കേരളം 4866 കോടി കൂടി കടമെടുക്കുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനം 4866 കോടി കൂടി കടമെടുക്കുന്നു. ഇതിനായുള്ള ലേലം 26ന് നടക്കും. ഊർജ മേഖലയിലെ പരിഷ്കരണത്തിന്റെ ഭാഗമായാണ് കേന്ദ്രം 4866 കോടിയുടെ വായ്പക്ക് അനുമതി നൽകിയത്.
ഇതടക്കം 13,609 കോടി വായ്പയെടുക്കാൻ കോടതിയിൽ സമ്മതിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുമ്പാണ് 4866 കോടിക്ക് രേഖാമൂലം അനുമതി നൽകിയത്.
വികസനാവശ്യങ്ങൾക്കും സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾക്കുമാണ് തുക വിനിയോഗിക്കുക. വൈദ്യുതി മേഖലയിലെ നഷ്ടം പരിഹരിക്കാൻ സ്വീകരിച്ച നടപടികളുടെ പേരില്‍ 4866 കോടി കേരളത്തിന് കടമെടുക്കാം. എന്നാല്‍, കേന്ദ്രത്തിന്റെ അന്തിമാനുമതി വൈകിയത് ധനവകുപ്പിനെ ആശങ്കയിലാക്കിയിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര ധനമന്ത്രാലയവുമായി ചര്‍ച്ചയും നടത്തി.
13,609 കോടിയിൽ 8742 കോടിക്ക് നേരത്തേ വായ്പാനുമതി നൽകിയിരുന്നു. ഇതിൽനിന്നാണ് ക്ഷേമ പെൻഷനടക്കം തുക കണ്ടെത്തിയത്.
13,609 കോടി ലഭിക്കേണ്ടതാണെങ്കിലും സുപ്രീംകോടതിയെ സമീപിച്ചതിന്റെ പേരിൽ ഇത് തടഞ്ഞിരുന്നു. കേസ് പിൻവലിച്ചാൽ തുക അനുവദിക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഇക്കാര്യം കോടതിയിൽ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കേന്ദ്രം നിലപാട് മയപ്പെടുത്തിയത്.
ഊർജ മേഖലയിലെ 4866 കോടിക്ക് പുറമേ, ട്രഷറി അക്കൗണ്ടുകളിലെ നിക്ഷേപം തെറ്റായി കണക്കാക്കിയതുമൂലം കടമെടുപ്പിൽ കേന്ദ്രം വെട്ടിക്കുറച്ചിരുന്ന 4323 കോടി, കഴിഞ്ഞ വർഷത്തെ വായ്പാനുമതിയിൽ ബാക്കി 1877കോടി, റീപ്ലെയ്സ്മെൻറ് ലോൺ ഇനത്തിലെ 2543 കോടി എന്നിവയടക്കമാണ് 13,609 കോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.