വിഴിഞ്ഞം: ക്രൈസ്തവ മേലധ്യക്ഷരെ കള്ളക്കേസിൽ കുടുക്കി സമരം അടിച്ചമര്‍ത്താമെന്നത് വ്യാമോഹം -കത്തോലിക്ക് ഫെഡറേഷന്‍
text_fieldsകൊച്ചി: അതിജീവനത്തിനായി തിരുവനന്തപുരം അതിരൂപത നയിക്കുന്ന മത്സ്യ മേഖലയിലെ പ്രക്ഷോഭ പരിപാടികള്‍ക്ക് കേരള കത്തോലിക്ക് ഫെഡറേഷന്‍ (കെ.സി.എഫ്) എല്ലാവിധ പിന്‍തുണയും വാഗ്ദാനം ചെയ്തു. തീരശോഷണം മൂലം കടലോര മേഖലയിലെ മത്സ്യതൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യുക്തമായ നടപടികള്‍ സര്‍ക്കാരില്‍ നിന്നും ഉണ്ടാകണം.
ക്രൈസ്തവ മേലദ്ധ്യക്ഷന്മാരെ കള്ള കേസുകളില്‍ കുടുക്കി അതിജീവന സമരങ്ങളെ അടിച്ചമര്‍ത്താമെന്ന വ്യാമോഹം ഉപേക്ഷിക്കണമെന്നും കെ.സി.എഫ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതിജീവന പ്രക്ഷോഭങ്ങളില്‍ എ.കെ.സി.സി, കെ.എൽ.സി.എ, എം.സി.എ എന്നീ സംഘടനകള്‍ നല്‍കിവരുന്ന സഹായ സഹകരണങ്ങളെ യോഗം അഭിനന്ദിച്ചു. ബഫര്‍സോണ്‍ വിഷയത്തില്‍ മലയോര കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികളും വനമേഖലയിലെ കര്‍ഷകര്‍ അനുഭവിക്കുന്ന വന്യജീവി ആക്രമണങ്ങളും ഒഴിവാക്കുന്നതിന് സത്വര നടപടികള്‍ അധികൃതര്‍ കൈക്കൊള്ളണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
പ്രഫ. കെ. എം. ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, വി.പി. മത്തായി, ഷിജി ജോണ്‍സണ്‍, അഡ്വ. വര്‍ഗീസ് കോയിക്കര, ഇ.ഡി. ഫ്രാന്‍സിസ്, ജസ്റ്റിന ഇമ്മാനുവല്‍, ബാബു അമ്പലത്തും കാല, അഡ്വ. വത്സ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.