കുഞ്ഞുങ്ങളുടെ മരണം: വീഴ്ചയില്ലെന്ന് മെഡിക്കല്‍ കോളജ്; പച്ചക്കള്ളമെന്ന് യുവതിയുടെ ഭർത്താവ്
text_fieldsമഞ്ചേരി: ഗർഭസ്ഥശിശുക്കൾ മരിച്ച സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് പ്രിൻസിപ്പലിെൻറ പ്രാഥമിക റിപ്പോർട്ട്. യുവതിയെ ശനിയാഴ്ച പുലർെച്ച അഞ്ചിന് അഡ്മിറ്റ് ചെയ്ത് ചികിത്സ നൽകിയിരുന്നു. യുവതിയുടെയും ഗർഭസ്ഥശിശുക്കളുടെയും ആരോഗ്യനില തൃപ്തികരമായിരുന്നു. പ്രസവം തുടങ്ങാനുള്ള ലക്ഷണമൊന്നും ഇല്ലായിരുന്നു. കോവിഡ് ആശുപത്രിയായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാൻ തീരുമാനിച്ചു. വാഹനസൗകര്യം ഒരുക്കാമെന്നും അറിയിച്ചു.
എന്നാൽ, കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് റഫർ ചെയ്താൽ മതിയെന്നും സ്വന്തം വാഹനത്തിൽ പോകാമെന്നുമാണ് കുടുംബം മറുപടി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ജില്ല മെഡിക്കൽ ഓഫിസറും സമാന്തരമായി ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. രണ്ട് ഡെപ്യൂട്ടി ഡി.എം.ഒമാരാണ് ചൊവ്വാഴ്ച മെഡിക്കൽ കോളജിലെത്തി ഇത് തയാറാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ ആശുപത്രി സൂപ്രണ്ടിനും മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് ബുധനാഴ്ച മറുപടി നൽകുമെന്ന് പ്രിൻസിപ്പൽ എം.പി. ശശി പറഞ്ഞു.
അതേസമയം, പ്രിന്‍സിപ്പലിെൻറ അന്വേഷണ റിപ്പോര്‍ട്ട് തള്ളി കുട്ടികളുടെ കുടുംബം. ആരോഗ്യവകുപ്പ് തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ തയാറാകുന്നില്ല. പ്രിൻസിപ്പൽ ഏകപക്ഷീയമായാണ് റിപ്പോർട്ട് തയാറാക്കിയത്. തങ്ങളുടെ മൊഴി എടുത്തിട്ടില്ലെന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും പിതാവ് എൻ.സി. മുഹമ്മദ് ശരീഫ് പറഞ്ഞു. റിപ്പോർട്ടിലുള്ളത് പച്ചക്കള്ളമാണെന്നും പ്രസവമടുത്തില്ലെന്ന വാദം ശരിയല്ലെന്നും ശരീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.