മലയാളി മന്ത്രവാദ ചികിത്സകൻ കോലാറിൽ കുത്തേറ്റു മരിച്ചനിലയിൽ
text_fieldsബംഗളൂരു: കോഴിക്കോട് സ്വദേശിയായ മലയാളി മന്ത്രവാദ ചികിത്സകനെ കർണാടക ജില്ലയിലെ കോലാറിൽ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തി. പറമ്പിൽകടവ് എഴുത്തച്ഛൻകണ്ടി വീട്ടിൽ ഇ.കെ. യൂസുഫ് മുസ്ലിയാരാണ് (65) മരിച്ചത്. കോലാർ ടൗണിനു സമീപം ഗൽപേട്ടിലെ വാടകവീട്ടിൽ വർഷങ്ങളായി ചികിത്സ നടത്തിവരുകയായിരുന്നു. ശരീരത്തിൽ ആഴത്തിൽ കുത്തേറ്റതിെൻറയും അടിയേറ്റതിെൻറയും പാടുകളുണ്ട്.
വീട്ടിൽനിന്ന് പണവും വാച്ചും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിൽ ഗൽപേട്ട് പൊലീസ് കേസെടുത്തു. രണ്ടു ദിവസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഇദ്ദേഹത്തിന് ഭക്ഷണം നൽകുന്ന സമീപത്തെ വീട്ടുകാർ അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്. ഉടൻതന്നെ പൊലീസിൽ വിവരമറിയിച്ചു. മൃതദേഹം പൊലീസെത്തി കോലാറിലെ ശ്രീ ദേവരാജ് അർസ് മെഡിക്കൽ കോളജിലേക്ക് മാറ്റി.
മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചക്ക് 12ഓടെ മൃതദേഹം കോലാറിലെ മലബാർ മുസ്ലിം അസോസിയേഷൻ (എം.എം.എ) പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.
ഭാര്യ: റസിയ. മക്കൾ: ഹാദിയ, മഹ്ദി അമീൻ സഖാഫി, അർഷിയ. സഹോദരങ്ങൾ: മാഹിൻ സഖാഫി, കോയ മോൻ, സയിദ് മുഹമ്മദ്, അബ്ദുല്ല, ആസിയ, അലീമ. മരുമകൻ: അബ്ദുൽ അസീസ് ലത്തീഫി. ഖബറടക്കം പറമ്പിൽപള്ളി ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.