കേരള ബാങ്ക് പ്രവർത്തനം താളംതെറ്റുന്നു; സഹകരണ വകുപ്പ് മൗനത്തിൽ
text_fieldsതിരുവനന്തപുരം: ജില്ല സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന നിലയിൽ രൂപവത്കരിച്ച കേരള ബാങ്കിന്റെ പ്രവർത്തനം അവതാളത്തിൽ. സർക്കാറിനും മാനേജ്മെന്റിനുമെതിരെ ജീവനക്കാർ തെരുവിലിറങ്ങിയിട്ടും പ്രശ്നപരിഹാരത്തിന് സഹകരണ വകുപ്പ് തയാറായിട്ടില്ല. സമരം തുടരുന്നെങ്കിൽ അങ്ങനെയാകട്ടെ, എന്ന നിലപാടാണ് സഹകരണ വകുപ്പിനുള്ളതത്രെ. വകുപ്പുമന്ത്രിയുമായി വിഷയം ചർച്ച ചെയ്യാൻ ശ്രമം നടന്നെങ്കിലും അനുകൂല സമീപനമുണ്ടായിട്ടില്ല.
സർക്കാർ നിസ്സംഗത തുടരുന്ന സാഹചര്യത്തിൽ ഭരണപക്ഷ സംഘടനയായ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ 22ന് ഏകദിന പണിമുടക്ക് നടത്തിയിരുന്നു. ജീവനക്കാരുടെ കുറവ് പരിഹരിക്കുക, പെൻഷൻ പദ്ധതി കാലാനുസൃതമായി പരിഷ്കരിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫെഡറേഷൻ സഹകരണ രജിസ്ട്രാർ ഓഫിസിന് മുന്നിൽ കഴിഞ്ഞ മാസം 29നും സമരം നടത്തി.
കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് നേതൃത്വത്തിൽ ജീവനക്കാർ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പണിമുടക്കാൻ തീരുമാനിച്ചിട്ടുണ്ട്. 823 ശാഖകളിലെയും ഹെഡ് ഓഫിസിലെയും റീജനൽ-ജില്ല ഓഫിസുകളിലെയും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കും.
കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്കരണത്തിന് കമ്മിറ്റിയെ നിയമിക്കുക, ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാറും മാനേജ്മെൻറും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സഹകരണ മന്ത്രി ഫെബ്രുവരി 26ന് സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങളിൽ ഒന്നുപോലും ഒമ്പത് മാസമായിട്ടും നടപ്പാക്കിയില്ല.
തുടർന്നും വിഷയങ്ങൾക്ക് പരിഹാരമുണ്ടാകുന്നില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകേണ്ടിവരുമെന്ന് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് വ്യക്തമാക്കുന്നു.
വരുമാനത്തെയും പിന്നോട്ടടിക്കും
തിരുവനന്തപുരം: കടുത്ത മത്സരമുള്ള ബാങ്കിങ് രംഗത്ത് അവശ്യം വേണ്ട ജീവനക്കാരില്ലാതെ കേരള ബാങ്ക് ശാഖകളുടെ പ്രവർത്തനം കാര്യക്ഷമമായി നടത്താനാവാത്ത സ്ഥിതിയാണ്. വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് പി.എസ്.സി നടപടി ആരംഭിച്ചെങ്കിലും കോടതി ഇടപെടലടക്കം വന്നതോടെ നിയമനം നീളുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനവും വൈകുന്നു. ജീവനക്കാരെ പിണക്കുന്നത് മെച്ചപ്പെട്ട പ്രവർത്തന പദ്ധതികൾ നടപ്പാക്കുന്നതിനെ ബാധിക്കും. ബാങ്കിന്റെ വരുമാനത്തെ പിന്നോട്ടടിക്കുന്ന സാഹചര്യമാവും ഉണ്ടാവുകയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.