കേരള ബാങ്ക്: ഡിജിറ്റൽ ബാങ്കിങ് വിപുലമാക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: സഹകരണ മേഖലയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കും വിവാദങ്ങൾക്കുമിടെ ബിസിനസ് വർധിപ്പിക്കാനുള്ള നടപടി കേരള ബാങ്ക് ഊർജിതമാക്കി. പുതിയ വായ്പകൾ പരമാവധി നൽകുന്നതിനൊപ്പം ഡിജിറ്റൽ ബാങ്കിങ് പ്രോത്സാഹിപ്പിക്കുന്ന ഇടപെടൽ നടത്താൻ ശാഖകൾക്ക് നിർദേശം നൽകി. പൊതുമേഖലാ പുതുതലമുറ ബാങ്കുകൾക്ക് സമാനമായി ഡിജിറ്റൽ ബാങ്കിങ് സാധ്യത കൂടുതലായി ഉപയോഗപ്പെടുത്താനാണ് ശ്രമം.
ബാങ്കിങ് മേഖലയിൽ സംസ്ഥാനത്ത് ഒന്നാമതെത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനം നേരത്തേ ആരംഭിച്ചിരുന്നു. എന്നാൽ, കരുവന്നൂർ, കണ്ടല വായ്പ തട്ടിപ്പും സഹകരണ മേഖലയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഇ.ഡി അന്വേഷണവുമടക്കം ഇതിന് തിരിച്ചടിയായി. വിവാദങ്ങൾ മിക്ക പ്രാഥമിക സഹകരണ ബാങ്കുകളെയും ബാധിച്ചെങ്കിലും കേരള ബാങ്കിന് കാര്യമായ പ്രശ്നമുണ്ടായില്ല.
നവംബർ ഒന്നിന് തുടങ്ങിയ ‘മിഷൻ റെയിൻബോ’ ബിസിനസ് വിപുലീകരണ കാമ്പയിൻ ലക്ഷ്യത്തിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വായ്പകൾ നൽകുന്നതിനൊപ്പം കുടിശ്ശിക കുറക്കാനും ജീവനക്കാരോട് ഇടപെടാനാണ് നിർദേശിച്ചിട്ടുള്ളത്.
ബാങ്കിന്റെ സ്വന്തം ആപ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് പുറമേ, മറ്റ് യു.പി.ഐ ആപ്പുകൾ കേരള ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യിക്കുകയും വേണം. ജീവനക്കാരൻ ആഴ്ചയിൽ 50 അക്കൗണ്ടുകളെങ്കിലും ഇത്തരത്തിൽ ബന്ധിപ്പിക്കണമെന്നാണ് നിർദേശം. ഫെബ്രുവരി എട്ടുവരെയാണ് കാമ്പയിൻ. ഈ കാലയളവിൽ വായ്പാമേളകളടക്കം സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.