നികുതി കുടിശ്ശിക 14,000 കോടി; പിരിച്ചെടുക്കാൻ ആംനസ്റ്റി പദ്ധതി
text_fieldsതിരുവനന്തപുരം: വിവിധ നികുതി ഇനങ്ങളിലായുള്ള 14,000 കോടി കുടിശ്ശിക പിരിക്കാൻ ഇളവുകളും സ്ലാബുകളും പ്രഖ്യാപിച്ച് ബജറ്റ്. ആംനസ്റ്റി 2024 എന്ന പേരിലാണ് നികുതി തുകയുടെ അടിസ്ഥാനത്തിൽ നാലു സ്ലാബായി തിരിച്ചുള്ള കുടിശ്ശിക പിരിച്ചെടുക്കൽ. ചില നികുതികൾ ജി.എസ്.ടിക്ക് മുമ്പുള്ളതാണ്. പലതും വർഷങ്ങൾ പഴക്കമുള്ളതും ചെറിയ തുകകളുമാണ്. നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കേരള മൂല്യവർധിത നികുതി നിയമം, കേരള പൊതുവിൽപന നികുതി നിയമം, ആഡംബര നികുതി നിയമം, നികുതി സർചാർജ് നിയമം എന്നീ ഇനങ്ങളിലെ കുടിശ്ശിക പിരിക്കാനുള്ള ആംനസ്റ്റി പദ്ധതി. ഡിസംബർ 31 ആണ് ഇതിനുള്ള അവസാന തീയതി.
സ്ലാബ് ഒന്ന്
50,000 രൂപവരെയുള്ള കുടിശ്ശിക പിഴയും പലിശയുമടക്കം പൂർണമായും ഒഴിവാക്കും. ആകെ കുടിശ്ശികയുടെ ഒരു ശതമാനമാണ് ഈ വിഭാഗത്തിലുള്ളവർ.
സ്ലാബ് രണ്ട്
50,000 രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള കുടിശ്ശികക്ക് 30 ശതമാനം അടച്ചാൽ മതി.
സ്ലാബ് മൂന്ന്:
പത്ത് ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള കുടിശ്ശികകൾക്ക് രണ്ട് തരത്തിലാണ് ആംനസ്റ്റി പദ്ധതി.
1. ഈ സ്ലാബിൽ നിയമ വ്യവഹാരത്തിൽ അപ്പീലുള്ള കുടിശ്ശികക്ക് നികുതി തുകയുടെ 40 ശതമാനം ഒടുക്കിയാൽ മതി.
2. നിയമ വ്യവഹാരത്തിൽ അപ്പീൽ ഇല്ലാത്ത കുടിശ്ശിക തീർപ്പാക്കുന്നതിന് നികുതി തുകയുടെ 50 ശതമാനം അടച്ചാൽ മതി.
സ്ലാബ് നാല്:
ഒരു കോടി രൂപയിൽ അധികമുള്ള കുടിശ്ശികകൾക്ക് രണ്ട് തരത്തിലാണ് ആംനസ്റ്റി പദ്ധതി.
1. അപ്പീലുള്ള കുടിശ്ശികക്ക് നികുതി തുകയുടെ 70 ശതമാനം.
2. അപ്പീൽ ഇല്ലാത്ത കുടിശ്ശിക തീർപ്പാക്കുന്നതിന് 80 ശതമാനം.
ഇവർക്ക് ബാധകമാവില്ല:
ബാർ ഹോട്ടലുകൾ, ഡിസ്റ്റിലറികൾ ഉൾപ്പെടെ പൊതുവിൽപന നികുതി നിയമത്തിലെ ടേണോവർ ടാക്സ്, കോമ്പൗണ്ടിങ് നികുതി എന്നിവയുടെ കുടിശ്ശികക്കാർക്ക് പദ്ധതി ബാധകമാവില്ല.
ബാധകമാവുന്നവ
ജി.എസ്.ടി നിയമം വരുന്നതിന് മുമ്പ് നടന്ന കച്ചവടത്തെ ആസ്പദമാക്കിയുള്ള നികുതി കുടിശ്ശികകൾക്ക് പദ്ധതി ബാധകമായിരിക്കും.
പുതിയ ജലവൈദ്യുതി പദ്ധതികൾക്ക് സാധ്യതപഠനം
ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നതിന് പുതിയ ജലവൈദ്യുതി പദ്ധതികളുടെ സാധ്യത പഠനങ്ങൾക്കും ഡി.പി.ആർ തയാറാക്കുന്നതിനും ബജറ്റിൽ 15 കോടി രൂപ വകയിരുത്തി. ‘ദ്യുതി’ പദ്ധതിക്കായി 400 കോടിയും ചെറുകിട ജലവൈദ്യുതി പദ്ധതികൾക്കായി 10 കോടി രൂപയും നീക്കിവെച്ചു. വൈദ്യുതി ഉൽപാദന പ്രസരണ വിതരണ മേഖലകളിൽ പ്രളയ പ്രതിരോധ നിർമാണ പ്രവർത്തനങ്ങൾക്കായി 18.18 കോടി ചെലവിടും. കെ.എസ്.ഇ.ബി എല്ലാ ജില്ലകളിലും പുതിയ ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിന് 7.40 കോടി രൂപ വകയിരുത്തി. പുതിയ സാമ്പത്തിക വർഷം ഊർജ മേഖലയിലെ ആകെ വിഹിതം 1150.76 കോടി രൂപയാണ്. സൗരോർജത്തിലൂടെ 1000 മെഗവാട്ട് സ്ഥാപിത ശേഷി കൈവരിക്കലും ലക്ഷ്യമിടുന്നു.
