കേരള ബാങ്ക്-മലപ്പുറം ജില്ല ബാങ്ക് ലയനം: വിധി പ്രത്യാഘാതമുണ്ടാക്കുമെന്ന് സഹകാരികൾ
text_fieldsമലപ്പുറം: കേരള ബാങ്ക്-മലപ്പുറം ജില്ല സഹകരണ ബാങ്ക് ലയനം ശരിവെച്ചുള്ള ഹൈകോടതി സിംഗിൾ ബെഞ്ച് വിധി ബാങ്കിങ് മേഖലയിൽ വൻ പ്രത്യാഘാതമുണ്ടാക്കുമെന്ന് സഹകാരികൾ. വിധി വാണിജ്യ ബാങ്കിങ് മേഖലയിലടക്കം കൂടുതൽ ബാങ്കുകളുടെ ലയനത്തിന് വഴിതെളിയിക്കും.
ലയനത്തിന് ബാങ്ക് ഓഹരിയുടമകളുടെ ജനറൽ ബോഡിയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്ന് റിസർവ് ബാങ്ക് നിബന്ധന വെച്ചിട്ടുണ്ട്. മലപ്പുറം ജില്ല സഹകരണ ബാങ്ക് ജനറൽ ബോഡി യോഗം കേരള ബാങ്കുമായുള്ള ലയന നിർദേശം തള്ളുകയായിരുന്നു. ലയനം മുന്നോട്ടുവെച്ച സഹകരണ രജിസ്ട്രാറുടെ കത്തിന് ജനറൽബോഡിയിൽ കേവല ഭൂരിപക്ഷം പോലും ലഭിച്ചിരുന്നില്ല. ഇതാണ് ലയന നടപടികൾ ചട്ടവിരുദ്ധമാണെന്ന നിരീക്ഷണം സുപ്രീംകോടതി നടത്താൻ കാരണം. സുപ്രീംകോടതി നിർദേശപ്രകാരമാണ് ജില്ല ബാങ്ക് ഓഹരിയുടമകൾ ഹൈകോടതിയെ സമീപിച്ചത്. വോട്ടവകാശമുള്ള ‘എ’ ക്ലാസ് ഓഹരിയുടമകൾ ഉൾക്കൊള്ളുന്നതാണ് ബാങ്ക് ജനറൽബോഡി. പ്രാഥമിക ബാങ്കുകളാണ് മലപ്പുറം ജില്ല ബാങ്കിന്റെ ഓഹരിയുടമകൾ. മലപ്പുറം ജില്ല ബാങ്ക് വൻ ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. നഷ്ടത്തിലുള്ള കേരള ബാങ്കിൽ (കേരള സംസ്ഥാന കോഓപറേറ്റിവ് ബാങ്ക്) മലപ്പുറം ജില്ല ബാങ്ക് ലയിക്കുമ്പോൾ ഓഹരിയുടമകൾക്കാണ് വൻ നഷ്ടമുണ്ടാകുക. വാർഷിക ഡിവിഡന്റിൽ വൻ കുറവുണ്ടാകും. ആസ്തി, നിക്ഷേപങ്ങൾക്കും ദോഷകരമാവും.
കേരള ബാങ്കിൽ ലയിച്ച സംസ്ഥാന സഹകരണ ബാങ്കും തിരുവനന്തപുരമടക്കം മൂന്ന് ജില്ല ബാങ്കുകളും വൻ നഷ്ടത്തിലാണ്. ഈ ബാങ്കുകളുടെ സാമ്പത്തിക തകർച്ചയുടെ ഭാരം കേരള ബാങ്കിൽ ലയിപ്പിക്കപ്പെട്ട മറ്റ് ജില്ല ബാങ്കുകൾക്കാണ് ബാധ്യതയാകുക. കഴിഞ്ഞ ജനുവരി 12നാണ് കേരള ബാങ്കിൽ മലപ്പുറം ജില്ല സഹകരണ ബാങ്കിനെ ലയിപ്പിച്ച ഉത്തരവ് സംസ്ഥാന സഹകരണ രജിസ്ട്രാർ പുറത്തിറക്കിയത്. ജില്ല ബാങ്ക് ജനറൽ ബോഡിയുടെ അംഗീകാരമില്ലാതെ ഏകപക്ഷീയമായിരുന്നു രജിസ്ട്രാറുടെ ഉത്തരവ്. ജില്ല ബാങ്കിന്റെ ആസ്തി-ബാധ്യതകൾ കണക്കാക്കി വിവരം ഓഹരിയുടമകളെ അറിയിക്കുകയോ ലയനത്തിന് അനുവാദം വാങ്ങുകയോ ചെയ്തിരുന്നില്ലെന്നും നടപടിക്രമം കാറ്റിൽപറത്തിയുള്ള നടപടിയാണ് രജിസ്ട്രാറുടെ ഭാഗത്തുനിന്നുണ്ടായതെന്നും സഹകാരികൾ പറയുന്നു. റിസർവ് ബാങ്കിന്റെ നിബന്ധന മറികടന്ന് മേൽകോടതികളിലും ലയനം ശരിവെക്കപ്പെട്ടാൽ രാജ്യത്താകമാനമുള്ള ചെറുകിട ബാങ്കുകളെ ലയിപ്പിക്കാൻ വൻകിട കോർപറേറ്റ് ബാങ്കുകൾക്ക് എളുപ്പമാകും. മേൽകോടതികളിൽനിന്ന് മലപ്പുറം ജില്ല ബാങ്കിന് അനുകൂല വിധി പ്രതീക്ഷിക്കുന്നതായും സഹകാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.