്ന യൂനിവേഴ്സിറ്റി മുൻ സെനറ്റംഗവും നിലവിലെ നെല്ലനാട് പഞ്ചായത്ത് പ്രസിഡൻറുമായ സുജിത്ത് എസ്. കുറുപ്പിെൻറ മൊഴിപോലും രേഖപ്പെടുത്താതെയാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് ആക്ഷേപമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി എൻ. അബ്ദുൽ റഷീദ് സർവിസിൽനിന്ന് വിരമിക്കുന്നതിന് തലേന്നാളാണ് കേസ് എഴുതിത്തള്ളാനുള്ള റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്തത്. സി.പി.എം ബന്ധമുള്ളവർക്ക് പരീക്ഷപോലും എഴുതാതെ നിയമനം നൽകിയെന്ന പരാതിയായിരുന്നു കേസിനാധാരം.
മൂല്യനിർണയത്തിന് അയച്ച ഉത്തരേപപ്പറിൽ 46 എണ്ണം കുറവായിരുന്നു. തിരിമറി നടത്തിയതിൽ അന്വേഷണം വന്നപ്പോൾ ലാപ്ടോപ് മോഷണം പോയെന്ന് വി.സി വിരമിച്ചശേഷം അന്വേഷണസംഘത്തെ ഒരു വർഷത്തിനുശേഷം അറിയിച്ചത് വേറെ വിവാദമായിരുന്നു. ക്രൈംബ്രാഞ്ച് റിപ്പോർട്ട് വാദം കേട്ടശേഷം കോടതി അംഗീകരിക്കും.
സി.ബി.ഐ അന്വേഷണം വേണമെന്ന് പരാതിക്കാർ
തിരുവനന്തപുരം: കേരള സർവകലാശാല അസിസ്റ്റൻറ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് തങ്ങളുടെ നിസ്സഹായത കോടതിയിൽ ബോധ്യപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ നിയമനതട്ടിപ്പ് അന്വേഷണം സി.ബി.െഎയെ ഏൽപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ മുൻ സെനറ്റ് അംഗം സുജിത് എസ്.കുറുപ്പും 12 വർഷമായി ഇൗ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിയമപോരാട്ടം നടത്തുന്ന ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതി ചെയർമാൻ ആർ.എസ്. ശശികുമാറും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.