- പഴയ ജല വൈദ്യുതി പദ്ധതികളുടെ ആധുനീകരണം- 20 കോടി
- കോഴിക്കോട് ചക്കിട്ടപ്പാറയിൽ കുറ്റ്യാടി അഡീഷനൽ എക്സ്റ്റൻഷൻ സ്കീം - ഏഴു കോടി
- ഇടുക്കി ഡാമിൽ ലേസർ ലൈറ്റ് ആൻഡ് സൗണ്ട് ഷോ അടക്കം ടൂറിസം പദ്ധതി- അഞ്ചുകോടി
- പഴശ്ശിസാഗർ ജലവൈദ്യുതി പദ്ധതി- 10 കോടി
- മാങ്കുളത്ത് 40 മെഗാവാട്ടിന്റെ പുതിയ ജലവൈദ്യുതി പദ്ധതി- എട്ടു കോടി.
- ഇടമൺ-കൊച്ചി, പുകലൂർ-മാടക്കത്തറ ഹൈടെൻഷൻ ലൈനുകളുടെ നഷ്ടപരിഹാര പാക്കേജ്- 20 കോടി
- അനെർട്ട്-50 കോടി, എനർജി മാനേജ്മെന്റ് സെൻറർ-6.60 കോടി
സഹകരണ മേഖലക്ക് കൈത്താങ്ങ്
സമീപകാലത്തുയർന്ന വിവാദങ്ങളിൽ ആടിയുലഞ്ഞ സഹകരണ മേഖലക്ക് ബജറ്റിൽ കൈത്താങ്ങ്. സഹകരണ മേഖലക്കായി ആകെ 134.42 കോടിയാണ് വകയിരുത്തിയത്.
- കേപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ- 6.05 കോടി
- പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾ- 15 കോടി
- തൊഴിലധിഷ്ഠിത പരിപാടികൾ നടപ്പാക്കുന്ന സഹകരണ സ്ഥാപനങ്ങൾക്ക്- 18 കോടി
- പട്ടികജാതി-വർഗ സഹകരണ സംഘങ്ങൾ- ഏഴു കോടി
- വനിത സഹ. സംഘങ്ങൾ, വനിത ഫെഡ്- 2.50 കോടി
- കോഓപറേറ്റിവ് ഇനിഷ്യേറ്റിവ് ടെക്നോളജി ഡ്രിവൻ അഗ്രികൾച്ചർ പരിപാടി- 30 കോടി
- കേരള സഹകരണ സംരക്ഷണ നിധി പദ്ധതി- 11.15 കോടി
- കാർഷിക സഹകരണ സംഘങ്ങൾ- 7.25 കോടി
- കൺസ്യൂമർ ഫെഡിനുൾപ്പെടെ എൻ.സി.ഡി.സി സഹായം- 28.10 കോടി.
പ്രാദേശിക മ്യൂസിയങ്ങൾ സ്ഥാപിക്കും; എ.കെ.ജി മ്യൂസിയത്തിന് 3.75 കോടി
കല-സാംസ്കാരിക മേഖലയിലെ വികസനത്തിന് 170.49 കോടി ബജറ്റിൽ അനുവദിച്ചു. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ നാടിന്റെ ചരിത്രവും പഴയകാല അനുഭവങ്ങളും പങ്കുവെക്കുന്ന പ്രാദേശിക മ്യൂസിയങ്ങൾ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് വികസിപ്പിക്കും. ചെലവിന്റെ ഒരുഭാഗം സർക്കാർ സഹായമായി നൽകും. ഇതിനായി പ്രാഥമിക ഘട്ടത്തിൽ 10 കോടി വകയിരുത്തി. എ.കെ.ജിയുടെ ജീവിതകാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന മ്യൂസിയത്തിനായി 3.75 കോടി അനുവദിച്ചു.
- എല്ലാ ജില്ലകളിലും പൈതൃക/പുരാവസ്തു മ്യൂസിയങ്ങൾ സ്ഥാപിക്കുന്നതിന്-അഞ്ചു കോടി
- കൊച്ചി നഗരത്തിൽ മ്യൂസിയം കൾചറൽ കോംപ്ലക്സ് നിർമാണത്തിന് -അഞ്ചുകോടി
- തിരുവനന്തപുരം-തൃശൂർ മൃഗശാലകളുടെ നവീകരണത്തിന്- 7.50 കോടി
- ചലച്ചിത്ര വികസന കോർപറേഷന് 18 കോടി
- സാഹിത്യ അക്കാദമിക്ക്- 3.20 കോടി
- സംഗീത നാടക അക്കാദമിക്ക് -7.50 കോടി
- ലളിത കലാ അക്കാദമിക്ക് -5.50 കോടി
- ഫോക് ലോർ അക്കാദമിക്ക് 3.10 കോടി
- ചലച്ചിത്ര അക്കാദമിക്ക്-14 കോടി
- ജവഹർ ബാലഭവനുകൾക്ക്- രണ്ടുകോടി
- തോന്നയ്ക്കൽ കുമാരനാശാൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾചറിന് -70 ലക്ഷം
- കലാമണ്ഡലത്തിന്-19.50 കോടി
- കലാസാഹിത്യ മേഖലയിലെ ഉത്കൃഷ്ട വ്യക്തികളുടെ സ്മാരകങ്ങൾക്കും കലാസാഹിത്യ മേഖലയിലെ പ്രഗല്ഭരായ വ്യക്തികൾക്കും അവശ്യസാഹചര്യങ്ങളിൽ സാമ്പത്തിക സഹായം നൽകാൻ - 4.60 കോടി
- യുവകലാകാരന്മാർക്ക് വജ്രജൂബിലി ഫെലോഷിപ്പുകൾ നൽകാൻ-13 കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.