തമിഴ്നാട്ടിൽ ഡിമാൻഡ്; 4000 കിലോ ഇറച്ചിക്കോഴി കേരളത്തിൽനിന്ന് കടത്തി
text_fieldsതൃശൂർ: കിലോക്ക് 87 രൂപ നിരക്കിൽ കോഴി വിൽക്കണമെന്ന് ധനമന്ത്രിയും കഴിയില്ലെന്ന് കോഴി വ്യാപാരികളും വാദിക്കുന്നതിനിടെ ഞായറാഴ്ച രാത്രി നാലായിരം കിലോ ഇറച്ചിക്കോഴി തമിഴ്നാട്ടിലേക്ക് കടത്തി. മന്ത്രിയുടെ നിർദേശം തള്ളി, തിങ്കളാഴ്ച മുതൽ അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ച വ്യാപാരികൾ തന്നെയാണ് കേരളത്തിൽ നിന്നും കോഴികളെ തമിഴ്നാട്ടിലേക്ക് കടത്തിയത്.
ഞായറാഴ്ച തൃശൂരിൽ ചേർന്ന വ്യാപാരികളുടെ സംസ്ഥാന യോഗത്തിൽ തമിഴ്നാട് കോഴിയെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളത്തിൽ സമീപ ദിവസങ്ങളിൽ കോഴി വിൽപന നടക്കാത്ത സാഹചര്യത്തിൽ കോഴി കൈവശമുള്ളവർ തമിഴ്നാട്ടിലേക്ക് അയക്കാൻ തയാറാവുകയായിരുന്നു. ഇതേത്തുടർന്ന് പെട്ടി ഓട്ടോറിക്ഷയിൽ വരെ കോഴി തമിഴ്നാട്ടിലേക്ക് അയച്ചു. കോഴിവില സംബന്ധിച്ച തർക്കം നിൽക്കുന്നതിനാൽ അതീവ രഹസ്യമായായിരുന്നു നീക്കം. തൃശൂർ, പാലക്കാട്, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ് തമിഴ്നാട്ടിലേക്ക് അയക്കാൻ കോഴി ശേഖരിച്ചത്. കടുത്ത വരൾച്ചമൂലം കേരളത്തിലെ ഭൂരിഭാഗം ഫാമുകളും അടച്ചു പൂട്ടിയിരുന്നു. തമിഴ്നാട്ടിലും ഉൽപാദനം കുറഞ്ഞു. ഉൽപാദനച്ചെലവ് 85 രൂപ വരുന്നുണ്ടെന്നും, കിലോക്ക് 100 രൂപയെങ്കിലും ലഭിക്കാതെ വിൽക്കാനാവില്ലെന്നുമാണ് വ്യാപാരികളുടെ നിലപാട്. ജി.എസ്.ടി വന്നതോടെ 14.5 ശതമാനം വിൽപന നികുതിയില്ലാതാവുന്നതിനെ അടിസ്ഥാനമാക്കിയാണ് 87 രൂപക്ക് കോഴി വിൽക്കണമെന്നുള്ള മന്ത്രിയുടെ നിർദേശം. നേരത്തെ തറവില നിശ്ചയിച്ചിരുന്നത് 100 രൂപയായിരുന്നു.
ഇപ്പോൾ വിപണിയിലുള്ളത് ജൂണിൽ നികുതിയൊടുക്കിയ കോഴിയാണത്രേ. പുതുതായി വളർത്തിയെടുക്കുന്ന കോഴിക്ക് മാത്രമേ വില കുറക്കാനാവൂ. അതിന് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണം. ഞായറാഴ്ച കേരളത്തിൽ നിന്നും കയറ്റി അയച്ച കോഴി 106 രൂപ നിരക്കിലാണ് അവിടെ വ്യാപാരികൾ വാങ്ങിയിരിക്കുന്നത്. 150-160 രൂപക്കാണ് തമിഴ്നാട്ടിൽ ചില്ലറ വിൽപന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.