ഇന്ധന സെസിൽ സമ്മർദം ശക്തം
text_fieldsതിരുവനന്തപുരം: ഇന്ധന സെസിനുള്ള ബജറ്റ് നിർദേശത്തിൽ സർക്കാർ കടുത്ത സമ്മർദത്തിൽ. ശക്തമായ ജനരോഷം അവഗണിക്കരുതെന്ന അഭിപ്രായം സി.പി.എമ്മിലും ഇടതുമുന്നണിയിലും ബലപ്പെട്ടു. പുനരാലോചന വേണമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം സർക്കാറിനെ ഉപദേശിച്ചിട്ടുണ്ട്. ഭരണമുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐ നേതൃത്വത്തിനും സമാന അഭിപ്രായമാണ്.
എൽ.ഡി.എഫിലെ മറ്റ് പാർട്ടികളും ഇതേവികാരം കൺവീനറെ അറിയിച്ചതായാണ് വിവരം. ഇതോടെ ബജറ്റ് ചർച്ചക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബുധനാഴ്ച നിയമസഭയിൽ മറുപടി പറയുമ്പോൾ ഇന്ധന സെസിൽ കുറവ് പ്രഖ്യാപിക്കുമെന്ന് ഏറക്കുറെ ഉറപ്പായി. രണ്ട് രൂപ സെസ് ഒരു രൂപയാക്കി കുറയ്ക്കാനാണ് സാധ്യത.
ബജറ്റ് ചർച്ച തിങ്കളാഴ്ച ആരംഭിക്കുമ്പോൾ സഭക്കകത്തും പുറത്തും പ്രത്യക്ഷസമരത്തിനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. ഇന്ധന സെസ് പിൻവലിക്കണമെന്ന് സി.പി.ഐയുടെ മുൻമന്ത്രിയും എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറിയുമായ കെ.പി. രാജേന്ദ്രൻ പരസ്യമായി ആവശ്യപ്പെട്ടു. ബജറ്റ് ചർച്ചക്ക് ധനമന്ത്രി നൽകുന്ന മറുപടി വരെ കാത്തിരിക്കൂ എന്നാണ് സി.പി.ഐ ദേശീയ നിർവാഹകസമിതി അംഗം പ്രകാശ്ബാബു പ്രതികരിച്ചത്.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ചെന്നുകണ്ട് ചർച്ച നടത്തിയ ഇടത് മുന്നണി കൺവീനർ ഇ.പി. ജയരാജൻ സെസ് ഭാഗികമായി പിൻവലിക്കുമെന്ന് അറിയിച്ചതായാണ് വിവരം. ബജറ്റ് തയാറാക്കിയപ്പോൾ അവസാനനിമിഷമെടുത്ത ഇന്ധന സെസ് തീരുമാനം പാളിപ്പോയെന്നാണ് സി.പി.എമ്മും വിലയിരുത്തുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിയാണ് തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ധനമന്ത്രിയുടെ വിശദീകണം.
നികുതി വർധനയിലൂടെ ലക്ഷ്യമിട്ട 4000 കോടിയുടെ അധികവരുമാനത്തിൽ 750 കോടിയും ഇന്ധന സെസ് ആണ്. പകുതിയാക്കിയാൽ ഇത് 375 കോടിയായി കുറയും. ഇന്ധന സെസ് പിൻവലിച്ചാൽ സാമ്പത്തികപ്രതിസന്ധിയിൽ പിടിച്ചുനിൽക്കാനുള്ള നടപടികളെ സാരമായി ബാധിക്കുമെന്ന് ധനമന്ത്രി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എങ്കിലും രാഷ്ട്രീയ പ്രത്യാഘാതം വലുതായതിനാൽ ഭാഗിക പിന്മാറ്റം അനിവാര്യമെന്നാണ് നേതൃതല ധാരണ.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന സംസ്ഥാനതല ജാഥ ഫെബ്രുവരി 20ന് കാസർകോട് നിന്നാരംഭിക്കുകയാണ്. ഇന്ധന സെസിനെതിരായ ജനരോഷം തണുപ്പിക്കാനായില്ലെങ്കിൽ സംസ്ഥാന സെക്രട്ടറിയുടെ ജാഥയിൽ പാർട്ടി പ്രതിരോധത്തിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.