കേരള ബാങ്ക്: വിരമിച്ചവർക്ക് പുനർനിയമനം വിവാദത്തിൽ
text_fieldsതിരുവനന്തപുരം: കേരള ബാങ്കിൽ വിരമിച്ചവർക്ക് പുനർനിയമനം നൽകുന്നത് വിവാദത്തിൽ. പ്രസിഡന്റിന്റെ പി.എ ആയി ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിൽനിന്ന് വിരമിച്ചയാൾക്ക് നിയമനം നൽകിയത് ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എന്നാൽ ജീവനക്കാരുടെ സംഘടനകൾ ഇക്കാര്യത്തിൽ പരസ്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഡെപ്യൂട്ടി ജനറൽ മാനേജരായി വിരമിച്ചയാൾക്ക് നേരത്തെ പരിശീലന വിഭാഗത്തിന്റെ ചുമതലക്കാരനായി താൽക്കാലിക നിയമനം നൽകിയിരുന്നു. ഇതിന് ശേഷമാണ് ബാങ്ക് ആസ്ഥാനത്ത് പുതിയ നിയമനം. സ്ഥിരം സർവിസിലുള്ള നിരവധി ഉദ്യോഗസ്ഥർ കേരള ബാങ്കിലുള്ളപ്പോൾ വിരമിച്ചവർക്ക് പുനർനിയമനം നൽകുന്നത് ഗുണകരമാവില്ലെന്നാണ് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. കേരള ബാങ്കിനെ ‘നമ്പർ വൺ’ ബാങ്ക് ആക്കി മാറ്റുന്നതിന്റെ ഭാഗമായി കഴിയുന്നത്ര പ്രഫഷനലിസം കൊണ്ടുവരാനുള്ള ശ്രമമാണ് മാനേജ്മെന്റും സഹകരണ വകുപ്പും നടത്തുന്നത്. ഈ സാഹചര്യത്തിൽ വിരമിച്ചവരെ നിയമിക്കുന്നത് പ്രഖ്യാപിത ലക്ഷ്യത്തിന് അനുയോജ്യമായ നടപടിയല്ലെന്ന വിമർശനവും ഉയരുന്നു.
അതേസമയം ഡെപ്യൂട്ടി ജനറൽ മാനേജർമാരുടെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തുവെങ്കിലും തുടർനടപടികൾ വൈകുകയാണ്. അഞ്ച് വർഷം സീനിയർ അല്ലെങ്കിൽ ചീഫ് മാനേജർ തസ്തികയിലെ സേവനമടക്കം 15 വർഷത്തെ പ്രവർത്തന പരിചയം, എം.ബി.എ യോഗ്യത തുടങ്ങിയ യോഗ്യതകൾ ഇതിന് നിശ്ചയിച്ചതിനാൽ കൂടുതൽ പേർക്ക് അപേക്ഷിക്കാനാകാത്ത സാഹചര്യമുണ്ടായി. അതിനിടെ അസി. മാനേജർ, ക്ലറിക്കൽ, ഓഫിസ് അസിസ്റ്റന്റ് തസ്കതികളിൽ നിയമനത്തിനുള്ള നടപടികൾ പി.എസ്.സി ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.