അത് പച്ചയായ കള്ളക്കേസ്, ജാമ്യം ലഭിക്കുമെന്ന് ആദ്യമേ പ്രതീക്ഷിച്ചു -കെ. സുരേന്ദ്രൻ
text_fieldsകാസർകോട്: മഞ്ചേശ്വരം കേസ് രാഷ്ട്രീയ വിരോധം തീർക്കാൻ സിപിഎമ്മുകാർ ചമച്ച പച്ചയായ കള്ളക്കേസാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോടതിയിൽ ജാമ്യം ലഭിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ എടുത്തിരിക്കുന്ന കേസുകൾ കൊണ്ട് ഞങ്ങളെ തീർക്കാനാകുമെന്ന് ആരും വിചാരിക്കേണ്ട. മഞ്ചേശ്വരം, ബത്തേരി, കൊടകര കേസുകളെല്ലാം കള്ളക്കേസുകളാണെന്ന് കോടതിയിൽ തെളിയിക്കും.
ക്രൈംബ്രാഞ്ച് രണ്ട് വർഷം അന്വേഷണം നടത്തി കോടതിയിൽ സമർപ്പിച്ച കേസാണിത്. പ്രോസിക്യൂഷൻ വാദങ്ങളൊന്നും തന്നെ കോടതിയിൽ നിലനിൽക്കില്ല. ചോദ്യം ചെയ്യലിന്റെ ഘട്ടത്തിൽ പോലും അറസ്റ്റ് ചെയ്യാത്തത് അതുകൊണ്ടാണ്. ഞങ്ങൾ അന്വേഷണത്തോട് തുടക്കം മുതലേ സഹകരിച്ച് വരുകയാണ്. വിടുതൽ ഹർജിയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ചാർജ് ഷീറ്റ് തന്നെ റദ്ദ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. അത് അടുത്ത മാസം 15 ന് കോടതി പരിഗണിക്കുകയാണ്. ഇത് കള്ളക്കേസാണെന്ന് കോടതിയിൽ തെളിയിക്കാനാകുമെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. കേസിൽ ജാമ്യം ലഭിക്കുമെന്ന് ആദ്യമേ പ്രതീക്ഷിച്ചതാണ്. ജാമ്യം ലഭിക്കില്ലെന്ന് ആരെങ്കിലും വിചാരിച്ചുവെങ്കിൽ അവർ നിരാശരായി എന്ന് മാത്രം. പട്ടികജാതി പീഡന നിയമമൊക്കെ ചുമത്തിയ കേസ് ഒരു കോടതിയിലും നിലനിൽക്കില്ലെന്ന് വ്യക്തമായിരുന്നു.
നാല് ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ പഴകിയ മരുന്നുകൾ വിതരണം ചെയ്ത് അതിൽ കൊള്ള നടത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് സുരേന്ദ്രൻ പറഞ്ഞു. ആരോഗ്യമേഖലയിൽ വലിയ കൊള്ളയാണ് നടക്കുന്നത്. കാലാവധി കഴിഞ്ഞ ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണ്. എല്ലാ മേഖലയിലും നടക്കുന്ന അഴിമതിക്കെതിരെ ഒക്ടോബർ 30 ന് എൻഡിഎ സെക്രട്ടറിയേറ്റ് ഉപരോധം നടത്തുകയാണ്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഉപരോധം ഉദ്ഘാടനം ചെയ്യുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.