കേരള ബാങ്ക് ഡയറക്ടർ ബോർഡ് പദവി: ആശങ്കകളുമായി ലീഗ് സഹകരണ ബാങ്ക് ഭരണസമിതികൾ പാണക്കാട്ട്
text_fieldsമലപ്പുറം: കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാന വിവാദവും കേരള ബാങ്ക് ലയനവുമായി ബന്ധപ്പെട്ട കേസും സംബന്ധിച്ച ആശങ്കകളുമായി മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്ക് ഭരണസമിതികൾ പാണക്കാട്ട്. ഞായറാഴ്ച രാവിലെയാണ് ബാങ്ക് ഭരണസമിതികളും മലപ്പുറം ജില്ല സഹകരണ ബാങ്ക് ജീവനക്കാരും പാണക്കാട്ട് മുസ്ലിം ലീഗ് നേതൃത്വത്തെ കാണാനെത്തിയത്. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം തുടങ്ങിയവരോടാണ് ഭരണസമിതികൾ ആശങ്ക പങ്കുവെച്ചത്.
കേരള ബാങ്ക് ലയനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്ക് ഭരണസമിതികൾ കേസുമായി മുന്നോട്ട് പോവുകയാണ്. ഇതിനിടെ കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എം.എൽ.എ സ്ഥാനം ഏറ്റെടുക്കാൻ തീരുമാനിച്ചത് സഹകാരികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്ന് ബാങ്ക് ഭരണസമിതികൾ ലീഗ് നേതൃത്വത്തെ അറിയിച്ചു. പാർട്ടി എം.എൽ.എ ഡയറക്ടർ ബോർഡ് അംഗമായിരിക്കെ ബാങ്ക് ലയനത്തിനെതിരായ കേസ് മുന്നോട്ട് കൊണ്ടുപോകുന്നത് വിമർശനങ്ങൾക്ക് ഇടയാക്കുമെന്നും വിഷയത്തിൽ വ്യക്തത വരുത്തണമെന്നും ഭരണസമിതികൾ മുസ്ലിം ലീഗ് നേതൃത്വത്തോട് പറഞ്ഞു.
ഭരണസമിതികളുടെ ആശങ്ക കേട്ട നേതാക്കൾ കേസ് നടപടികളുമായി മുന്നോട്ട് പോകാൻ അനുമതി നൽകി. കേസിൽ പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും ഡയറക്ടർ ബോർഡ് സ്ഥാനം സംബന്ധിച്ച് അനുയോജ്യ തീരുമാനം എടുക്കുമെന്നും മുസ്ലിം ലീഗ് നേതൃത്വം സഹകാരികളെ അറിയിച്ചു. പാർട്ടിയുടെ ഉറപ്പിന്മേൽ കേസുമായി മുന്നോട്ട് പോകുമെന്ന് ബാങ്ക് ഭരണസമിതി ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.