മണിപ്പൂർ ഗ്രാമത്തിെൻറ ഹൃദയം കവർന്ന 'കേരള ബേക്കറി'
text_fieldsന്യൂഡൽഹി: ആലപ്പുഴ ജില്ലയിലെ മുതുകുളം ഗ്രാമത്തിലെ സ്വന്തം വീടിെൻറ വരാന്തയിലിരുന്ന് 4000 കിലോമീറ്റർ അകലെ മണിപ്പൂരിലുള്ള സുഹൃത്തിന് ഫോൺ ചെയ്യുകയാണ് ആർ. രംഗനാഥൻ. അവിടെ ഉക്രൂൽ ജില്ലയിലെ സ്ഥിതിവിശേഷങ്ങളറിയാനാണ് രംഗനാഥെൻറ കോൾ. മണിപ്പൂരിൽ ബേക്കറി നടത്തുന്ന രംഗനാഥൻ കോവിഡ് 19നെ തുടർന്ന് കട പൂട്ടി ഭാര്യ അനിലയോടൊപ്പം നാട്ടിൽ മടങ്ങിയെത്തിയതാണ്.
മണിപ്പൂരിലെ പിന്നാക്ക ഹൈറേഞ്ച് ജില്ലകളിലൊന്നായ ഉക്രൂലിലാണ് രംഗനാഥൻ ബേക്കറി നടത്തുന്നത്. 1995ൽ ഉക്രൂലിലെ വ്യൂലാൻഡ് ഏരിയയിൽ അദ്ദേഹം തുടങ്ങിയത് തനതു കേരള ബേക്കറി ആയിരുന്നുവെന്നതാണ് സവിശേഷത. പഫ്സും രസഗുളയും പൂരി-സബ്ജിയുമൊക്കെ കിട്ടുമെങ്കിലും മലയാളിയുടെ 'അഭിമാനമായ' പൊറോട്ടയും ചിക്കൻ കറിയും അടക്കമുള്ള കേരള വിഭവങ്ങളും രംഗനാഥെൻറ കടയിലുണ്ടായിരുന്നു.
'ആ സമയത്ത് കേരളത്തിൽനിന്ന് ഒരാൾപോലും ഉക്രൂലിൽ കച്ചവടം ചെയ്യുന്നില്ലായിരുന്നു. കുറച്ച് കടകൾ മാത്രം. കൂടുതലും അവശ്യസാധനങ്ങൾ വിൽക്കുന്നവ. പുതിയ ഐറ്റങ്ങളുമായി ഒരു ബേക്കറി തുടങ്ങിയാലോ എന്നാണ് ഞാൻ അപ്പോൾ ചിന്തിച്ചത്. കേക്കും പഫ്സും ബിസ്കറ്റുമൊക്കെയുണ്ടാക്കാൻ കേരളത്തിൽനിന്നും ബംഗാളിൽനിന്നും കുറച്ച് ജോലിക്കാരെയെത്തിച്ചു. അങ്ങനെയാണ് കേരള ബേക്കറിക്ക് തുടക്കമായത്.' -രംഗനാഥൻ 'ദ പ്രിൻറി'നോട് പറഞ്ഞു.
ഒരു കിലോ കേക്ക് അന്ന് വിറ്റിരുന്നത് 75 രൂപക്കാണ്. പതിയെ ഉക്രൂലിെൻറ ആഘോഷങ്ങളിൽ കേരള ബേക്കറി അവിഭാജ്യ ഘടകമായി മാറി. 'ഗ്രാമത്തിെൻറ അന്തരീക്ഷമുള്ള വളരെ ചെറിയ ഒരു ടൗണായിരുന്നു ഞങ്ങളുടേത്. അതുകൊണ്ടുതന്നെ ഒരു ബേക്കറി ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. മുമ്പ് കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരുപാട് വിഭവങ്ങളാണ് കേരള ബേക്കറി ഞങ്ങൾക്ക് മുന്നിൽ നിരത്തിയത്. എെൻറ അമ്മ ഓഫിസിൽനിന്ന് തിരിച്ചുവരുേമ്പാൾ കേരള ബേക്കറിയിലെ പലഹാരങ്ങൾ കൊണ്ടുവരുന്നത് ഇപ്പോഴും ഓർമയിലുണ്ട്' -ഇപ്പോൾ മുംബൈയിൽ താമസിക്കുന്ന ഉക്രൂൽ സ്വദേശിയായ ഫിപി ലെയ്സാൻ പറയുന്നു.
40 വർഷം പിന്നിട്ട ഉക്രൂൽ ജീവിതം
1979ൽ രംഗനാഥൻ ഉക്രൂലിൽ എത്തിയിട്ടുണ്ട്. സഹോദരൻ രമണൻ അസം റൈഫിൾസിൽ റിക്രൂട്മെൻറിനായി അവിടെയെത്തിയിരുന്നു. എന്നാൽ, സെലക്ഷൻ ലഭിച്ചില്ല. പരിചയക്കാരിലൊരാൾ നുങ്ബി ഗ്രാമത്തിൽ പലചരക്കുകട തുടങ്ങാൻ രമണനോട് സഹായം തേടി. കട തുടങ്ങിയയാൾ വൈകാതെ നാട്ടിലേക്ക് മടങ്ങി. അക്കാലത്ത് തൊഴിൽ തേടിയിരുന്ന രംഗനാഥനും നുങ്ബിയിൽ രമണനൊപ്പെമത്തി.
ഭാഷയും സംസ്കാരവും വ്യത്യസ്തമായ നാട്ടിൽ സഹോദരങ്ങൾ കച്ചവടത്തിൽ പതിയെ മെച്ചപ്പെട്ടുതുടങ്ങി. ഉക്രൂലിലെ ജില്ല ആസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെയുള്ള നുങ്ബിയിൽ അന്ന് വൈദ്യുതിയോ നല്ല റോഡുകളോ ഉണ്ടായിരുന്നില്ലെന്ന് രംഗനാഥൻ ഓർക്കുന്നു. അടുത്ത 15 വർഷത്തിനിടയിൽ രമണൻ ജെസാമിയിൽ കേരള ഹോട്ടൽ തുടങ്ങിയപ്പോൾ രംഗനാഥൻ വ്യൂലാൻഡിൽ ബേക്കറി തുടങ്ങുകയായിരുന്നു.
ലോക്ഡൗണിലെ വെല്ലുവിളികൾ
തിരിച്ചടികളും വെല്ലുവിളികളുമൊക്കെ കച്ചവടത്തിൽ ഇക്കാലത്തിനടയിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഈ മഹാമാരി സൃഷ്ടിച്ചതുപോലൊരു പ്രതിസന്ധി ഇതുവരെ ഉണ്ടായിട്ടില്ലെന്ന് രംഗനാഥൻ പറയുന്നു. ' ആറു മാസം കട അടച്ചിടുകയെന്നത് ബുദ്ധിമുട്ടായിരുന്നു. ജോലിക്കാരൊക്കെ മറ്റു ജോലികൾ തേടിപ്പോയി. ലോക്ഡൗൺ എന്ന് അവസാനിക്കുമെന്നറിയില്ല. അതോടെയാണ് കേരളത്തിലേക്ക് മടങ്ങിയത്.' -രംഗനാഥൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.