അവിടെ മോദിയുടെ യോഗം; ഇവിടെ ഞങ്ങളുടെ പഞ്ചായത്ത് യോഗം
text_fieldsപത്തനംതിട്ട: ദക്ഷിണ കേരളത്തിലെ എൻ.ഡി.എ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഗംഭീരമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതൊന്നും കുളനടയിലെ നേതാക്കൾക്ക് ബാധകമായില്ല. മോദി പത്തനംതിട്ടയിൽ പ്രസംഗിക്കുന്ന ദിവസം തന്നെ അവർ കുളനടയിൽ പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്നു. പത്തനംതിട്ടയിൽ ബി.ജെ.പിയിലെ ഭിന്നത അതീവ രൂക്ഷമാണെന്ന് വ്യക്തമാക്കിയായിരുന്നു യോഗം. മാർച്ച് 15നാണ് മോദി പത്തനംതിട്ടയിൽ എത്തിയത്. ജില്ല സ്റ്റേഡിയത്തിലെ മോദിയുടെ പരിപാടി ഒഴിവാക്കിയാണ് കുളനടയിൽ പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്നത്.
തെക്കൻ കേരളത്തിലെ എൻ.ഡി.എ സ്ഥാനാർഥികളായ അനിൽ കെ. ആന്റണി (പത്തനംതിട്ട), ബൈജു കലാശാല (മാവേലിക്കര), തുഷാർ വെള്ളാപ്പള്ളി (കോട്ടയം), കേന്ദസഹമന്ത്രി വി. മുരളീധരൻ (ആറ്റിങ്ങൽ), ശോഭ സുരേന്ദ്രൻ (ആലപ്പുഴ) എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മോദി എത്തിയത്. മോദി പത്തനംതിട്ട സ്റ്റേഡിയത്തിൽ പ്രസംഗിക്കുന്ന സമയത്ത് തന്നെയായിരുന്നു ഭരണസമിതി യോഗവും.
പഞ്ചായത്ത് ഭരണസമിതി യോഗം കൂടുന്നതിന് മൂന്ന് ദിവസം മുമ്പ് നോട്ടിസ് നൽകണമെന്നാണ് ചട്ടം. 15ലെ യോഗത്തിന്റെ നോട്ടിസ് 14ന് വൈകിട്ട് 3.45നാണ് പുറത്തിറക്കിയത്. ഈ നോട്ടിസ് 3.51ന് പഞ്ചായത്തിന്റെ ഔദ്യോഗിക വാട്സ് ആപ് ഗ്രൂപ്പിൽ പോസ്റ്റു ചെയ്തു. അംഗങ്ങളെ ഫോണിൽ വിളിച്ചാണ് യോഗവിവരം അറിയിച്ചത്. ഇതിനെ ചില അംഗങ്ങൾ എതിർക്കുകയും ബി.ജെ.പി ജില്ല ഇടപെട്ട് കമ്മിറ്റി നടത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ 15ന് ഉച്ചക്ക് 2ന് പഞ്ചായത്ത് വൈസ് പ്രസിഡന്റും ബി.ജെ.പി മുൻ മണ്ഡലം പ്രസിഡന്റുമായ പി.ആർ മോഹൻ ദാസിന്റെ അധ്യക്ഷതയിൽ യോഗം ചേരുകയായിരുന്നു. 16 അംഗ ഭരണ സമിതിയിൽ എട്ട് അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. ഇതിൽ ഭരണപക്ഷത്തെ നാലും പ്രതിപക്ഷത്തെ എട്ട് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് ചിത്തിരാ സി.ചന്ദ്രന്റെ പേരിലാണ് നോട്ടിസ് നൽകിയതെങ്കിലും ഇവർ യോഗത്തിൽ പങ്കെടുത്തില്ല. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് വി.ആർ വിനോദ്, ബി.ജെ.പി കുളനട പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.വി.ബി സുജിത്ത്, ഞെട്ടൂർ വാർഡിൽ നിന്ന് വിജയിച്ച പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ജി.ഗീതാകുമാരി എന്നിവരാണ് കമ്മിറ്റിയിൽ പങ്കെടുത്ത മറ്റ് ബി.ജെ.പി അംഗങ്ങൾ.
എന്നൊക്കെ പാർട്ടി പരിപാടികളുണ്ടോ; അന്നൊക്കെ പഞ്ചായത്ത് യോഗവും
പത്തനംതിട്ട ജില്ലയിൽ ബി.ജെ.പിയുടെ പരിപാടികൾ നടക്കുന്ന സമയത്തൊക്കെ ബി.ജെ.പി ഭരിക്കുന്ന കുളനട പഞ്ചായത്തിൽ ഭരണസമിതി യോഗവും ചേരുന്ന പതിവുമുണ്ട്. ബി.ജെ.പി ജില്ല പ്രസിഡന്റ് വി.എ സൂരജ് മുമ്പ് പദയാത്ര നടത്തിയപ്പോഴും മോദി എറണാകുളത്ത് എത്തിയ ദിവസവും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ യാത്ര ജില്ലയിലെത്തിയ ദിവസവും കുളനടയിലെ ഭരണസമിതി പഞ്ചായത്തിൽ കമ്മിറ്റി വിളിച്ചതും വിവാദമായിരുന്നു. തുടർച്ചയായി പാർട്ടി പരിപാടികൾ നടക്കുന്ന ദിവസംതന്നെ പഞ്ചായത്തിൽ പാർട്ടിയുടെ ചുമതലപ്പെട്ട അംഗങ്ങൾ അടിയന്തര യോഗങ്ങൾ വിളിക്കുന്നത് പാർട്ടി നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.
അനിൽ ആന്റണിയെ അംഗീകരിക്കാനാകാതെ...
പത്തനംതിട്ട മണ്ഡലത്തിൽ അനിൽ കെ. ആന്റണിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയ പ്രശ്നങ്ങൾ കെട്ടടങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കുളനടയിലെ പ്രശ്നങ്ങൾ. പാർട്ടിയിൽ ഒരു വിഭാഗത്തിന് ഇപ്പോഴും അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വം അംഗീകരിക്കാനായിട്ടില്ല.
പി.സി. ജോർജിന്റെ സ്ഥാനാർഥിത്വം പ്രതീക്ഷിച്ച സ്ഥാനത്ത് അനിലിനെ കെട്ടിയിറക്കിയത് അംഗീകരിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിയുടെ ചുമതലപ്പെട്ട അംഗങ്ങൾതന്നെ പാർട്ടി പരിപാടിയിൽ നിന്ന് വിട്ടുനിന്നത് ബി.ജെ.പിയിലെ വിഭാഗീയത രൂക്ഷമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ പൊട്ടിത്തെറികളുണ്ടാകുമെന്നും പറയപ്പെടുന്നു.
അനിലിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ദേശീയ - സംസ്ഥാന നേതൃത്വങ്ങളെ ശക്തമായ ഭാഷയിൽ വിമർശിച്ച കർഷകമോർച്ച ജില്ല പ്രസിഡന്റ് ശ്യാംതട്ടയിലിലെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പുറത്താക്കിയിരുന്നു. നേതൃത്വത്തിനെതിരെ ചിറ്റാർ മേഖലയിലെ പ്രാദേശിക നേതാവും പരസ്യമായി രംഗത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.