ശബരിമല വിമാനത്താവളം കോട്ടയം ജില്ലയിലെ ചെറുവള്ളിയിൽ
text_fieldsതിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാർഥം നിര്‍മിക്കുന്ന വിമാനത്താവളം കാഞ്ഞിരപ്പളളി താലൂക്കിലെ ചെറുവള്ളിയിൽ നിർമിക്കാൻ മന്ത്രിസഭാ തീരുമാനം. ഹാരിസണ്‍ പ്ലാന്‍റേഷന്‍റെ ചെറുവളളി എസ്റ്റേറ്റിലാണ് വിമാനത്താവളം നിർമിക്കുകയെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താകുറിപ്പിൽ സർക്കാർ അറിയിച്ചു.
സ്ഥലം കണ്ടെത്തുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍റെ നേതൃത്വത്തില്‍ നാലംഗ ഉദ്യോഗസ്ഥ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചു കൊണ്ടാണ് ചെറുവളളി എസ്റ്റേറ്റില്‍ വിമാനത്താവളം നിർമിക്കാന്‍ തീരുമാനിച്ചത്. ഇവിടെ 2263 ഏക്കര്‍ ഭൂമിയുണ്ട്.
രണ്ട് ദേശീയ പാതകളുടെയും അഞ്ച് പൊതുമരാമത്ത് റോഡുകളുടെയും സമീപത്താണ് സ്ഥലം സ്ഥിതി ചെയ്യുന്നത്. വിമാനത്താവളത്തിൽ നിന്നും ശബരിമലയിലേക്ക് 48 കിലോ മീറ്ററും കൊച്ചിയില്‍ നിന്ന് 113 കിലോ മീറ്ററുമാണ് ദൂരം. ഹാരിസണ്‍ പ്ലാന്‍റേഷന്‍ വിറ്റ ചെറുവളളി എസ്റ്റേറ്റ് നിലവിൽ കെ.പി യോഹന്നാന്‍റെ മേൽനോട്ടത്തിലുള്ള ബിലീവേഴ്സ് ചർച്ചിന്‍റെ ഉടമസ്ഥതയിലാണ്. ആറന്മുള വിമാനത്താവള പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചാണ് സര്‍ക്കാര്‍ പുതിയ പദ്ധതി പരിഗണിച്ചത്.
ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ആരംഭിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭ നേരത്തെ തത്ത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. കൂടാതെ വിമാനത്താവളം സംബന്ധിച്ച പഠനത്തിനായി കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അമേരിക്കയിലെ വിമാനത്താവള കണ്‍സള്‍ട്ടന്‍സി കമ്പനി എയ്കോം നടത്തിയ പഠനത്തില്‍ ചെറുവള്ളി, ളാഹ എസ്റ്റേറ്റുകള്‍ വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് കണ്ടത്തെിയിരുന്നു. സാധ്യത പഠനറിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാറും ചെറുവള്ളി എസ്റ്റേറ്റ് അധികൃതരുമായുള്ള കേസുകള്‍ പരിഹരിക്കാനായാല്‍ വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം ചെറുവള്ളിയാണെന്നാണ് റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടത്. ഇല്ലെങ്കിൽ കുമ്പഴ, കല്ലേലി, കുറ്റിക്കല്‍ എസ്റ്റേറ്റുകളും പരിഗണിക്കാമെന്നായിരുന്നു വിദഗ്ധ നിര്‍ദേശം. നേരത്തേ ചെറുവള്ളിയില്‍ നടത്തിയ പ്രാഥമിക പഠനത്തില്‍ പരിസ്ഥിതി ആഘാതം ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.
പ്രതിവര്‍ഷം മൂന്നു കോടിയിലധികം തീര്‍ഥാടകര്‍ സന്ദര്‍ശിക്കുന്ന ശബരിമലയിലേക്ക് നിലവില്‍ റോഡു മാര്‍ഗം മാത്രമാണുള്ളത്. സീസണ്‍ സമയത്തെ ഗതാഗതക്കുരുക്ക് കുറക്കുന്നതിന് വിമാനത്താവളം സഹായകരമാകുമെന്നാണ് വിലയിരുത്തൽ. നിര്‍മാണത്തിനാവശ്യമായ തുക പ്രവാസി വ്യവസായികളില്‍ നിന്നടക്കം സിയാല്‍ മാതൃകയില്‍ ശേഖരിക്കാനാണ് ആലോചന. ഏകദേശം 3000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിപ്രദേശമാണ് പദ്ധതി വരാൻ പോകുന്ന ചെറുവള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.