കേരള ബാങ്ക്: യു.ഡി.എഫിൽ അസ്വാരസ്യം; തണുപ്പിക്കാൻ കോൺഗ്രസ്
text_fieldsതിരുവനന്തപുരം: കേരള ബാങ്ക് ഡയറക്ടർ സ്ഥാനം മുസ്ലിം ലീഗ് സ്വീകരിച്ചതിൽ യു.ഡി.എഫിൽ അതൃപ്തി. മുഖ്യകക്ഷിയായ കോൺഗ്രസിന് പുറമെ, സി.എം.പി, ആർ.എസ്.പി എന്നിവരും മുസ്ലിം ലീഗിന്റെ തീരുമാനത്തോട് യോജിക്കുന്നില്ല. അതൃപ്തി നേതാക്കൾ പരസ്പരം പങ്കുവെച്ചതായാണ് വിവരം. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നവിധം വഷളാക്കേണ്ടതില്ലെന്ന ധാരണയും നേതാക്കളിലുണ്ടായിട്ടുണ്ട്. കേരള ബാങ്കുമായി സഹകരിക്കാനുള്ള തീരുമാനത്തിലുള്ള അതൃപ്തിയെക്കാൾ, സർക്കാർ വെച്ചുനീട്ടിയ ഡയറക്ടർ ബോർഡ് സ്ഥാനം സ്വീകരിക്കുമ്പോൾ ഒരു ചർച്ചയും തങ്ങളുമായി നടത്തിയില്ല എന്നതാണ് കോൺഗ്രസ് നേതൃത്വത്തെ അലട്ടുന്നത്.
മുസ്ലിം ലീഗുമായി അടുക്കാൻ സി.പി.എം നേതൃത്വം കിണഞ്ഞു ശ്രമിക്കുന്ന സാഹചര്യത്തിലാണ് യു.ഡി.എഫിലെ പ്രധാന കക്ഷിയായ കോൺഗ്രസിനെ ഇരുട്ടിൽ നിർത്തി മുസ്ലിംലീഗ് നേതൃത്വം കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം സ്വീകരിക്കാൻ തീരുമാനിച്ചത്. സഹകരണത്തിലെ സഹകരണം മാത്രമാണിതെന്നാണ് മുസ്ലിം ലീഗ് കോൺഗ്രസിനും യു.ഡി.എഫിനും ആവർത്തിച്ച് നൽകുന്ന വിശദീകരണം. അതിനപ്പുറം കാര്യങ്ങൾ പോകില്ലെന്നും ലീഗ് നേതൃത്വം യു.ഡി.എഫിന് ഉറപ്പുനൽകിയിട്ടുണ്ട്. അത് വിശ്വാസത്തിലെടുക്കുമ്പോഴും സി.പി.എം തുറന്നിട്ടിരിക്കുന്ന വാതിലിലേക്ക് ലീഗ് ഒന്നുകൂടി അടുക്കുകയാണെന്ന് സംശയിക്കുന്നവരും കോൺഗ്രസിലുണ്ട്.
സഹകരണമേഖലയിൽ സർക്കാറുമായി സഹകരിച്ചുപോകാമെന്ന നിലപാടാണ് സി.എം.പിക്ക് നേരത്തേ ഉണ്ടായിരുന്നത്. എന്നാൽ, യു.ഡി.എഫിന്റെ കൂട്ടായ തീരുമാനപ്രകാരം കേരള ബാങ്കുമായി സഹകരണം വേണ്ടെന്ന നിലപാടിലേക്ക് മാറി. ഇപ്പോൾ മുസ്ലിം ലീഗ് യു.ഡി.എഫ് നിലപാടിന് വിരുദ്ധമായി കേരള ബാങ്ക് ഡയറക്ടർ സ്ഥാനം സ്വീകരിച്ചത് ശരിയായില്ലെന്ന് സി.എം.പി ചൂണ്ടിക്കാട്ടുന്നു.
യു.ഡി.എഫ് തീരുമാനം ചിലർക്ക് ബാധകമല്ലേയെന്ന ചോദ്യം പരസ്യമായി ഉയർത്തിയ ആർ.എസ്.പിയും ഇതേ നിലപാടാണ് മുന്നോട്ടുവെച്ചത്. എന്നാൽ, ചെറുകക്ഷികളുടെ നീരസം കണക്കിലെടുക്കാത്ത ലീഗ് അതിനോട് പ്രതികരിച്ചിട്ടില്ല. യു.ഡി.എഫിൽ ഉറച്ചുനിൽക്കുന്ന നിലപാടിൽ മാറ്റമില്ലെന്ന മാത്രമാണ് ലീഗ് നേതാക്കൾ നൽകുന്ന മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.