എം.ഡി.സി ബാങ്ക് ലയനം വേഗത്തിലാക്കാൻ കേരള ബാങ്ക് നീക്കം
text_fieldsമലപ്പുറം: ജില്ല സഹകരണ ബാങ്കിനെ നിര്ബന്ധിതമായി കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരെ റിസർവ് ബാങ്ക് ഹൈകോടതിയെ സമീപിച്ചിരിക്കെ, ഇരു ബാങ്കുകളുടേയും സംയോജനം വേഗത്തിലാക്കാൻ കേരള ബാങ്ക് ഡയറക്ടർ ബോർഡിന്റെ ധിറുതി പിടിച്ച നീക്കം. ഇതിന്റെ ഭാഗമായി കേഡർ സംയോജനത്തിന് മുസ്ലിംലീഗ് എം.എൽ.എയും കേരള ബാങ്ക് ഡയറക്ടറുമായ പി. അബ്ദുൽ ഹമീദ് ചെയർമാനായി ഉപസമിതി നിലവിൽവന്നു.
പ്രബല യൂനിയനുകളുമായി ഉപസമിതി തിരുവനന്തപുരത്ത് ചർച്ച പൂർത്തിയാക്കി.
സംസ്ഥാന സഹകരണ ബാങ്കും മലപ്പുറം ഒഴികെയുള്ള 13 ജില്ല ബാങ്കുകളും ലയിച്ച് കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) രൂപംകൊണ്ടത് 2019ലാണ്.
മലപ്പുറം ജില്ല സഹകരണ (എം.ഡി.സി) ബാങ്കിനെ സഹകരണ രജിസ്ട്രാറുടെ ഉത്തരവുപ്രകാരം കേരള ബാങ്കിൽ ലയിപ്പിച്ചത് 2023 ജനുവരിയിലും. എം.ഡി.സി ബാങ്ക് ആസ്ഥാനത്തും 54 ശാഖകളിലുമായുള്ള 335 ജീവനക്കാരെ കേരള ബാങ്കിന്റെ കേഡറിലേക്ക് മാറ്റുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
ജീവനക്കാരുടെ ആവശ്യങ്ങളും സീനിയോറിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പഠനവിധേയമാക്കി സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് കേരള ബാങ്ക് ഡയറക്ടർ ബോർഡ് യോഗം പി. അബ്ദുൽ ഹമീദ് ചെയർമാനായി ഉപസമിതി രൂപവത്കരിച്ചത്.
ബാങ്ക് ലയനം ശരിവെച്ചുള്ള ഹൈകോടതി സിംഗ്ൾ ബെഞ്ച് വിധിക്കെതിരെ എം.ഡി.സി ബാങ്ക് മുൻ ചെയർമാൻ അഡ്വ. യു.എ. ലത്തീഫ് എം.എൽ.എയുടെ അപ്പീൽ ഹരജി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്.
ഇതിനിടെ, ലയനത്തിനെതിരെ ആർ.ബി.ഐ നേരിട്ട് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത് സംസ്ഥാന സർക്കാറിനും കേരള ബാങ്കിനും കനത്ത തിരിച്ചടിയായിരുന്നു.
കേസ് ജനുവരി 11ന് പരിഗണിക്കാനിരിക്കെയാണ് ബാങ്കുകളുടെ സംയോജനം വേഗത്തിൽ പൂർത്തിയാക്കാനുള്ള നീക്കം.
ജീവനക്കാരുടെ സംഘടനകളെ ഒപ്പം നിർത്തി, നിയമപോരാട്ടത്തിൽ മേൽക്കൈ നേടുകയെന്ന ലക്ഷ്യം കേരള ബാങ്ക് ഡയറക്ടർ ബോർഡിനുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.