മുത്തലാഖ് പോലെ ഹലാൽ ബോർഡുകളും നിരോധിക്കണം -ബി.ജെ.പി
text_fieldsഇന്ത്യയിൽ മുത്തലാഖ് നിരോധിച്ചതുപോലെ ഹോട്ടലുകളിലെ ഹലാൽ ബോർഡുകളും നിരോധിക്കണമെന്ന് ബി.ജെ.പി. മുത്തലാഖ് പോലെ നിരോധിക്കപ്പെടേണ്ട മതത്തിന്‍റെ പേരിലുള്ള ദുരാചാരമാണ് ഹലാല്‍ ബോര്‍ഡുകളെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. ബി.ജെ.പിയുടെ ഹലാല്‍ ഹോട്ടലുകള്‍ക്കെതിരായ പ്രചാരണത്തില്‍ പാര്‍ട്ടി നിലപാടിനെ തള്ളി രംഗത്തുവന്ന ബി.ജെ.പി വക്താവ് സന്ദീപ് വാര്യരുടെ നിലപാട് സുധീർ തള്ളിക്കളഞ്ഞു. പാര്‍ട്ടി നിലപാടിനെതിരെ ആരെങ്കിലും പ്രതികരിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് സുധീർ വ്യക്തമാക്കി. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.
ഹലാല്‍ ഒരു മതപരമായ ആചാരമാണെന്ന് ബി.ജെ.പി വിശ്വസിക്കുന്നില്ലെന്നും ഇസ്‍ലാമിക പണ്ഡിതന്‍മാര്‍ പോലും ഇതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ലെന്നും സുധീർ പറഞ്ഞു. ഇതിന് മതത്തിന്‍റെ മുഖാവരണം നല്‍കി കൊണ്ട് കേരളത്തിന്‍റെ പൊതുസമൂഹത്തില്‍ വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ ശ്രമിക്കുകയാണ്. ആ തീവ്രവാദ സംഘടനകള്‍ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്ന അപകടകരമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഹലാല്‍ ബോര്‍ഡുകള്‍ ഉയര്‍ന്നത് പൊടുന്നനെയാണ്.
ഇതിന് മതത്തെ കൂട്ടുപിടിക്കുകയാണ്. ഇത് മതത്തിന്‍റെ പേരിലാണ് ചെയ്യുന്നതെങ്കില്‍ ബന്ധപ്പെട്ട പണ്ഡിതന്‍മാര്‍ അത് തിരുത്തുവാന്‍ തയ്യാറാകണം. ഇത് ഹലാലിന്‍റെ പേരിലുള്ള വര്‍ഗീയ അജണ്ടയാണ്. ഇത് നിരോധിക്കപ്പെടണമെന്നാണ് ബി.ജെ.പിക്ക് പറയാനുള്ളത്. പൊതുവിടങ്ങളിലെ ഹലാല്‍ ബോര്‍ഡുകള്‍ ഒഴിവാക്കി കൊണ്ട് ഹലാലിന്‍റെ പേരിലുള്ള ദുരാചാരങ്ങള്‍ അവസാനിപ്പിക്കണം. മുത്തലാഖ് പോലെ നിരോധിക്കപ്പെടേണ്ട മതത്തിന്‍റെ പേരിലുള്ള ദുരാചാരമാണ് ഹലാല്‍ ബോര്‍ഡുകള്‍. ഇതിവിടെ ഒരു മതവും പറയുന്നതല്ല. ഇതിവിടുത്തെ കുറേ തീവ്രവാദികളുടെ അജണ്ടയാണ് - പി സുധീർ മാധ്യമങ്ങളോട് പറഞ്ഞു. ഹലാൽ ഭക്ഷണത്തിനും മുസ്ലിം സ്ഥാപനങ്ങൾക്കും എതിരെ ബി.ജെ.പി, സംഘ് പരിവാർ, ഹിന്ദുത്വ ഗ്രൂപ്പുകൾ അതീവ വിഷി ലിപ്തമായ പരാമർശങ്ങളും വെറുപ്പുമാണ് അടുത്തിടെയായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതിനെതിരെ അധികൃതരുടെ നടപടിയില്ലെന്ന് വ്യാപക പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.