ബജറ്റ്: നായകന്‍ എം.ടി
text_fieldsതിരുവനന്തപുരം: കഥയും കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും മലയാളത്തിന്‍െറ പ്രിയകഥാകാരനില്‍നിന്ന് കടംകൊണ്ടപ്പോള്‍ തോമസ് ഐസക്കിന്‍െറ ബജറ്റില്‍ കേന്ദ്രകഥാപാത്രമായത് എം.ടി. വാസുദേവന്‍ നായര്‍. കഴിഞ്ഞ ബജറ്റില്‍ ശ്രീനാരായണഗുരു സ്വപ്നം കണ്ട കേരളത്തിനുള്ള ബജറ്റായിരുന്നു ഐസക്കിന്‍േറതെങ്കില്‍ ഇത്തവണ എം.ടിയുടെ കഥാലോകത്തിലൂടെയാണ് ബജറ്റ് കടന്നുപോകുന്നത്. വികസനവും ക്ഷേമവും കേന്ദ്ര അവഗണനയുമെല്ലാം എം.ടിയുടെ കഥാപാത്രങ്ങളിലൂടെയും സന്ദര്‍ഭങ്ങളിലൂടെയും ബജറ്റില്‍ പുനരുജ്ജീവിച്ചു. നോട്ട് നിരോധനത്തെക്കുറിച്ചുള്ള എം.ടിയുടെ വിമര്‍ശനവും അതിനെതിരെ സംഘ്പരിവാര്‍ ശക്തികള്‍ രംഗത്തുവരുകയും ചെയ്ത സമീപകാല സന്ദര്‍ഭത്തിലാണ് അതിനെതിരായ പ്രതിരോധമൊരുക്കാന്‍കൂടി ബജറ്റിനെ ഉപയോഗിച്ചത്.
‘നോട്ട് ബന്ദി’യെ തുഗ്ളക്കിന്‍െറ പരിഷ്കാരത്തോട് ഉപമിച്ച എം.ടിയുടെ പരാമര്‍ശത്തോടെയാണ് ബജറ്റിന്‍െറ ആരംഭംതന്നെ. എം.ടിക്ക് എന്തറിയാം എന്ന് പരിഹസിച്ച രാഷ്ട്രീയ നേതാക്കളും അതിന് എം.ടി നല്‍കുന്ന മറുപടിയും ആമുഖത്തില്‍തന്നെ ഇടംപിടിച്ചു. എം.ടിയുടെ കൃതികളിലെ മലയാളി ജീവിതത്തിലൂടെ ബജറ്റ് പ്രസംഗം കോര്‍ത്തുവെക്കുന്നെന്നും ഐസക് പറഞ്ഞു.
‘വളരും, വളര്‍ന്നു വലുതായി ആരെയും ഭയപ്പെടാതെ ഞാന്‍ ജീവിക്കും. കോന്തുണ്ണി നായരുടെ മകന്‍ അപ്പുണ്ണിയാണിത്’. ‘നാലുകെട്ടി’ല്‍ അപ്പുണ്ണിയുടെ പ്രഖ്യാപനത്തെ ഫ്യൂഡല്‍ പാരമ്പര്യത്തോടുള്ള വെല്ലുവിളിയായി എടുത്ത് ഉദ്ധരിക്കുന്നു.
ജലസംരക്ഷണവും ഹരിതകേരളവും വിശദമാക്കാന്‍ ‘മഞ്ഞി’ലെ നൈനിതാള്‍ തടാകം കുളിര്‍കോരിയിടുന്ന കഥാസന്ദര്‍ഭത്തെയാണ് കൂട്ടുപിടിക്കുന്നത്. ഗവ. ആശുപത്രികളുടെ പരിതാപാവസ്ഥ വിശദമാക്കാന്‍ ‘ഭീരു’ എന്ന കഥയില്‍ ‘മുറിയുടെ മുന്നിലെ വരാന്തയില്‍ കാറ്റുകൊണ്ടിരിക്കാന്‍ സോഫാസെറ്റികളും മുറ്റത്ത് പനിനീര്‍പ്പൂക്കളുമുള്ള ഏതോ നഴ്സിങ് ഹോമിനെക്കുറിച്ച് ഭാര്യ കേട്ടിട്ടുണ്ട്, അതുകൊണ്ടാണ് അവള്‍ ആശുപത്രികളെ വെറുത്തത്’ എന്ന് കഥാപാത്രം പറയുന്നതാണ് കടംകൊണ്ടത്. കേന്ദ്രസര്‍ക്കാര്‍ റേഷന്‍ വിഹിതം വെട്ടിക്കുറച്ച നയത്തെ ‘നാലുകെട്ടി’ലെ വലിയമ്മാമയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് വിമര്‍ശിക്കുന്നത്. ‘ഒരു മണി നെല്ലും ഞാന്‍ തരില്ല. നിങ്ങളു പഠിക്ക്വോന്ന് ഞാന്‍ നോക്കട്ടെ.... ’
കെ.എസ്.എഫ്.ഇയുടെ എന്‍.ആര്‍.ഐ ചിട്ടിയിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന കഥാസന്ദര്‍ഭം ‘നാലുകെട്ടി’ലെ ആമിനുമ്മയുടെ കുറിയാണ്. വനിതക്ഷേമവും സുരക്ഷയും ഉറപ്പിക്കുന്ന പദ്ധതികള്‍ പറഞ്ഞത് ‘രണ്ടാമൂഴ’ത്തില്‍ ‘കുരുവംശത്തിലെ പുരുഷന്മാര്‍ മുഴുവന്‍ സ്ത്രീകളുടെയും കണ്ണീരുകണ്ട് രസിച്ചവരാണ്, എനിക്കറിയാം’ എന്ന ഗാന്ധാരിയുടെ വാക്കുകള്‍ കൊണ്ടും.
വരള്‍ച്ചയും പരിസ്ഥിതി സംരക്ഷണവും പറയുന്നത് നാലുകെട്ടിലെ മഴയുടെ വിവരണം ‘വൈശാലി’യില്‍ വരള്‍ച്ചയായി മാറുന്നത് ചൂണ്ടിക്കാട്ടിയാണ്.
ബജറ്റിന്‍െറ അവസാന രണ്ട് ഖണ്ഡികയിലും നോട്ട് നിരോധനത്തെക്കുറിച്ച് എം.ടി നടത്തിയ വിമര്‍ശനങ്ങളും ഓര്‍മപ്പെടുത്തലുകളുമായാണ് തോമസ് ഐസക് പ്രസംഗം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.