മാലിന്യം വലിച്ചെറിഞ്ഞാൽ 50,000 രൂപ വരെ പിഴ; ഒരു വര്‍ഷം വരെ തടവ്, വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം
text_fieldsതിരുവനന്തപുരം: മാലിന്യം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകൾക്ക് കനത്തപിഴയും തടവും വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസുകൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. പൊതുനിരത്തിലോ ജലാശയങ്ങളിലോ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് 1000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയും ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവുമാണ് ഓർഡിനൻസിൽ നിഷ്കർഷിക്കുന്നത്. വീടുകളും സ്ഥാപനങ്ങളും മാലിന്യ ശേഖരണത്തിനുള്ള യൂസര്‍ ഫീ നിര്‍ബന്ധമായും നല്‍കണമെന്നും അടക്കാത്തവര്‍ക്കെതിരേ പിഴയോടു കൂടി യൂസര്‍ ഫീ ഈടാക്കുന്നതിനുള്ള നിര്‍ദേശങ്ങളും മന്ത്രിസഭ അംഗീകരിച്ച കേരള മുനിസിപ്പാലിറ്റി ഭേദഗതി കരട് ഓര്‍ഡിനന്‍സിലും കേരള പഞ്ചായത്തീരാജ് കരട് ഓര്‍ഡിനന്‍സിലും ഉള്‍പ്പെടുത്തി. ഓർഡിനൻസ് കാര്യങ്ങൾ വ്യാഴാഴ്ച തദ്ദേശമന്ത്രി എം.ബി. രാജേഷ് വിശദീകരിക്കും.
കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍, സമ്മേളന കാലയളവ് വെട്ടിക്കുറച്ചതിനാൽ ബില്‍ കൊണ്ടുവരാനായില്ല. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനൻസായി മന്ത്രിസഭയില്‍ കൊണ്ടുവന്നത്. വിസര്‍ജ്യവും ചവറും ഉള്‍പ്പെടെ മാലിന്യം ജലാശയത്തിലോ ജലസ്രോതസ്സിലോ തള്ളുന്നവര്‍ക്കും സെപ്റ്റിക് മാലിന്യം ഒഴുക്കുന്നവര്‍ക്കും 10,000 മുതല്‍ 50,000 രൂപ വരെ പിഴയും ആറുമുതല്‍ ഒരുവര്‍ഷം വരെ തടവും വ്യവസ്ഥ ചെയ്യുന്നു. ജാമ്യം ലഭിക്കാത്ത കുറ്റമാണിത്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മാലിന്യം ശേഖരിക്കുന്നതിന് മാസംതോറും യൂസര്‍ഫീ നല്‍കിയില്ലെങ്കില്‍ മൂന്നുമാസം കഴിയുന്ന മുറക്ക് 50 ശതമാനം പിഴ സഹിതമാകും യൂസര്‍ ഫീ ഈടാക്കുക. ആളൊഴിഞ്ഞ വീടുകളെ യൂസര്‍ഫീയില്‍നിന്ന് ഒഴിവാക്കും.
മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്താലും 5000 രൂപയാണ് പിഴ. മാലിന്യസംസ്കരണ പദ്ധതികള്‍ക്ക് സ്വകാര്യഭൂമി ഏറ്റെടുക്കാന്‍ അധികാരം നല്കുന്ന വ്യവസ്ഥയും ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തി. മൂന്നു പ്രവൃത്തിദിവസം മുമ്പെങ്കിലും തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാതെയും ലൈസന്‍സ് ഇല്ലാതെയും നൂറിലധികം പേര് പങ്കെടുക്കുന്ന പരിപാടിയോ ഒത്തുകൂടലോ പാടില്ല. പരിപാടി സ്ഥലത്ത് മാലിന്യം തരംതിരിച്ച് ഏജന്‍സികള്‍ക്ക് കൈമാറുന്നു എന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം. മാലിന്യം നീക്കാനുള്ള ഫീസ് മുന്‍കൂറായി ഈടാക്കും. ഓരോ പ്രദേശത്തേയും മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരും ജനപ്രതിനിധിയും നിരീക്ഷിക്കും. പൊതുസ്ഥലത്ത് മാലിന്യം കൂടിക്കിടന്നു പരിസ്ഥിതിപ്രശ്നം ഉണ്ടായാല്‍ സെക്രട്ടറിയോ ചുമതലയുള്ള ഉദ്യോഗസ്ഥനോ നടപടി നേരിടേണ്ടിവരും. നിർദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പിഴ ചുമത്തും. മാലിന്യ നിക്ഷേപം സംബന്ധിച്ച് കുറ്റകൃത്യത്തിന്റെ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.