കേരള ബാങ്ക് എ.ടി.എം തട്ടിപ്പിലൂടെ ലഭിച്ച പണം ബിറ്റ് കോയിനാക്കിയെന്ന് പ്രതികൾ
text_fieldsതിരുവനന്തപുരം: കേരള ബാങ്ക് എ.ടി.എം തട്ടിപ്പിലൂടെ ലഭിച്ച പണം ബിറ്റ് കോയിനാക്കിയെന്ന് പ്രതികൾ. ബാങ്ക് ഇടപാടുകൾ സംശയമുണ്ടാക്കുന്ന സാഹചര്യത്തിലാണ് പണം ബിറ്റ് കോയിനാക്കാൻ തീരുമാനിച്ചതെന്ന് പ്രതികൾ പൊലീസിൽ മൊഴി നൽകി.
എ.ടി.എം വഴി പണം തട്ടിയ സംഭവത്തിൽ കാസർകോട് സ്വദേശികളായ അബ്ദുൽ സമദാനി, മുഹമ്മദ് നജീബ്, നുഅ്മാൻ അഹമ്മദ് എന്നിവരെ സൈബർ പൊലീസ് പിടികൂടിയിരുന്നു. എ.ടി.എം തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ സോഫ്റ്റ്വെയർ കമ്പനി ജീവനക്കാരനായ ഡൽഹി സ്വദേശിയാണെന്ന് വിവരം. ഇയാൾക്കായി ഉത്തരേന്ത്യയിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
വിവിധ ജില്ലകളിലെ അഞ്ച് എ.ടി.എമ്മുകളിൽ നിന്ന് 2.75 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ബാങ്ക് ഓഫ് ബറോഡയുടെ ഉത്തർപ്രദേശിലെ വ്യാജ എ.ടി.എം കാർഡ് ഉപയോഗിച്ചാണ് കാസർകോട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെ എ.ടി.എമ്മിൽ നിന്ന് പണം തട്ടിയത്. കേരള ബാങ്കിന്റെ തിരുവനന്തപുരത്തെ കിഴക്കേകോട്ട, നെടുമങ്ങാട് എ.ടി.എമ്മുകളിൽ നിന്ന് 90,000 രൂപയാണ് നഷ്ടപ്പെട്ടത്.
തട്ടിപ്പിനായി കേരള ബാങ്കിന്റെ എ.ടി.എം സോഫ്റ്റ്വെയർ തയാറാക്കിയ കമ്പനിയിൽ നിന്ന് ഡൽഹി സ്വദേശി രഹസ്യ പാസ്വേർഡുകള് ചോർത്തിയെന്നാണ് നിഗമനം. 2019 മുതൽ ഇ.വി.എം എ.ടി.എം മെഷീനുകള്‍ ഉപയോഗിക്കണമെന്ന ആർ.ബി.ഐ നിർദേശം കേരള ബാങ്ക് പാലിക്കാത്തതും തട്ടിപ്പിന് കാരണമായതായി ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.